|    Mar 26 Sun, 2017 7:16 am
FLASH NEWS

ട്രംപിനും മോദിക്കും ഒരേ ഭാഷ: കനയ്യ

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കുന്നത് ഒരേ ഭാഷയെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍.
ട്രംപ് ഇംഗ്ലീഷിലാണ് മുസ്‌ലിംവിരുദ്ധത പറയുന്നതെങ്കില്‍ മോദി ഹിന്ദിയില്‍ പറയുന്നു. ഫാഷിസ്റ്റ് വക്താക്കളായ ആര്‍എസ്എസ് രാജ്യത്ത് മുസ്‌ലിംവിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടാണ് അധികാരം കൈയാളുന്നത്. സാമൂഹിക മാധ്യമങ്ങള്‍ കൈയടക്കുന്നതിലും യുവാക്കളെ പ്രതിനിധീകരിക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും ഇടതുപക്ഷ യുവജന സംഘടനകള്‍ക്ക് പിഴവു സംഭവിച്ചുവോയെന്നു പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും വിദ്യാഭ്യാസം പ്രഥമ അജണ്ടയായി പരിഗണിക്കുന്നില്ല. ആര്‍എസ്എസ്- സംഘപരിവാര സംഘടനകളാവട്ടെ, വിദ്വേഷം പരത്തുന്നതിനും വര്‍ഗീയത പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഇതര മത- ജാതി വിവേചനവും വര്‍ഗീയതയും കുത്തിവയ്ക്കുന്നതിന് അവര്‍ സ്‌കൂളുകള്‍ നടത്തുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കികൊണ്ടാവണം യുവജനപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. അതില്‍ തന്നെ  3 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതെന്നും കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ എഐവൈഎഫ് ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച കപടദേശീയതയ്ക്കും മതതീവ്രവാദത്തിനുമെതിരേ സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കനയ്യകുമാര്‍ പറഞ്ഞു.
സംഘപരിവാര സംഘടനകള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. അവര്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ മുതലെടുപ്പു നടത്തുന്നു. രാജ്യത്തെ പ്രധാന വിഷയം ഗോസംരക്ഷണമാണെന്ന് അവര്‍ വാദിക്കുന്നു. സാമ്രാജ്യത്വശക്തികള്‍ ഇസ്‌ലാമിനെ ശത്രുക്കളായി ചിത്രീകരിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്. ഇതുതന്നെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആ ര്‍എസ്എസും ബിജെപിയും ചെയ്യുന്നത്. ഇതിനെതിരേ സാക്ഷരതയും സമത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജനാധിപത്യത്തിനും സോഷ്യലിസത്തിനും സെക്കുലറിസത്തിനുമായി നാം രംഗത്തിറങ്ങണമെന്നും കനയ്യകുമാര്‍ പറഞ്ഞു. കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച സെമിനാറില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം, ഇ കെ വിജയന്‍ എംഎല്‍എ പങ്കെടുത്തു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക