|    Apr 25 Wed, 2018 8:09 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ടോണി ബ്ലെയറുടെ പെരുംനുണകള്‍

Published : 11th July 2016 | Posted By: SMR

റോബര്‍ട്ട് ഫിസ്‌ക്

മധ്യപൗരസ്ത്യ ദേശത്ത് യുദ്ധംചെയ്യാന്‍ തീരുമാനിച്ചതു വഴി ബുഷും ബ്ലെയറും ചെയ്ത യുദ്ധക്കുറ്റങ്ങളുടെ സൂക്ഷ്മ വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ നൂറംബര്‍ഗ് ട്രൈബ്യൂണല്‍ മാതൃകയില്‍ ഒരു കോടതിയായിരിക്കും നന്നാവുക എന്ന് എനിക്കു തോന്നുന്നു. രണ്ടരലക്ഷം പേരെയാണ് നാം അങ്ങനെ വകവരുത്തിയത്. എല്ലാം നിരപരാധികളായ മുസ്‌ലിംകള്‍. നമ്മുടെ കുറ്റകരമായ സാഹസിക ദൗത്യത്തിന്റെ എണ്ണമറ്റ ഇരകളുടെ ദുരിതങ്ങളില്‍ അത്തരമൊരു കോടതി ശ്രദ്ധ കേന്ദ്രീകരിച്ചേനെ. കൂത്തൂല്‍ അമ്മാറയിലെ ബ്ലെയര്‍ പ്രഭുവിന്റെ ഹീനമായ കുറ്റങ്ങളേക്കാളും അയാളുടെ ‘അഗാധ ദുഃഖ’ത്തേക്കാളും അതായിരുന്നു പ്രധാനം.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് സദ്ദാമിന്റെ വന്‍ നശീകരണായുധങ്ങളെക്കുറിച്ചു ബ്ലെയര്‍ നുണ പറഞ്ഞുവെന്നു തീര്‍ച്ച. പിന്നെ അയാള്‍ യുദ്ധമുണ്ടാക്കുന്ന ഭീമമായ ദുരിതങ്ങളെക്കുറിച്ച് ഫോറിന്‍ ഓഫിസ് നല്‍കിയ മുന്നറിയിപ്പിനെ പറ്റിയും നുണ പറഞ്ഞു. ഇപ്പോഴും ബ്ലെയര്‍ ചില്‍കോട്ട് റിപോര്‍ട്ട് തന്നെ നിരപരാധിയാക്കുന്നുവെന്ന നുണ ആവര്‍ത്തിക്കുന്നു.
ചില്‍കോട്ട് റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം പഠനവിധേയമാക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ കാപട്യങ്ങള്‍ എത്ര ഭീകരമാണെന്നു മനസ്സിലാവും; തങ്ങളെ തിരഞ്ഞെടുത്തവരോട് അവര്‍ കാണിക്കുന്ന വഞ്ചനയുടെ ആഴവും വ്യക്തമാവും.
സിറിയയിലൂടെ സഞ്ചരിക്കുമ്പോഴാണ് ചില്‍കോട്ടിന്റെ ഇതിഹാസത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടത്. റഖയില്‍നിന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകള്‍ വിഷൂചികപോലെ പരക്കുമ്പോള്‍ അത് ഇറാഖി നരകത്തില്‍നിന്നു പൊട്ടിപ്പുറപ്പെട്ടതാണെന്ന് ഞാനോര്‍ത്തു. ബ്ലെയര്‍ അതുസംബന്ധിച്ചു പറഞ്ഞ അസംബന്ധവും മനസ്സില്‍ വന്നു. പ്രധാനമന്ത്രി കാമറണ്‍, ബ്ലെയര്‍ നുണ ആവര്‍ത്തിച്ച് ഐഎസ് പ്രദേശങ്ങളില്‍ ബോംബിടാന്‍ കല്‍പന കൊടുത്തത് സമീപകാലത്താണ്. സിറിയയിലെ 70,000 വരുന്ന’മിതവാദി പ്രക്ഷോഭകര്‍ക്ക് നമ്മുടെ സഹായം വേണമത്രെ! നമ്മുടെ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി നിര്‍മിച്ചെടുത്തതാണ് ഇക്കൂട്ടരെ. മുമ്പ് ബ്ലെയര്‍ ഉപയോഗിച്ചതും അവരെ തന്നെയായിരുന്നു. കൈയടി നേടാനുള്ള ഈ വിഫല ശ്രമങ്ങളെ ചോദ്യംചെയ്തപ്പോള്‍ ബ്രിട്ടിഷ് സൈന്യത്തിന്റെ ഉപമേധാവി ജന: ഗോഡന്‍ മെസഞ്ചര്‍ പറഞ്ഞത് സുരക്ഷാകാരണങ്ങളാല്‍ ഈ വിമതര്‍ ആരൊക്കെ എന്നു പറയാന്‍ പറ്റില്ലെന്നാണ്. സിഐഎ തട്ടിക്കൂട്ടിയെടുത്ത ഈ കൂലിപ്പടയാളികള്‍ക്ക് ആരെയും നേരിടാനുള്ള കെല്‍പ്പില്ലെന്നു നമുക്കറിയാം. അന്വര്‍ഥമായ പേരുള്ള മെസഞ്ചര്‍ക്ക് കാമറണിന്റെ സ്വപ്‌നദൃശ്യങ്ങളില്‍ അഭിരമിച്ചതിന് ഉദ്യോഗക്കയറ്റം കിട്ടി. ടോണി ബ്ലെയറിന് ഇന്റലിജന്‍സ് ചവറ് നല്‍കിയ ജോണ്‍ സ്‌കാര്‍ലറ്റിനു പിന്നീട് പ്രഭുപദവി ലഭിച്ചത് ഓര്‍ക്കുക.
അങ്ങനെ നാം ഐഎസിനെതിരേ നീങ്ങി. അവര്‍ അസദിനെതിരേ പോരാടുന്നതില്‍ നാം ഇടപെട്ടില്ല. സര്‍ ജോണ്‍ ചില്‍കോട്ട് തന്റെ മഹാകാണ്ഡം എഴുതാനെടുത്ത ആറുവര്‍ഷത്തിനുള്ളില്‍ അവസ്ഥയിലും സമീപനത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
അതാണു പ്രശ്‌നം. ചില്‍കോട്ട് റിപോര്‍ട്ട് വന്നപ്പോള്‍ ബ്ലെയര്‍ കാപട്യത്തിനും നുണകള്‍ക്കും ചതിക്കും അവസാനമാെയന്നു പ്രതികരിച്ചു. തെരുവില്‍ ബ്ലെയറുടെ ചതിക്കും നുണകള്‍ക്കുമെതിരായി വിപ്ലവം പൊട്ടിപ്പുറപ്പെടാത്തതിനാല്‍ അയാളുടെ പിന്‍ഗാമികള്‍ക്ക് പൊതുജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കാന്‍ കഴിയുന്നു. അല്ലെങ്കില്‍ തന്നെ ഇറാഖിലെ വന്‍ നശീകരണായുധങ്ങള്‍, ബോംബാക്രമണത്തിനു 45 മിനിറ്റ് മുമ്പു നല്‍കുന്ന മുന്നറിയിപ്പുകള്‍, യൂറോപ്യന്‍ യൂനിയന്‍ വിടുകയാണെന്നതില്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനു കിട്ടുന്ന കോടിക്കണക്കിന് പൗണ്ടിന്റെ ലാഭം തുടങ്ങി ഇപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്ന കഥകള്‍ തന്നെ കല്ലുവച്ച നുണകളല്ലേ!
നുണ എത്ര വലുതാണോ അത്ര നന്ന് എന്ന് നാത്‌സി പ്രചാരണമന്ത്രി ഗബല്‍സ് പറഞ്ഞതിന്റെ പല ഭാഷ്യങ്ങള്‍ നിലവിലുണ്ട്. ഗബല്‍സ് അന്നു പറഞ്ഞ മറ്റു ചില കാര്യങ്ങള്‍ കേട്ട് ഞെട്ടാതിരിക്കാന്‍ സാധ്യമല്ല. 1941ല്‍ ഗബല്‍സ് എഴുതി: ഇംഗ്ലീഷ് നേതാക്കളുടെ വിജയരഹസ്യം ഏതെങ്കിലും ഇന്റലിജന്‍സ് വിവരങ്ങളെ ആശ്രയിക്കുന്നതല്ല. ശുദ്ധ മണ്ടത്തരത്തിലാണ് അത് നിലകൊള്ളുന്നത്. നുണപറയുമ്പോള്‍ വലിയ നുണ പറയണമെന്ന തത്ത്വം അവര്‍ പിന്തുടരുന്നു. പിന്നെ അതിലുറച്ചുനില്‍ക്കുന്നു. മറ്റുള്ളവര്‍ക്ക് അപഹാസ്യമെന്നു തോന്നിയാലും അവരത് തുടരും.
യുദ്ധകാലത്തെ ഇംഗ്ലീഷ് നേതാക്കളെപ്പറ്റിയായിരുന്നില്ല ഗബല്‍സ് ഇതു പറഞ്ഞത് എന്നോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. ചര്‍ച്ചില്‍ യഥാര്‍ഥത്തില്‍ കളവുപറഞ്ഞുവെന്നുമല്ല (നുണകള്‍ എന്ന കാവല്‍ക്കാരുടെ നടുവിലേ സത്യത്തിനു രക്ഷയുള്ളൂ എന്ന് ചര്‍ച്ചില്‍ പറഞ്ഞത് മറക്കേണ്ട).
1939-45 കാലത്ത് ബ്രിട്ടിഷുകാര്‍ സത്യം പറഞ്ഞിരുന്നു. തങ്ങളുടെ പരാജയം മൂടിവയ്ക്കാന്‍ ബ്ലെയറിനെ കൂട്ട് കുറച്ച് അതിശയോക്തി ഉപയോഗിക്കുമ്പോള്‍ പോലും. അതിനാല്‍ ഗബല്‍സിന്റെ നിരീക്ഷണങ്ങള്‍ ഇന്നത്തെ നേതാക്കന്‍മാര്‍ക്കാണു കൂടുതല്‍ ചേരുക.
വലിയ ഷൂസില്‍ കയറി നില്‍ക്കുന്ന, തങ്ങള്‍ ചര്‍ച്ചില്‍ ആണെന്നു കരുതുന്ന ഇപ്പോഴത്തെ നേതാക്കന്‍മാര്‍ ബ്രിട്ടനെ ആവശ്യമില്ലാത്ത യുദ്ധങ്ങളിലേക്കു നയിക്കുമ്പോള്‍ ലോകമഹായുദ്ധകാലത്ത് നാം പറയാത്ത നുണകള്‍ പറയുന്നു. ചില്‍കോട്ട്, ബ്ലെയര്‍ തന്റെ ‘വിശ്വാസങ്ങളെ’ ആശ്രയിച്ചുവെന്നു പറയുന്നു. ആ പദംകൊണ്ട് ചില്‍കോട്ട് മൂടിവയ്ക്കുന്ന അപകടകരമായ കാര്യങ്ങള്‍ പലതുമാണ്. ബ്ലെയര്‍ ഉത്തരവാദിത്തമേറ്റെടുത്തുപോല്‍. ഹാ! ഹാ! ഹാ!
വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ സിറിയയിലെ പാല്‍മിറ പട്ടണത്തിലാണ്. ഐഎസ് പഴയ റോമന്‍ വിഗ്രഹങ്ങള്‍ തച്ചുതകര്‍ത്ത അതേ പാല്‍മിറയില്‍. ടോണി ബ്ലെയറും ജോര്‍ജ് ബുഷും ഉണ്ടാക്കിയ ഇറാഖി ദുരന്തത്തില്‍നിന്നാണ് അത് ഉടലെടുക്കുന്നത്. എങ്കിലും ബ്ലെയര്‍ പറയുന്നത് കേള്‍ക്കൂ: ഇറാഖില്‍ നിന്ന് സദ്ദാം ഹുസയ്‌നെ നീക്കിയതാണ് ഭീകരവാദത്തിന്റെ കാരണമെന്നു ഞാന്‍ കരുതുന്നില്ല! എന്തൊരു കാപട്യം. ചില്‍കോട്ട് റിപോര്‍ട്ടിനെക്കുറിച്ചു പൂര്‍ണമായ സംവാദത്തിനു താന്‍ തയ്യാറാണെന്ന ഭീഷണിയെപ്പോലെയുള്ള ഒന്ന്. ഈശ്വരോരക്ഷതു! ബ്ലെയര്‍ ഭാവി നേതാക്കന്‍മാര്‍ക്ക് തന്റെ അനുഭവങ്ങളില്‍നിന്നു പഠിക്കാനുള്ള പാഠങ്ങള്‍ തയ്യാറാക്കുകയാണത്രെ! ഇനിയെന്തിനു പുതിയ പാഠങ്ങള്‍. 70,000 മിതവാദികളെപ്പറ്റി പറഞ്ഞ ഡേവിഡ് കാമറണും ബ്രെക്‌സിറ്റിനു വേണ്ടി വാദിച്ച നേതാക്കന്‍മാരും ബ്ലെയറിനെയല്ലേ മാതൃകയാക്കുന്നത്. ഗബല്‍സ് ആഗ്രഹിച്ചപോലെ യുനൈറ്റഡ് കിങ്ഡമിന്റെ അന്ത്യത്തിനാണ് അവര്‍ യത്‌നിക്കുന്നത്. പൗരന്‍മാരെ അവജ്ഞയോടെ കാണുകയും സ്വന്തം പട്ടാളക്കാരെ കൊലയ്ക്കുകൊടുക്കുകയും പതിനായിരക്കണക്കിനു വിദേശികളെ ഒരു ദുഃഖവുമില്ലാതെ കൊല്ലുകയും ചെയ്യുന്ന ബ്രിട്ടനിലെ തരികിട നേതാക്കന്‍മാര്‍ ഉണ്ടാക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള ചരിത്രരേഖയില്‍ ചില്‍കോട്ട് റിപോര്‍ട്ട് വെറുമൊരധ്യായം മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss