|    Dec 18 Tue, 2018 10:12 pm
FLASH NEWS
Home   >  Sports  >  Football  >  

ടോട്ടനത്തെ പൂട്ടിക്കെട്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ് എ കപ്പ് ഫൈനലില്‍

Published : 22nd April 2018 | Posted By: vishnu vis

ലണ്ടന്‍:  കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ടോട്ടനത്തെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലണ്ട് എഫ് എ കപ്പ് ഫൈനലില്‍. സെമിയില്‍ ടോട്ടനത്തെ 2-1നാണ് ജോസ് മൊറീഞ്ഞോയുടെ ശിഷ്യന്‍മാര്‍ തകര്‍ത്തത്. ടോട്ടനത്തിന്റെ തട്ടകമായ വിംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 4-3-3 ഫോര്‍മാറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബൂട്ടുകെട്ടിയപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ടോട്ടനത്തിന്റെ പടപ്പുറപ്പാട്. സ്വന്തം മൈതാനത്തിന്റെ ആധിപത്യത്തില്‍ പന്ത് തട്ടിയ ടോട്ടനം 11ാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. ക്രിസ്റ്റിയന്‍ എറിക്‌സന്റെ അസിസ്റ്റില്‍ ഡെലി അലിയാണ് ടോട്ടനത്തിന് ലീഡ് സമ്മാനിച്ചത്. ടോട്ടനം 1-0ന് മുന്നില്‍.ഗോള്‍ വഴങ്ങിയതോടെ പൊരുതിക്കളിച്ച യുനൈറ്റഡ് നിര 24ാം മിനിറ്റില്‍ സമനില പിടിച്ചു. പോള്‍ പോഗ്ബയുടെ അസിസ്റ്റില്‍ അലക്‌സീസ് സാഞ്ചസാണ് യുനൈറ്റഡിന് സമനില സമ്മാനിച്ചത്. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 1-1 സമനിലയോടെയാണ് ഇരു കൂട്ടരും കളം വിട്ടത്. ആദ്യ പകുതിയില്‍ 57 ശതമാനവും പന്തടക്കിവച്ചത് ടോട്ടനം ആയിരുന്നു. ഇരു ടീമും ആറ് തവണ വീതം ഗോള്‍ ശ്രമം നടത്തിയപ്പോള്‍ യുനൈറ്റഡ് രണ്ടുവട്ടവും ടോട്ടനം ഒരു വട്ടവും എതിര്‍ ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചു.ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം പകുതിയുടെ 62ാം മിനിറ്റ്തന്നെ യുനൈറ്റഡ് ലീഡ് നേടിയെടുത്തു. റോമലു ലുക്കാക്കുവിന്റെ അസിസ്റ്റിനെ  ഹെരേര വലയിലാക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് പ്രതിരോധത്തില്‍ ഉരുക്കുകോട്ട കെട്ടിയാണ് യുനൈറ്റഡ് കളിച്ചത്. വലന്‍സിയയും സ്‌മെല്ലിങും ജോണിസും ആഷ്‌ലി യെങുമെല്ലാം അണിനിരക്കുന്ന യുനൈറ്റഡിന്റെ പ്രതിരോധ കരുത്തിനുമുന്നില്‍ ഡെലി അലിയും ഹാരി കെയ്‌നും എറിക്‌സനുമെല്ലാം നിഷ്പ്രഭമായി. രണ്ടാം പകുതിയില്‍ ഏഴ് തവണ കൂടി ടോട്ടനം ഗോള്‍ ശ്രമം നടത്തിയെങ്കിലും ഒരു തവണ പോലും ലക്ഷ്യം കാണാനായില്ല. ഒടുവില്‍ വിംബ്ലി സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ജയത്തോടെ യുനൈറ്റഡ് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നാണക്കേടോടെ ടോട്ടനത്തിന് ബൂട്ടഴിക്കേണ്ടി വന്നു. പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്മായ സ്ഥിതിക്ക് എന്തുവിലകൊടുത്തും എഫ് എ കപ്പ് സ്വന്തമാക്കാനാവും യുനൈറ്റഡിന്റെ ലക്ഷ്യം. ചെല്‍സി – സതാംപ്റ്റന്‍ മല്‍സര്ത്തിലെ വിജയിയെയാവും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനലില്‍ നേരിടുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss