ടോം ജോസിന്റെ അനധികൃത സ്വത്തുസമ്പാദന കേസ്; പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ ഹാജരാക്കും
Published : 31st October 2016 | Posted By: SMR
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിന്റെ ഫഌറ്റുകളില്‍നിന്നും ഓഫിസില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നു ഹാജരാക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫഌറ്റുകളിലും സെക്രട്ടേറിയറ്റിലെ ഓഫിസിലുമായിരുന്നു കഴിഞ്ഞദിവസം റെയ്ഡ്.
2010-16ല്‍ ടോം ജോസ് 1.19 കോടി രൂപയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ടോം ജോസും സൃഹൃത്ത് അനിതാ ജോസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകളും വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും വീടുകളില്‍നിന്നും ടോം ജോസിന്റെ ഓഫിസില്‍നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. ഇതിന്റെ റിപോര്‍ട്ടും വിജിലന്‍സ് കോടതിക്ക് കൈമാറും.
കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്കായിരിക്കും ടോം ജോസിനെ ചോദ്യംചെയ്യുക. റിപോര്‍ട്ട് സര്‍ക്കാരിനും കൈമാറും. ചോദ്യംചെയ്യാന്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിനു കത്ത് നല്‍കും. ടോം ജോസിന്റെ ബിനാമിയെന്ന സംശയത്തെ തുടര്‍ന്ന് സുഹൃത്ത് അനിതാ ജോസിനെതിരേ കൂടുതല്‍ അന്വേഷണം നടത്താനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
അനിതാ ജോസ് അമേരിക്കയില്‍ സ്ഥിരതാമസമാണ്. ഇവരുടെ പാല രാമപുരത്തെ വീട്ടില്‍ വിജിലന്‍സ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. തന്റെ സാമ്പത്തിക സ്രോതസ്സാണ് അനിതാ ജോസെന്ന് ടോം ജോസ് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം സമഗ്രമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം. അനിതാ ജോസിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കാര്യമായൊന്നും കണ്ടെത്തിയിരുന്നില്ല. റെയ്ഡിനെത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അനിതാ ജോസിന്റെ സഹായിയില്‍നിന്ന് താക്കോല്‍ വാങ്ങിയാണ് വീടിനുള്ളില്‍ പരിശോധിച്ചത്. അതേസമയം, തിരുവനന്തപുരം വെള്ളയമ്പലത്തെ ടോം ജോസിന്റെ ഫഌറ്റില്‍നിന്നും സെക്രട്ടേറിയറ്റിലെ കാബിനില്‍നിന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന രേഖകളും അനിതാ ജോസിന്റെ ബാങ്ക് പാസ്ബുക്കും വിജിലന്‍സിന് ലഭിച്ചതായി വിവരമുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.