|    Jun 25 Mon, 2018 9:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ടോംസ് കോളജിനെതിരേ നടപടിക്ക് സാധ്യത

Published : 15th January 2017 | Posted By: fsq

 

കോട്ടയം: ടോംസ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു വിദ്യാര്‍ഥികളോട് മോശം പെരുമാറ്റമുണ്ടായെന്ന പരാതിയില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളജിലെത്തി നടത്തിയ തെളിവെടുപ്പിന്റെ റിപോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. കോളജിനെതിരേ നടപടി ഉണ്ടായേക്കും. രജിസ്ട്രാര്‍ ജി പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കം 60ഓളം പേരുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ടോംസ് കോളജിലെ ഒന്നാം വര്‍ഷക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു രജിസ്ട്രാര്‍ കോളജിലെത്തിയത്. കോളജ് ചെയര്‍മാനും അധ്യാപകരും അനധ്യാപകരും ചേര്‍ന്നു വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചെയര്‍മാന്‍  പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ കയറിച്ചെല്ലുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളോട് വളരെ മോശമായാണ് അധികൃതര്‍ പെരുമാറുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ചെറിയ തെറ്റുകള്‍ക്കുപോലും വലിയ പിഴയും കോളജ് അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ തെളിവെടുപ്പ് സംഘത്തിന് മുന്നില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. കോളജിനെതിരേ ലഭിക്കുന്ന പരാതികള്‍ ഗൗരവതരമാണെന്നു ഡോ. ജി പി പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എഐസിടിഇ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമി, കെട്ടിടം, ആധുനികലാബ്, ലൈബ്രറി സൗകര്യം ഉള്‍പ്പെടയുള്ള കാര്യങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലായെന്ന് വിലയിരുത്തി. 2014ലാണ് എഐസിടിഇയുടെ അംഗീകാരം കിട്ടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss