|    Mar 25 Sat, 2017 7:37 am
FLASH NEWS

ടൈറ്റാനിയം കേസ്: അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം: വിജിലന്‍സ് കോടതി

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലുമാസം കൂടി സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷ തള്ളിയാണ് രണ്ടു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി എ ബദറുദ്ദീന്‍ ഉത്തരവിട്ടത്. കേസ് സപ്തംബര്‍ 26ന് വീണ്ടും പരിഗണിക്കും.
അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ആറു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ ടൈറ്റാനിയത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതി ല്‍ ക്രമക്കേടു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ ഈപ്പന്‍ ജോസഫ്, എക്‌സിക്യൂട്ടിവ് ഡയറക്ട ര്‍ എ എം ഭാസ്‌കരന്‍, മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ തോമസ് മാത്യു, ബി ഗോപകുമാരന്‍ നായര്‍, ടൈറ്റാനിയം ഉദ്യോഗസ്ഥന്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. 2006ല്‍ തിരുവനന്തപുരം പാറ്റൂര്‍ സ്വദേശി ജി സുനില്‍, ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ് ജയന്‍ എന്നിവര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീംകുഞ്ഞ് എന്നിവരെ പ്രതി ചേര്‍ക്കണമെന്നും പരാതിക്കാരനായ ജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെളിവുകള്‍ ശേഖരിച്ച ശേഷമേ വിജിലന്‍സ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയുള്ളൂ. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

(Visited 76 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക