|    Jul 21 Sat, 2018 9:40 am
FLASH NEWS
Home   >  News now   >  

ടൈംബോംബിന് മീതെ ഒരു ദ്വീപ്

Published : 3rd July 2017 | Posted By: G.A.G

 

നഹാസ്  ആബിദീന്‍  നെട്ടൂര്‍

അരനൂറ്റാണ്ടു മുമ്പ് കടല്‍ കനിഞ്ഞു നല്‍കിയ പുതുവൈപ്പിന്റെ മണ്ണില്‍ ഇപ്പോള്‍ മൂന്നാം തലമുറ ജീവിതം ആരംഭിച്ചിരിക്കുന്നു. പക്ഷേ, സമാധാനത്തോടെ ജീവിക്കാനായിരുന്നില്ല അവരുടെ വിധി. ഒരുഭാഗത്ത് കടല്‍. മറുഭാഗത്ത് ലാഭത്തില്‍ മാത്രം കണ്ണുവച്ചുകൊണ്ട് അവരുടെ സൈ്വരജീവിതത്തില്‍ ഇടപെടുന്ന പൊതുമേഖലയിലെയും അല്ലാത്തതുമായ കമ്പനികള്‍. അവര്‍ക്കു കൂട്ടായി പോലിസും റവന്യൂ അധികാരികളും അടങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും. ഈ കൂട്ടുകെട്ടിനെതിരേ ദ്വീപുവാസികള്‍ സമരപാതയിലാണ്. ജനവാസമേഖലയില്‍ പതിനായിരക്കണക്കിനു പേരുടെ ജീവന്‍ തുലാസിലാക്കി നടപ്പാക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക സംഭരണപദ്ധതി ഉപേക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. 2009ല്‍ ആരംഭിച്ച പോരാട്ടങ്ങള്‍ ഇന്ന് നിര്‍ണായകഘട്ടത്തിലെത്തിയിരിക്കുന്നു. സമരക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി ഉണ്ടായ പോലിസ് അക്രമങ്ങള്‍ ആരിലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

നാടകങ്ങള്‍
മെട്രോ ഉദ്ഘാടനത്തിന്റെ തലേന്നു നടന്ന ലാത്തിച്ചാര്‍ജോടെയാണ് പുതുവൈപ്പ് സമരം പൊതുജനശ്രദ്ധയിലെത്തുന്നത്. ഉന്നത പോലിസുകാരുടെ നേതൃത്വത്തിലെത്തിയ അക്രമികള്‍ അവിടെ നടത്തിയത് തേര്‍വാഴ്ച തന്നെയായിരുന്നു. അടുത്ത ദിവസവും സമാനമായ സംഭവങ്ങള്‍ അരങ്ങേറി.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം പുനരാരംഭിച്ചത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്നുമായിരുന്നു നല്‍കപ്പെട്ട ഉറപ്പ്. അതുവരെ പോലിസ് മാറിനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജംഗ്ഷനില്‍ നടന്നിരുന്ന സമരവും പുതുവൈപ്പിലെ പ്രക്ഷോഭപരിപാടികളും നിര്‍ത്തിവച്ചത്.
18ന് രാവിലെ മുതല്‍ ഐഒസി അധികൃതരും തൊഴിലാളികളും പദ്ധതിപ്രദേശത്ത് എത്തി. പോലിസ് സംരക്ഷണയില്‍ പദ്ധതികള്‍ പുനരാരംഭിച്ചു. ഇതറിഞ്ഞ പുതുവൈപ്പ് ജനത ഉണര്‍ന്നെണീറ്റു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. സര്‍ക്കാര്‍ അക്രമത്തിന്റെ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്നു നടന്ന ലാത്തിച്ചാര്‍ജില്‍ ചോരയില്‍ കുളിച്ച സമരക്കാരെയും കൊണ്ടാണ് പോലിസ് വണ്ടികള്‍ പുതുവൈപ്പ് ദ്വീപ് വിട്ടത്.
മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ ലഹരിക്കിടയില്‍ തങ്ങളുടെ സമരം കല്ലുകടിയാവാതിരിക്കാന്‍ നടത്തിയ ഒരു വലിയ നുണ മാത്രമായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലെന്ന് പുതുവൈപ്പ് നിവാസികള്‍ ഇപ്പോള്‍ കരുതുന്നു. അതേസമയം, പുതുവൈപ്പിലെ ജനങ്ങളുമായി നടത്തിയ ആദ്യവട്ട ചര്‍ച്ചയിലും മുഖ്യമന്ത്രിയുടെ നിലപാട് സമാനമായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ചര്‍ച്ചയില്‍ മുഖ്യമന്ത്രി പതിവിനു വിപരീതമായി പോലിസ് മേധാവിയെ പങ്കെടുപ്പിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകരോട് തികഞ്ഞ ധാര്‍ഷ്ട്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പെരുമാറ്റം. സമരസമിതിക്കാരുടെ മുന്നില്‍വച്ചാണ് ഐഒസി പ്രതിനിധികളോട് നിങ്ങള്‍ പദ്ധതിയുമായി മുന്നോട്ടു പോവൂ എന്നദ്ദേഹം ഉപദേശിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങിലും മുഖ്യമന്ത്രി തന്റെ വികസനസങ്കല്‍പം പുറത്തെടുത്തിരുന്നു.

പോലിസ് അക്രമങ്ങള്‍
മെട്രോ ഉദ്ഘാടനവേദിയിലെ പ്രസംഗത്തിനു ശേഷമാണ് മര്‍ദനം അതിരൂക്ഷമായത്. വിവിധ ദിവസങ്ങളില്‍ നടന്ന സമരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തിരുന്നു. കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാര്‍ക്കു പുറമെ വൃദ്ധസ്ത്രീകളും സമരത്തില്‍ പങ്കെടുത്തു. ഇവര്‍ക്കുനേരെയാണ് പോലിസ് അക്രമം അഴിച്ചുവിട്ടത്. അമ്മമാരുടെ കൈകളില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ പോലിസ് ബലമായി പിടിച്ചു വാങ്ങിയാണ് അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. പ്രായമായ സ്ത്രീകളെ പോലും വെറുതെവിട്ടില്ല.
അതേസമയം അറസ്റ്റിലായവരില്‍ സ്ത്രീകളടക്കമുള്ളവരെ പോലിസുകാര്‍ സ്‌റ്റേഷനില്‍ വച്ചു ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് രാത്രിയും പകലും ഞാറയ്ക്കല്‍ പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്കു രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കുള്ള അവസരം പോലും പോലിസുകാര്‍ നിഷേധിച്ചു. സമരങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പങ്കെടുപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തു. ഇതുവരെ അഞ്ചു കേസുകളിലായി 1104 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയതെങ്കിലും ഉത്തരവാദി അയാള്‍ മാത്രമല്ല, ആലുവ റൂറല്‍ എസ്പി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലിസുകാരും സമാന കുറ്റങ്ങള്‍ ചെയ്തവരാണ്. മര്‍ദനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരുന്നുവെന്നുതന്നെ വേണം കരുതാന്‍. മര്‍ദനത്തിനു ന്യായീകരണമൊരുക്കാന്‍ തീവ്രവാദബന്ധവും ഗൂഢാലോചനയും ആരോപിച്ചതും യാദൃച്ഛികമായിരുന്നില്ല.

പാചകവാതക സംഭരണി
പുതുവൈപ്പില്‍ ഒരു പാചകവാതക സംഭരണി നിര്‍മിക്കാനാണ് ഐഒസിയുടെ ആലോചന. അറിഞ്ഞിടത്തോളം സംഭരണിയുടെ വാര്‍ഷിക സംഭരണശേഷി ആറുലക്ഷം ടണ്‍ ആണ്. 15,450 ടണ്‍ പാചകവാതകമാണ് ദിനേന പ്ലാന്റി
ല്‍ സംഭരിക്കുക. ജനവാസ കേന്ദ്രത്തി
ല്‍ നിന്നു 30 മീറ്റര്‍ അകലെയായാണ് എല്‍പിജി ടെര്‍മിനല്‍ നിര്‍മിക്കുക. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയില്‍ പൂര്‍ണമായി കുഴിച്ചിടുന്ന വന്‍ ടാങ്കറുകളില്‍ സ്‌റ്റോര്‍ ചെയ്യും. അത് ടാങ്കറുകളില്‍ നിറച്ച് വിതരണം നടത്തുക എന്നതാണ് പദ്ധതി. 498 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചി-സേലം പൈപ്പ്‌ലൈന്‍ അനുബന്ധമായി വരുന്ന പദ്ധതിക്ക് 2,200 കോടി രൂപയാണ് മുടക്കുമുതല്‍ കണക്കാക്കുന്നത്. പാചകവാതക സംഭരണിയുടെ മാത്രം നിര്‍മാണച്ചെലവ് 714 കോടി രൂപ വരും.

നിയമലംഘനങ്ങള്‍, ആശങ്കകള്‍
നിര്‍മാണവുമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള കടുത്ത നിയമലംഘനങ്ങളാണ് പദ്ധതിയെ വേറിട്ടതാക്കുന്നത്. വേലിയേറ്റ രേഖയില്‍ നിന്നു 200 മുതല്‍ 300 മീറ്റര്‍ ദൂരത്തില്‍ മാത്രമേ നിര്‍മാണം പാടുള്ളൂ എന്നിരിക്കേ കടലില്‍ ഇറക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഭരണി നിര്‍മിക്കുന്നത്. തീരദേശസംരക്ഷണ നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിച്ചുകൊണ്ടു നടപ്പാക്കുന്ന പദ്ധതി ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. 2016 ജൂലൈയില്‍ ടെര്‍മിനലിന്റെ നിര്‍മാണം ട്രൈബ്യൂണല്‍ സ്‌റ്റേ ചെയ്തിരുന്നു. പദ്ധതി നിര്‍മാണം അനുമതി നേടിയ പ്രദേശത്തല്ലെന്നും ഇന്റര്‍ ടൈഡല്‍ സോണിലാണെന്നും കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, കോടതി ഇടപെടലുണ്ടായിട്ടും ഐഒസി നിര്‍മാണം നിര്‍ത്തിവച്ചില്ല.
തീരനിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കേണ്ട ചുമതല കോസ്റ്റല്‍ സോണ്‍ അതോറിറ്റിക്കാണ്. മുഖ്യമന്ത്രിക്കാണ് ആത്യന്തികമായി തീരദേശസംരക്ഷണത്തിന്റെ ഉത്തരവാദിത്തം. എന്നാല്‍, സിആര്‍ഇസഡ് നിബന്ധനകള്‍ പാലിക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിയമം ലംഘിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ജനകീയ സമരസമിതി ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തലത്തിലാണ്.
ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മാണം നടത്താനുള്ള അംഗീകാരമാണ് തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും നല്‍കിയത്. എന്നാല്‍, അതെല്ലാം ധിക്കരിച്ച് കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണിലാണ് ഇപ്പോഴത്തെ നിര്‍മാണം. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോവുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയത് ഒരു മീറ്റര്‍ എങ്കിലും കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നുണ്ട്. നിര്‍മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി മതില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇത്രയും ദുര്‍ബലമായ കരഭൂമിയിലാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ടാങ്ക് നിര്‍മാണം പുരോഗമിക്കുന്നത്.
200 മീറ്റര്‍ വിട്ടുള്ള ഒരു സര്‍വേ നമ്പറില്‍ മാത്രമേ നിര്‍മാണം നടത്താന്‍ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്‍കിയിട്ടുള്ളൂ. എന്നാല്‍, ഈ നിബന്ധന വച്ച് പദ്ധതി പ്രാവര്‍ത്തികമാക്കാനാവില്ലെന്നാണ് ഐഒസിയുടെ വാദം. തകരുന്ന മതില്‍ ശക്തിപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ഐഒസി ശ്രമിക്കുന്നത്. പക്ഷേ, അതും പാഴ്‌വേലയാണെന്നാണ് അനുഭവം.
ഐഒസി സംഭരണി യാഥാര്‍ഥ്യമാവുന്നതോടെ തങ്ങള്‍ ജീവിതത്തില്‍ നിന്നുതന്നെ കുടിയൊഴിക്കപ്പെടുമെന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. പദ്ധതിയിലെ നിയമലംഘനം ചൂണ്ടിക്കാട്ടി നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ തിരുത്തല്‍ ഹരജിയില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. പൈലിംഗിന്റെ പൊടിയടിച്ച് സ്വന്തം വീട്ടില്‍പ്പോലും കിടക്കാനാവാതെ, രാത്രി ഉറങ്ങാന്‍ പോലുമാവാതെ വന്നപ്പോഴാണ് ജനങ്ങള്‍ നിയമത്തിന്റെയും പിന്നീട് സമരത്തിന്റെയും പാതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.
ജനങ്ങളുടെ അതേ ആശങ്ക പഞ്ചായത്തും പങ്കുവയ്ക്കുന്നു. എന്നാല്‍, സെസ് നയത്തില്‍ പോലും പഞ്ചായത്തീരാജ് നിയമം ബാധകമായിരിക്കെ അധികാരവികേന്ദ്രീകരണത്തിന്റെ ഇക്കാലത്തും പദ്ധതിക്ക് പഞ്ചായത്തനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ഐഒസി. കേരളത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ഈ പ്രദേശം ഇത്തരമൊരു പദ്ധതിക്കു വേണ്ടി തിരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമാണെന്നും പഞ്ചായത്ത് വിലയിരുത്തുന്നു.

സുരക്ഷാഭീഷണി
ഏതാനും വര്‍ഷം മുമ്പു നടന്ന ടാങ്കര്‍ലോറി ദുരന്തം കേരളീയര്‍ ഇതുവരെ മറന്നിട്ടില്ല. അന്ന് ദുരന്തത്തിനു കാരണമായ ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത് 16 ടണ്‍ വാതകമാണ്. അന്ന് അര കിലോമീറ്റര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നുപിടിച്ചിരുന്നു. പുതുവൈപ്പില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വാദം. പോരാത്തതിന് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിരിക്കുന്നു. മേഖലയിലെ 7,000 ആളുകള്‍ക്കാണ് കമ്പനി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും മരിച്ചിട്ട് ഇന്‍ഷുറന്‍സുകൊണ്ട് എന്തുകാര്യമെന്ന് പ്രദേശവാസികളും ചോദിക്കുന്നു.
വാതകച്ചോര്‍ച്ചയുണ്ടാവാനിടയില്ലെന്നൊന്നും കമ്പനി കരുതുന്നില്ല. മറിച്ച് സാധ്യതയുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍. അപകടമുണ്ടായാല്‍ ചെയ്യേണ്ടതെന്താണെന്ന് കമ്പനി  ചിത്രകഥയിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതുവൈപ്പിന്റെ തെക്കേ അറ്റത്തായി കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിലവില്‍ എല്‍എന്‍ജി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.  പുതിയ എല്‍പിജി പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ജനസാന്ദ്രത കൂടിയ സ്ഥലത്തും. നിലവില്‍ തന്നെ അവിടെ എല്‍എന്‍ജി പ്ലാന്റുണ്ട്. അതോടൊപ്പമാണ് സിഎന്‍ജി പ്ലാന്റും എല്‍പിജി പ്ലാന്റും വരുന്നത്. ഇവ മൂന്നും കൂടി ഉണ്ടാക്കിയേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയാണ് പദ്ധതിയെ പൊട്ടന്‍ഷ്യല്‍ ബോംബെന്നു സമരക്കാര്‍ വിളിക്കുന്നത്. വികസനം അരികുവല്‍ക്കരിക്കപെട്ടവരുടെ ചെലവില്‍ വേണ്ട എന്നേ പുതുവൈപ്പ് ജനത പറയുന്നുള്ളൂ. അതു കേള്‍ക്കാന്‍ ജനാധിപത്യ ഭരണകൂടത്തിനു ഉത്തരവാദിത്തമുണ്ട്. അവരോടൊപ്പം നില്‍ക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്കു ബാധ്യതയുമുണ്ട്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss