|    Oct 19 Thu, 2017 5:35 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ടേയ് -സാക് ജനിതക രോഗത്തിന് പിടികൊടുക്കാതെ കുട്ടി പിറന്നു

Published : 28th July 2016 | Posted By: SMR

കൊച്ചി:  ടേയ്-സാക് രോഗബാധിതരായ മാതാപിതാക്കളുടെ ജീനുകളില്‍ നിന്നു രോഗബാധയില്ലാത്ത കുട്ടി ജനിച്ചു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞ് മൂന്നുമാസം പിന്നിട്ട് ആരോഗ്യത്തോടെയിരിക്കുന്നതായി ക്രാഫ്റ്റ് ആശുപത്രി ഡോക്ടര്‍മാര്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടേക്-സായ് എന്ന ചികില്‍സയില്ലാത്ത അപൂര്‍വ രോഗബാധിതരായ തമിഴ്‌നാട് സ്വദേശികളായ ഗിരീഷ്-സജിനി ദമ്പതികള്‍ക്കാണ്  ക്രാഫ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മ്മാരുടെ ഗവേഷണത്തിലൂടെ രോഗമില്ലാത്ത കുഞ്ഞ് പിറന്നത്. ആശുപത്രി ജനിതക ഗവേഷണ വിഭാഗം മേധാവി ഡോ. റിതു നായരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയുടെ ജനനം. ക്രോമസോം നമ്പര്‍ 15ല്‍ ഉള്‍പ്പെട്ട ഒരു കൂട്ടം ജീനുകളില്‍ ഒരു പ്രത്യേക എന്‍സൈമിന്റെ കുറവാണ് ടേക്-സായ് രോഗത്തിന് കാരണം.  രോഗബാധിതമായ ജീനുകളുള്ള മാതാപിതാക്കളുടെ ബീജത്തില്‍ നിന്നും ആരോഗ്യമുള്ള ബീജങ്ങളുടെ സങ്കലനം നടക്കാന്‍ സാധ്യത കുറവാണ്.
ജനിക്കുന്ന കുട്ടികള്‍ മറ്റ് പല രോഗങ്ങള്‍ക്കും ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ ഇത് തടയാനായി പ്രീ ഇംപ്ലാന്റേഷന്‍ ഡയഗണോസിസിലൂടെ രോഗബാധിതമല്ലാത്ത ഏറ്റവും നല്ല എംബ്രിയോകള്‍ ഫെര്‍ട്ടിലൈസേഷന്‍ രീതികളിലൂടെ സംയോജിപ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനിച്ച് അഞ്ച് ആഴ്ച വരെ രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ലെങ്കിലും പിന്നീട് കുട്ടിയുടെ ശരീരിര മാനസിക നിലകളെ രോഗം തളര്‍ത്തുമെന്ന് ഡോ. റിതു നായര്‍ പറഞ്ഞു.
മൂന്നു പ്രാവശ്യം ജനിച്ച കുട്ടികള്‍ക്കും ഇതേ വിധി നേരിട്ട ദമ്പതികളാണ് ഗിരീഷും സജിനിയും. നാലുവര്‍ഷം പ്രായമാവുമ്പോള്‍ കുട്ടികള്‍ മരിക്കുകയായിരുന്നു. ഒമ്പതുമാസം വരെ അമ്മയുടെ പരിപാലനത്തിനൊപ്പം കുട്ടിയുടെ ക്രോമസോമുകളെയും നിരന്തര നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ സജിനി പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മുമ്പ് 12 ആഴ്ച മുതല്‍ 16 ആഴ്ച വരെയുള്ള ഗര്‍ഭകാലത്താണ് ജനിതക തകരാറുകള്‍ അറിയാന്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ പ്രീ ഇംപ്ലാന്റേഷന്‍ ഡയഗണോസിസ് പോലുള്ള ആധുനിക രീതിയിലുള്ള ചികില്‌സാ രീതിയിലൂടെ ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ക്രാഫ്റ്റ് ചെയര്‍മാന്‍ ഡോ. സി മുഹമ്മദ് അഷറഫ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഗിരീഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക