|    Nov 21 Wed, 2018 9:10 am
FLASH NEWS

ടേക്ക് എ ബ്രേക്ക് കെട്ടിടം നോക്കുകുത്തി: പാഴാക്കിക്കളഞ്ഞത് ലക്ഷങ്ങള്‍

Published : 12th August 2018 | Posted By: kasim kzm

ആനക്കര: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൊതുസ്ഥലത്ത് അനുമതിയില്ലാതെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കൂറ്റനാട് ടേക്ക് എ ബ്രേക്ക് കെട്ടിടം വിവാദത്തില്‍. 2016ലെ നിയമസഭാ തെരഞ്ഞെട്പ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കൂറ്റനാട് ടേക്ക് എ ബ്രേക്ക് കെട്ടിടമാണ് വിവാദത്തില്‍പ്പെട്ട് അനാഥമായി കിടക്കുന്നത്.
പെരുമ്പിലാവ് -നിലമ്പൂര്‍ സംസ്ഥാന പാതക്കരികില്‍ കൂറ്റനാട് ന്യൂ ബസാറിലാണ് സംസ്ഥാനത്ത് ആദ്യത്തേത് എന്ന പ്രഖ്യാപനം നടത്തി എംഎല്‍എയുടെ മുന്‍ കൈയില്‍ 50 ലക്ഷം രൂപ ചിലവഴിച്ച്‌കെട്ടിടം നിര്‍മിച്ചത്. മണ്ഡലത്തിലെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന മറ്റു കെട്ടിട നിര്‍മാണങ്ങളിലേത് പോലെ തന്നെ ഹാബിറ്റേറ്റ് എന്ന ഏജന്‍സിയാണ് ടേക്ക് എബ്രേക്കും നിര്‍മിച്ചതു. അന്നത്തെ ടൂറിസം മന്ത്രി എ പി അനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയോ വൈദ്യുതിയോ വെള്ളമോ ഒന്നും തന്നെ ലഭ്യമാക്കുകയോ ചെയ്തിരുന്നില്ല. എന്നിട്ടും തിരഞ്ഞെട്ടിപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പിനായി ഉദ്ഘാടന മാമാങ്കം നടത്തുകയായിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ വൈദ്യുതി, വെള്ള കണക്ഷനുകള്‍ ലഭിക്കണമെങ്കില്‍ പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കേണ്ടതായിട്ടുണ്ട്.
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി സ്ഥാപനം നിര്‍മിച്ചിരിക്കുന്ന നാഗലശേരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ സന്ദര്‍ഭത്തിലാണ് കെട്ടിട നിര്‍മാണത്തിന് മുമ്പ് പാലിക്കേണ്ട ഒരു നടപടി ക്രമവും, മുന്‍കൂര്‍ അനുമതിയും ഇല്ലാതെയാണ് പൊതുസ്ഥലത്ത് നിര്‍മാണം നടത്തിയത് എന്ന് ജനങ്ങള്‍ അറിയുന്നത്.
നിര്‍മാണം നടത്തിയത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായതിനാല്‍, പൊതുമരാമത്ത് വകുപ്പ് മേധാവിയുടെ മുന്‍കൂട്ടിയുള്ള അനുമതിപത്രം വാങ്ങി കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സെക്രട്ടറിക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയുകയുള്ളു.
കെട്ടിട നിര്‍മാണത്തിന് മുന്‍പ് വാങ്ങിയെടുക്കേണ്ടഅനുമതി, നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം എങ്ങനെ നല്കാന്‍ കഴിയും എന്നാണ് പൊതുമരാമത്ത് അധികാരികള്‍ പറയുന്നത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടി ക്രമങ്ങളും ഇപ്പോള്‍ സാധാരണക്കാരായ ഏതൊരാള്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എംഎല്‍എ ഉള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ടവര്‍ കാണിച്ച ഗുരുതരമായ അലംഭാവത്തിന്റെ ഭാഗമായാണ് 50 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുന്ന ടേക്ക് എബ്രക്ക് അനാഥമായി കിടക്കുന്നത്.
കെട്ടിടനിര്‍മാണം തുടങ്ങുമ്പോള്‍ തന്നെ കൂറ്റനാട് വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ മുന്‍വശമുള്ള പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ പലതും മാറ്റിയിട്ടും, റോഡരികിലെ പല തണല്‍ മരങ്ങളുടെ ശാഖകള്‍ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
ഇതൊന്നും തന്നെ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂട്ടിയുള്ള അനുമതിയോ, സമമതമോ ഒന്നും തന്നെ നേടാതെ യാന്ന് ചെയ്തത്. പൊതുറോഡരികില്‍ വീടുകളോ വ്യാപാര സ്ഥാപനങ്ങളോ നിര്‍മ്മിക്കുമ്പോള്‍ അവ റോഡില്‍ നിന്നും നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്ന റവന്യൂ പൊതുമരാമത്ത് വകുപ്പുകള്‍ സംസ്ഥാന പാതയോരത്ത് ഈ ദൂരപരിധി ലംഘിച്ച നിര്‍മാണം കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്.
ഇതിനെതിരെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കെട്ടിടത്തിന് നമ്പര്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജില്ലകളകര്‍, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍, എംഎല്‍എ, നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
മുന്‍കൂട്ടി വാങ്ങിയെടുക്കേണ്ട അനുമതിപത്രത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും വന്ന വീഴ്ചകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെടുകയും പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറക്ക് നമ്പര്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് പഞ്ചായത്ത് അധികാരികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. രണ്ട് ഷട്ടര്‍ മുറികളുടെ വലിപ്പമുള്ള കെട്ടിടത്തിന് 50 ലക്ഷം രൂപ ചിലവ് കണക്കാക്കിയതില്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss