|    Jan 23 Mon, 2017 8:20 pm
FLASH NEWS

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടിയിട്ട് 15 വര്‍ഷം

Published : 3rd August 2016 | Posted By: SMR

തലശ്ശേരി: പഴയ ബസ്സ്റ്റാന്റില്‍ കോട്ടയ്ക്ക് സമീപം തലശ്ശേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്ന പഴയ ബഹുനിലകെട്ടിടം അടച്ച് പൂട്ടിയിട്ട് 15 വര്‍ഷം പിന്നിടുന്നു. പഴയ ബസ്സ്റ്റാന്റില്‍ ഹൃദയഭാഗത്ത് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് പുതിയ കെട്ടിടം പണിതതോടെയാണ് പഴയ കെട്ടിടം പൂട്ടിയത്. എങ്കിലും ചില ഘട്ടങ്ങളില്‍ ബില്ലിങ്ങ് സെക്ഷനുവേണ്ടി പഴയ കെട്ടിടം ഉപയോഗിച്ചെങ്കിലും നിലവില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ഒരു പ്രവര്‍ത്തനവും നടത്താതെ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
സാങ്കേതികമായ കാരണങ്ങളാല്‍ കെട്ടിടം സ്വകാര്യ മേഖലയ്‌ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കാനും കഴിയില്ല. 15 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് പുരാവസ്തു ഗവേഷണ വകുപ്പിന്റെ നിബന്ധനകള്‍ അനുവദിക്കുകയില്ല. ക്യാന്റീന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളോടെയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ മൂവായിരത്തോളം ടെലഫോണ്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പുതുതായി പണിത കെട്ടിടത്തില്‍ നിലവില്‍ ഏഴായിരത്തില്‍പരം കണക്ഷനുകളാണുള്ളത്. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ടെലികോം അധികൃതര്‍ പറയുന്നു. വര്‍ഷങ്ങളായി അടച്ചിട്ട പഴയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മുന്‍ഭാഗത്തുള്ള ഇരുമ്പ് ഗേറ്റുകള്‍ ദ്രവിച്ച് കൊണ്ടിരിക്കുകയാണ്. സാമൂഹിക ദ്രോഹികള്‍ ഇവിടം കയ്യടക്കാനുള്ള സാധ്യതകള്‍ ഏറിവരികയുമാണ്. നികുതി, ഇലക്ട്രിസിറ്റി, വെള്ളം എന്നിവയ്ക്കായുള്ള ഭീമമായ തുക പ്രതിമാസം ടെലികോം അധികൃതര്‍ നഗരസഭയ്ക്ക് നല്‍കുന്നുമുണ്ട്.
കെട്ടിടത്തിന്റെ ചുവരിന് സമീപത്ത് പ്രവര്‍ത്തിച്ചുവരുന്ന ആസാദ് ലൈബ്രറി സ്ഥലപരിമിതി കാരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന തലശ്ശേരി നിവാസികളുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റാതെ കിടക്കുമ്പോഴാണ് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പഴയ ബഹുനിലകെട്ടിടം കഴിഞ്ഞ 15 വര്‍ഷക്കാലമായി യാതൊരു ഉപയോഗവുമില്ലാതെ അടഞ്ഞുകിടക്കുന്നത്. പുതിയ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ നിലവില്‍ പതിനായിരത്തോളം കണക്ഷനുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക