|    Jan 22 Sun, 2017 7:24 am
FLASH NEWS

ടെലികോളര്‍ വഴി തട്ടിപ്പ്: രണ്ടു ഡല്‍ഹി സ്വദേശികള്‍ അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

പന്തളം: ഡല്‍ഹി കേന്ദ്രീകരിച്ചു പണം തട്ടുന്ന സംഘാംഗങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. 25000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 3000 രൂപയ്ക്ക് വിപിപിയായി വീട്ടിലെത്തിച്ചുതരുമെന്ന് ഫോണിലൂടെ അറിയിച്ച് പണം തട്ടുന്ന സംഘത്തെയാണ് പന്തളം പോലിസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി സുല്‍ത്താന്‍പുരി സരസ്വതിവിഹാര്‍ പര്‍വാന റോഡില്‍ നിത്യാനന്ദ്(41), കമലേഷ് (ജെനു-34) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മൂന്നാമനായ ഡല്‍ഹി സ്വദേശി സഞ്ജയ്ക്കായി അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 27ന് മെഴുവേലി അയത്തില്‍ തെങ്ങുംപ്ലാവില്‍ അശോക് ബാബുവിന്റെ പരാതിപ്രകാരം മല്ലപ്പള്ളി കീഴ്‌വായ്പൂര് പെരുമ്പ്രമാടം തോട്ടത്തില്‍ പ്രീജു ഈപ്പനെ(36) പന്തളം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. മൂന്നു പ്രതികളും ചേര്‍ന്ന് ഡല്‍ഹി ബീഗംപൂര്‍ കേന്ദ്രമാക്കി തിരുപ്പതി ബാലാജി എന്റര്‍പ്രൈസസ് എന്ന കമ്പനി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ആളുകളുടെ നമ്പരുകള്‍ ശേഖരിച്ച് ടെലി കോളര്‍മാര്‍ക്ക് നല്‍കും. മലയാളത്തിലും തമിഴിലും സംസാരിക്കാന്‍ രണ്ടുപേരെ വീതവും ഹിന്ദിയില്‍ സംസാരിക്കാന്‍ നാലുപേരെയുമാണ് ഇവര്‍ ജോലിക്കാരായി നിയമിച്ചിരുന്നത്. ഇവര്‍ ആള്‍ക്കാരെ വിളിച്ച് ഡല്‍ഹി സാംസങ്ങ് ഇന്ത്യ കണക്ഷന്‍ നെറ്റ്‌വര്‍ക്കില്‍ നിന്നാണ് വിളിക്കുന്നതെന്നു പരിചയപ്പെടുത്തും. കമ്പനിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടത്തിയ മൊബൈല്‍ ഫോണ്‍ ലക്കിപ്രൈസ് നറുക്കെടുപ്പില്‍ മൊബൈല്‍ നമ്പറിന് ലക്കി പ്രൈസ് അടിച്ചെന്നും 30,000 രൂപ വിലയുള്ള സാംസങ്ങിന്റെയോ എല്‍ജിയുടെയോ ആധുനിക സ്മാര്‍ട്ട് ഫോണാണ് സമ്മാനമെന്നും അറിയിക്കും. താല്‍പര്യം കാട്ടുന്നവരുടെ മേല്‍വിലാസം വാങ്ങി തപാലില്‍ ഫോണ്‍ അയക്കുമെന്നും 3000 രൂപ നല്‍കി കൈപ്പറ്റണമെന്നും അറിയിക്കും. ജൂണ്‍ 11ന് അശോക് ബാബുവിന് ഇലവുംതിട്ട പോസ്റ്റ് ഓഫിസിലെത്തിയ വിപിപി തുറന്നു നോക്കിയപ്പോള്‍ ചെറിയ ആള്‍രൂപവും കളിപ്പാട്ടവുമാണ് ലഭിച്ചത്. തുടര്‍ന്ന് അശോക് ബാബു പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കുകയായിരുന്നു.
കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തി വരുകയായിരുന്നു. നാഷനല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസന്വേഷിച്ചത്. പന്തളം എഎസ്‌ഐ രാജേന്ദ്രന്‍പിള്ള, സിപിഒ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയാണ് ഇരുവരേയും അറസ്റ്റുചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക