|    Oct 18 Thu, 2018 8:17 pm
FLASH NEWS

ടെക്‌നോളജി ക്ലിനിക്കിന് തുടക്കം

Published : 31st January 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍’ സംബന്ധിച്ചുള്ള ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് കല്‍പ്പറ്റയില്‍ തുടക്കമായി. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാലിന്യനിര്‍മാര്‍ജനം വീട്ടില്‍നിന്നു തുടങ്ങുകയാണ് മാലിന്യസംസ്‌കരണത്തിന്റെ ഫലപ്രദമായ പോംവഴിയെന്നും ഉറവിട മാലിന്യസംസ്‌കരണത്തിലേക്ക് എല്ലാവരും തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  വിളപ്പില്‍ശാല മാലിന്യപ്രശ്‌നം ഇതിനുദാഹരണമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ മാലിന്യം വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാനാവില്ലെന്നു വന്നതോടെ ജനങ്ങള്‍ ഉറവിട മാലിന്യ സംസ്‌കരണത്തിലേക്കു തിരിഞ്ഞു. ഇതു അടുക്കളത്തോട്ട നിര്‍മാണത്തിലേക്കും ടെറസിലെ കൃഷിയിലേക്കും വ്യാപിച്ചതോടെ ഒരു ജൈവകാര്‍ഷിക പ്രവണതയും ഉടലെടുത്തു.  വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കേണ്ടിവന്നതു എല്ലാവരിലും ഞെട്ടലുണ്ടാക്കി.  ജില്ലയിലെ വരള്‍ച്ചയ്ക്കു പ്രധാന കാരണം പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗമാണ്. എന്നാല്‍, പ്ലാസ്റ്റിക് പൂര്‍ണമായി ഉപേക്ഷിക്കാനുമാവില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വ്യവസായ സംരംഭങ്ങളില്‍ പ്രകൃതിസംരക്ഷണ തത്വം ഉള്‍ക്കൊള്ളിക്കണം. പ്രകൃതിസൗഹൃദപരമായ വ്യവസായ സംസ്‌കാരത്തിലേക്ക് ചുവടുമാറിയാല്‍ ഇതു സാധ്യമാവും.  മതനിരപേക്ഷത, ആരോഗ്യചിന്ത, ശുചിത്വബോധം തുടങ്ങിയവ പുലര്‍ത്തുന്ന മലയാളികള്‍ മാലിന്യസംസ്‌കരണത്തില്‍ പുറന്തിരിഞ്ഞു നില്‍ക്കുന്നത് വിരോധാഭാസവും 44 നദികളുള്ള ഒരു നാട് വരള്‍ച്ചയെ അഭിമുഖീകരിക്കുന്നു എന്നത് ദയനീയവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  നദികളിലെ സ്വാഭാവിക നീരൊഴുക്ക് തിരികെപ്പിടിക്കണം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മഴക്കുറവും കുടിവെള്ള ദൗര്‍ലഭ്യവും പരിഹരിക്കാം. പൊതുപങ്കാളിത്തം ഇക്കാര്യത്തില്‍ പ്രധാനമാണ്.  മാലിന്യസംസ്‌കരണം സ്വയം നടപ്പാക്കാന്‍ ഓരോരുത്തരും പരമാവധി ശ്രമിക്കണമെന്ന് എംഎല്‍എ ആഹ്വാനം ചെയ്തു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയുടെ  യൂനിറ്റായ കൊച്ചിയിലെ സെന്റര്‍ ഫോര്‍ ബയോ പോളിമെര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും  ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിലെയും സാങ്കേതിക വിദഗ്ധര്‍ ക്ലാസെടുത്തു. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാസ്റ്റിക് ടെക്‌സ്റ്റൈല്‍സ്, പാക്കേജിങ്് എന്നിവയെ കുറിച്ചാണ് ക്ലിനിക്. കല്‍പ്പറ്റ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്ക് അധ്യക്ഷനായിരുന്നു. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി  എ ഭാസ്‌കരന്‍, ലീഡ് ബാങ്ക് മാനേജര്‍ എം ഡി ശ്യാമള സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss