|    Jul 27 Thu, 2017 6:20 am
FLASH NEWS

ടെക്‌നോപാര്‍ക്കിലെ സുരക്ഷ ശക്തമാക്കും

Published : 15th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: ഐടി നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിനായി സിസിടിവി കാമറകള്‍ സ്ഥാപിക്കാനും ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 കേന്ദ്രീകരിച്ച് പോലിസ് കന്‍ട്രോള്‍ റൂം ഒരുക്കി സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടെക്‌നോപാര്‍ക്ക് സൈബര്‍ സിറ്റി പോലിസ് കണ്‍ട്രോള്‍ റൂം, ടെക്‌നോപാര്‍ക്ക് കാംപസ്, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കുന്നതിനും റെയില്‍വേ സ്‌റ്റേഷന്‍, ഫേയ്‌സ് ടൂ, ഫേയ്‌സ് ത്രീ എന്നിവിടങ്ങളില്‍ പ്രീപെയിഡ് ഓട്ടോറിക്ഷാ കൗണ്ടറുകള്‍ തുടങ്ങിയവയും ഒരുക്കാനുമുള്ള നടപടികളാണ് സ്ഥലം എംഎല്‍എയും മന്ത്രിയും കൂടിയായ കടകംപള്ളി സുരേന്ദ്രന്റെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും ടെക്‌നോപാര്‍ക്ക് അതികൃതരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മന്ത്രിയുടെ അധ്യക്ഷതയില്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് സൈബര്‍ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ ഓഫിസില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കൂടുതല്‍ സുരക്ഷയ്ക്കായുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചതായാണ് സൂചന. അന്തിമ തീരുമാനം 18ന് മന്ത്രിയുടെ ഓഫിസിലും 21ന് ടെക്‌നോപാര്‍ക്കിലും ചേരുന്ന യോഗത്തില്‍ സ്വീകരിക്കും. ഫെയ്‌സ് 3ല്‍ യുഎസ്ടി ഗ്ലോബലിനോട് ചേര്‍ന്നായിരിക്കും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുക. എസ്‌ഐ ഉള്‍പ്പെടെ 24 പോലിസ് ഉദ്യോഗസ്ഥരും രണ്ട് ജീപ്പും നാല് ഇരുചക്രവാഹനങ്ങളും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവും. പേയിങ് ഗസ്റ്റായി താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവരുടെ സഹകരണത്തോടെയാണ് വീടുകളിലേക്കുള്ള വഴികളിലും വീടുകള്‍ക്ക് മുന്നിലും വിളക്കുകളും സിസിടിവി കാമറകളും സ്ഥാപിക്കുന്നത്. ഇതിനായി വീട് ഉടമകളേയും റസിഡന്റ്‌സ് അസോസിയേഷനുകളേയും പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേരും. പാര്‍ക്കിന് ചുറ്റുമായി സിസിടിവി കാമറകളും വിളക്കുകളും സ്ഥാപിക്കുന്നത് ടെക്‌നോപാര്‍ക്കിന്റെ സഹായത്തോടെയാണ്. നിലവില്‍ ടെക്‌നോപാര്‍ക്ക് ഫേയ്‌സ് ഒന്നില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ കഴക്കൂട്ടം റെയിവേ സ്‌റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഫേയ്‌സ് 2 ലും 3ലും താമസിയാതെ കൗണ്ടറുകള്‍ സ്ഥാപിക്കുവാനും തീരുമാനമുണ്ട്. ഇത് കൂടാതെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി നിലവിലുള്ള ബസ് സ്‌റ്റോപ്പുകള്‍ പുനക്രമീകരണം നടത്തും. വ്യാപാരികളുടെ സഹകരണത്തോടെ ഐടി നഗരത്തെ കാമറകളുടെ നിരീക്ഷണത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും നവംബര്‍ ഒന്നാം തിയ്യതി ആരംഭിക്കും. സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം, കഴക്കൂട്ടം സിഐ അജയകുമാര്‍, എസ്‌ഐ ടിപിന്‍, തുമ്പ എസ്‌ഐ ധനപാലന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക