|    Mar 25 Sun, 2018 4:56 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ടൂറിസം റിപബ്ലിക്കിലെ കൂട്ടിക്കൊടുപ്പ്

Published : 2nd August 2017 | Posted By: fsq

ഇന്ത്യാ മഹാരാജ്യത്തിലെ ഒരു നിയമവും ആര്‍ക്കും ബാധകമല്ലാത്ത ഒരു സ്ഥലമാണ് ഇടുക്കി. ഏതു നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും സംഘടിത മത-സാമുദായിക-രാഷ്ട്രീയ പിന്തുണ കിട്ടും. സര്‍ക്കാര്‍ഭൂമി കൈയേറാം. വ്യാജ രേഖ ചമയ്ക്കണമെന്നുമാത്രം. വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കോടതിയില്‍ പോവുന്നതിനുള്ള പണവും നല്ല വക്കീലിനെയും കരുതണമെന്നുമാത്രം. ഭൂമി കൈയേറ്റത്തിനും വന്‍കിട റിസോര്‍ട്ട് നിര്‍മാണത്തിനും ഏജന്റുമാര്‍, കണ്‍സള്‍ട്ടന്റുമാര്‍ മുതലായവരെ കണ്ടാല്‍ മതി. സ്ഥലം കണ്ടെത്തി എല്ലാ രേഖകളും ശരിയാക്കി രാഷ്ട്രീയനേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ഇവര്‍ ഉറപ്പാക്കിത്തരും. അതിവേഗത്തില്‍ അംബരചുംബികള്‍ ഉയര്‍ത്തിയാല്‍ മൂന്നാര്‍ ടൂറിസം റിപബ്ലിക്കില്‍ അംഗമാവാം. ആരൊക്കെയാണ് ഈ റിപബ്ലിക്കില്‍ ഉള്ളത്? മുന്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍, മതമേലധ്യക്ഷന്മാരുടെ സ്വന്തക്കാര്‍ തുടങ്ങി രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ എല്ലാവിഭാഗം നേതാക്കളും, ഇവര്‍ക്ക് കവചമൊരുക്കാന്‍ സംഘടിത ട്രേഡ് യൂനിയനുകളും. ഇവരെല്ലാം ചേര്‍ന്ന് നിയന്ത്രിക്കുന്ന മൂന്നാറില്‍ ഏതു നിയമത്തിന്റെയും കൈയും കാലും വെട്ടാം. നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ തടയുന്ന ഉത്തരവാദിത്തമാണ് കേരള സര്‍ക്കാരിനുള്ളത്. ശ്രീരാം വെങ്കിട്ടരാമനെയും അതിനു മുമ്പ് മൂന്നാര്‍ ഡിഎഫ്ഒ ജി പ്രസാദിനെയും എത്ര കൗശലപൂര്‍വമാണ് വിപ്ലവകാരികള്‍ കൈകാര്യം ചെയ്തത്.മൂന്നാര്‍ ഇന്നൊരു പ്രതീകമാണ്. ടൂറിസം വികസനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും ഭരണകൂട അഴിമതിയുടെയും മാത്രമല്ല, കൈയേറ്റങ്ങളുടെയും പൊതുസ്വത്തു കൊള്ളയടിക്കുന്നതിന്റെയും പ്രതീകംകൂടിയാണ്. ഭൂമിയിലെ അതിസുന്ദരമായ ഇടങ്ങളിലൊന്നാണ് മൂന്നാര്‍. കുളിരും മഞ്ഞും പെയ്തുനില്‍ക്കുന്ന, മേഘസൗന്ദര്യങ്ങള്‍ മുഖംനോക്കുന്ന നീലാകാശങ്ങള്‍, മലകളുടെ വിശുദ്ധികള്‍ പിറവി നല്‍കുന്ന പാലരുവികള്‍, പൂക്കളുടെയും സുഗന്ധങ്ങളുടെയും സ്വപ്‌നദേശം. പ്രകൃതിയുടെ ചാരുത ഇല്ലാതാക്കിയിട്ട് നവീന മൂന്നാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ടൂറിസം വിദഗ്ധര്‍ കൂട്ടിക്കൊടുപ്പുകാര്‍ തന്നെയാണ്. പ്രത്യേക സാമ്പത്തികമേഖലപോലെ പ്രത്യേക ടൂറിസം മേഖലയും സമ്പന്ന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. ഒരിക്കല്‍ വെള്ളക്കാര്‍ ഈ മണ്ണും പെണ്ണും ആവോളം ആസ്വദിച്ചതാണ്. ഇനിയും ആസ്വദിക്കാന്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതുകൂടി ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ടൂറിസത്തിന്റെ മറവില്‍ ഭരണകൂടം. ജനസാന്ദ്രതയേറിയ കേരളത്തെ ടൂറിസത്തിനു വേണ്ടി വില്‍പനയ്ക്കു വച്ചത് ആരാണ്? കേരളം സമ്പന്നര്‍ക്ക് എന്തും ചെയ്യാന്‍ സുരക്ഷിത കേന്ദ്രമാവുകയാണോ? മണ്ണും ജലവും വായുവും ജൈവസമ്പത്തും അടങ്ങുന്ന പ്രകൃതിവിഭവങ്ങളെ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ടി സംരക്ഷിക്കാനും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തീവ്രമായ മുതലാളിത്ത മൗലികവാദം പുലര്‍ത്തുന്ന ഒരു കൊളോണിയല്‍ സാമ്പത്തികസമൂഹം ഇതെല്ലാം അധിനിവേശത്തിനിരയാക്കുകയാണ്. അധീശസമൂഹങ്ങളിലെ പുത്തന്‍ കോര്‍പറേറ്റ് അധികാരിവര്‍ഗം അവരുടെ വിപണിതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വിഷയികളെ ഉല്‍പാദിപ്പിക്കുന്നു. തത്ത്വത്തിലല്ലെങ്കിലും പ്രയോഗത്തില്‍ സാമൂഹികനീതിയിലൂന്നുന്ന രാഷ്ട്രീയ സമീപനങ്ങള്‍ക്കു പകരം വ്യക്തിഗത പരിഹാരങ്ങളിലേക്കു നീങ്ങുന്ന അരാഷ്ട്രീയതയ്ക്ക് മാന്യത കൈവന്നിരിക്കുന്നു. ഇതു വിപണിവല്‍ക്കരണത്തിന് സാധൂകരണമാവുന്നു. കാശുകൊടുക്കാന്‍ കഴിയുന്നവന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ‘ഫെസിലിറ്റേറ്റര്‍’ ആവുകയാണ് സര്‍ക്കാരിന്റെ ധര്‍മമെന്നാണ് മൂന്നാര്‍ റിപബ്ലിക് പ്രഖ്യാപിക്കുന്നത്. ആഗോള ഫിനാന്‍സ് മൂലധനത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന ഉപഭോഗാര്‍ത്തിപൂണ്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആഗോള മൂലധനശക്തികള്‍ വിചിത്രമായ നൈതികതയെ വളര്‍ത്തിയെടുക്കുന്നതിന്റെ ഓമനപ്പേരാണ് ടൂറിസം. കേരളീയ ജനതയുടെ നിലനില്‍പ്പിന് ഒരിക്കലും ഒഴിവാക്കാനാവാത്ത സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങള്‍ ഒന്നൊന്നായി തകരുകയാണ്. ഭരണതല കാര്യക്ഷമതയില്ലായ്മയുടെ മാത്രം പ്രശ്‌നമല്ലിത്. മൊത്തം കേരള സമൂഹത്തിന്റെ തിരിച്ചറിവിന്റെയും നമ്മെ നയിക്കുന്ന സമൂഹനേതൃത്വത്തിന്റെ ലക്ഷ്യബോധത്തിന്റെ പരാജയത്തിന്റെയും കൂടി പ്രശ്‌നമാണിത്.കാടും പുഴയും ജീവിതത്തിന്റെ അനിവാര്യഘടകമെന്നു വിശ്വസിച്ചിരുന്ന മലയാളി വയലുകളും കാടുകളും മലയിടിച്ച് നികത്തിയെടുത്ത് സ്വന്തം മക്കള്‍ക്ക് ശവപ്പെട്ടി പണിയുന്ന നീചന്മാരായതെങ്ങനെ? ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ടൂറിസം വിപണിവ്യവസ്ഥാവികസനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക സങ്കല്‍പങ്ങളാണ് മൂന്നാറിന്റെയും കേരളത്തിന്റെയും നാശത്തിനു വഴിവച്ചിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നടപ്പിലുള്ള ടൂറിസമല്ല മൂന്നാംലോകത്ത് വ്യാപിപ്പിക്കുന്നത്. സഞ്ചാരവിനിമയത്തിനു പകരം സാംസ്‌കാരിക അധിനിവേശവും സാമ്രാജ്യത്വ അധീശത്ത സ്ഥാപനവുമാണ് ഇന്നത്തെ ടൂറിസത്തിന്റെ ലക്ഷ്യം. മൂന്നാര്‍ ടൂറിസം മേഖലയിലെ തോട്ടംതൊഴിലാളികളുടെ നിത്യവരുമാനം 80 രൂപയാണ്. ടൂറിസം വികസിച്ചതോടെ മൂന്നാര്‍ ടൗണില്‍ ഒരുനേരം ചായ കുടിക്കണമെന്നു വിചാരിച്ചാല്‍ പാവപ്പെട്ട തൊഴിലാളി 50 രൂപ ചെലവഴിക്കേണ്ടിവരുന്നതാണ് അവരുടെ പ്രശ്‌നം. ഉല്‍പാദനപ്രക്രിയയുടെ വികാസമെന്നാല്‍ മൂലധനത്തിന്റെ അനുസ്യൂത വികാസമാണ്. മൂലധനത്തിന്റെ വികസനത്തില്‍ ഉപഭോക്താവിന്റെ ക്രയശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. മൂന്നാറിലിപ്പോള്‍ സഖാക്കള്‍ ചെയ്യുന്നത് അതാണ്. ആഗോളവല്‍ക്കരണംമൂലം രാജ്യാതിര്‍ത്തികള്‍ തേഞ്ഞുമാഞ്ഞുപോയാലും സ്ത്രീകള്‍ക്കും ദലിതുകള്‍ക്കും പ്രകൃതിവിഭവങ്ങള്‍ക്കും മേലുള്ള കൊളോണിയല്‍ അധിനിവേശം പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശക്തമായി തുടരാനാണ് സാധ്യത. എന്തുകൊണ്ടെന്നാല്‍ പുതിയ മൂലധനം അതിന്റെ വിന്യാസരീതികളെ മാത്രമേ പരിഷ്‌കരിച്ചിട്ടുള്ളൂ. മിച്ചമൂല്യോല്‍പാദനമാവട്ടെ ഇപ്പോഴും അടിത്തട്ടില്‍ ആശ്രയിക്കുന്നത് കൈയൂക്കിനെയും അടിമപ്പണിയെയുമാണ്. ഏഴുലക്ഷം ഹെക്റ്ററോളം വരുന്ന കേരളത്തിന്റെ പൊതുസ്വത്ത് കൈയേറിയിരിക്കുന്നവരെ ഒഴിവാക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റിനു മാത്രമേ കഴിയുകയുള്ളൂ. ഇന്നത്തെ ഇടതുമുന്നണിയില്‍ നിന്ന് കേരളം അതു പ്രതീക്ഷിക്കുന്നില്ല. ആദിവാസി ഭൂപ്രശ്‌നത്തില്‍ 140 എംഎല്‍എമാരും ഒന്നിച്ചുനിന്ന് ആദിവാസികള്‍ക്കെതിരേ ബില്ല് പാസാക്കിയ നാടാണ് കേരളം.  25 വര്‍ഷം മുമ്പ് മൂന്നാറില്‍ ഒരു വന്‍കിട അണക്കെട്ട് നിര്‍മിച്ച് വൈദ്യതി ഉല്‍പാദിപ്പിക്കാന്‍ കെഎസ്ഇബി തീരുമാനിച്ചപ്പോള്‍ അതിനെതിരേ സമരം ചെയ്തു വിജയിച്ചതുകൊണ്ടാണ് മൂന്നാര്‍ ഈ നിലയിലെങ്കിലും അവശേഷിക്കുന്നത്. നഗരവല്‍ക്കരിക്കുക എന്നതാണ് ആധുനിക സമൂഹത്തിന്റെ മുഖ്യ അജണ്ട. നഗരങ്ങള്‍ മാലിന്യമല്ലാതെ മറ്റൊന്നും ഉല്‍പാദിപ്പിക്കുന്നില്ല. അരിപ്രശ്‌നം അനഭിമതമാവുകയും ഉപഭോഗതൃഷ്ണകള്‍ അനിവാര്യമാവുകയും ചെയ്യുമ്പോള്‍ കാടും പുഴയും ഇല്ലെങ്കിലെന്ത് എസിയും വെള്ളവുമൊക്കെ വിലയ്ക്കുവാങ്ങാന്‍ കിട്ടും എന്നാണ് പുതിയ സൂത്രവാക്യം. ടൂറിസം വികസിപ്പിക്കുന്ന മലയാളി മണ്ണിലല്ല കൃഷിയിറക്കുന്നത്, പെണ്ണിലാണെന്നത് തമാശയല്ല. ആധുനിക പരിഷ്‌കൃതിക്കുമേല്‍ ഒരു ഇത്തിള്‍കണ്ണിപോല്‍ വളര്‍ന്നു പന്തലിച്ചിട്ടുള്ള ഉപഭോക്തൃ സംസ്‌കാരമാണ് മിക്ക പരിസ്ഥിതി പ്രശ്‌നങ്ങളുടെയും മൂലകാരണം. കൃഷിഭൂമിക്കു വേണ്ടിയുള്ള കൈയേറ്റത്തിന്റെ തുടര്‍ച്ച തന്നെയായിട്ടാണ് മൂന്നാറിലെ ടൂറിസം വ്യവസായ ഭൂമികൈയേറ്റത്തിന്റെ ആരംഭവും പ്രചോദനവും. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കാര്‍ഷികമേഖലയിലെ വരുമാനത്തിലുണ്ടായ തളര്‍ച്ചയും പുതിയ ലോകക്രമവും മാഫിയാവല്‍ക്കരണവും സൃഷ്ടിച്ചിട്ടുള്ള ആര്‍ത്തിയും ദുര്‍ബലമായ എല്ലാത്തിനെയും നശിപ്പിക്കുന്ന പ്രവണതയിലേക്കാണു കടന്നുകയറിയത്. അഴിമതിയാണ് അതിന്റെ മുഖമുദ്ര. ഗ്രാമത്തിന്റെ വിശുദ്ധിയെ അത് കളങ്കപ്പെടുത്തുന്നു. ഗ്രാമങ്ങളിലെ വെള്ളവും ഭക്ഷ്യവസ്തുക്കളും പ്രകൃതിവിഭവങ്ങളും അതു കൊള്ളയടിക്കുന്നു. മൂന്നാറിന്റെ പാരിസ്ഥിതിക പ്രാധാന്യം പര്‍വതനിരകള്‍ ഒരുക്കിയതാണ്. അതിനാല്‍ തന്നെ മാനുഷിക ഇടപെടലുകളും നഗരവല്‍ക്കരണവും മൂന്നാറിനെ മാത്രമല്ല, മൊത്തം കേരളത്തെ ദുരന്തത്തിലേക്കു നയിക്കാന്‍ ഇടവരുത്തുമെന്നതിനാല്‍ ടൂറിസംപോലുള്ള പ്രകൃതിക്കു മീതെ ആഘാതമേല്‍പിക്കുന്ന ഒരുതരത്തിലുള്ള അധിനിവേശത്തെയും അനുവദിക്കാവുന്നതല്ല.  രണ്ടാം മൂന്നാര്‍ ഓപറേഷനും അട്ടിമറിക്കാനുള്ള ശ്രമം പ്രതിപക്ഷത്തുനിന്നല്ല, ഭരണപക്ഷത്തുനിന്നുതന്നെയായിരുന്നു എന്ന ഏറെ വിചിത്രമായ കാഴ്ചയും കേരളീയര്‍ കണ്ടു. ഒന്നാം മൂന്നാര്‍ നടപടി എന്ന ആശയത്തിന് രൂപം നല്‍കുകയും ഭരണതലത്തില്‍ നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യമന്ത്രിക്ക് അതിന്റെ ക്രെഡിറ്റ് ഭരണമുന്നണി നല്‍കിയില്ലെന്നതോ പോവട്ടെ, അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വി എസ് അച്യുതാനന്ദന്‍ എന്ന ആദരണീയനും വയോധികനുമായ കമ്മ്യൂണിസ്റ്റ് നേതാവിന് ഇതുവരെ ഉണ്ടാക്കിയ പൊളിറ്റിക്കല്‍ ഇമേജ്‌പോലും നഷ്ടമാവുകയും ചെയ്തു. സ്വന്തം കക്ഷിയിലെ തന്നെ കുടിലശക്തികളും ശിഖണ്ഡിവേഷമണിഞ്ഞ ഒരു ഘടകകക്ഷിയും ചേര്‍ന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി കേരളീയര്‍ കണ്ട നന്മയുടെ വെളിച്ചത്തെ മൂന്നാറില്‍ തല്ലിക്കെടുത്തി.  മൂന്നാറിലായാലും ചിന്നക്കനാലിലായാലും വാഗമണിലായാലും എത്ര വനാന്തരത്തിലായാലും കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വന്‍ മുതലാളിമാരും രാഷ്ട്രീയനേതാക്കളും സിനിമാതാരങ്ങളും കള്ളപ്പണക്കാരുമാണ്. മൂന്നാര്‍ദൗത്യം മുളയിലേ നുള്ളേണ്ടത് ഈ കൊള്ളസംഘത്തിന്റെ ആവശ്യമായിരുന്നു. കള്ളത്തരങ്ങള്‍ ചെയ്യാനുള്ള മറ രാഷ്ട്രീയനേതൃത്വം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥര്‍ അതുപയോഗിച്ച് ഫലപ്രദമായി അഴിമതി ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലവിലുള്ളത്. അനേകകോടി രൂപയുടെ ഭൂമി സമ്പന്നരായ കൈയേറ്റക്കാര്‍ക്ക് നിര്‍ബാധം പതിച്ചുനല്‍കുന്നതിനു വേണ്ടി കൃത്രിമ രേഖകള്‍ ചമച്ച ഒരു ഉദ്യോഗസ്ഥനും അച്യുതാനന്ദന്റെ ഭരണത്തിന്‍കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ പോയിട്ടില്ല. അവര്‍ക്കു നല്‍കിയ പരമാവധി ശിക്ഷ സ്ഥലംമാറ്റമാണ്. ഈ അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നെങ്കില്‍, അവര്‍ക്കെതിരേ ശക്തമായി കേസ് നടത്തിയിരുന്നെങ്കില്‍ അഴിമതിക്കാര്‍ക്കു പേടിയുണ്ടാവുമായിരുന്നു. ഇത്തരക്കാരായ ഉദ്യോഗസ്ഥര്‍ ഭരണകക്ഷികളുടെ സഖാക്കളും മുന്നണിപ്പോരാളികളുമാവുമ്പോള്‍ അതു സാധ്യമല്ലാതെ വരുന്നു. നീതിയും അനീതിയും പരിസ്ഥിതിപക്ഷത്തു നിന്ന് നിര്‍വഹിക്കാന്‍ നാം ധൈര്യപ്പെടേണ്ട ഘട്ടമാണിന്ന്. ആകാശത്തിന് നീതിവേണം, പുഴകള്‍ക്ക് നീതിവേണം, കാടിന് നീതിവേണം. ഇന്നത്തെ അന്തരീക്ഷം പ്രത്യക്ഷത്തില്‍ ഇതിന് അനുകൂലമല്ലെന്നു ചിലര്‍ക്കു തോന്നിയേക്കാം. ഇന്ന് വ്യവസ്ഥാപിത പാര്‍ലമെന്ററി രാഷ്ട്രീയവും ആസ്ഥാന ബുദ്ധിജീവികളും കൊട്ടിഘോഷിക്കുന്ന ബൂര്‍ഷ്വാ ജനാധിപത്യനീതിയുടെ കറകളഞ്ഞ ജനവിരുദ്ധസ്വഭാവം ഏറ്റവും നന്നായി, ഏറ്റവും ശക്തമായി തുറന്നുകാട്ടേണ്ട സമയമാണ്.മൂലധനാധിപത്യത്തിനെതിരേ നിലപാട് എടുക്കുന്നതിനു പകരം മൂലധനവുമായി ചേര്‍ന്നുകൊണ്ട് സമാനമായ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന കളങ്കപ്പെട്ടവരുടെയും വെറുക്കപ്പെട്ടവരുടെയും സമ്പത്തിന്റെ ശീതളഛായയില്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് പുതിയ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസിക വികാസം ഉണ്ടായിട്ടില്ല. അപരന്റെ അധ്വാനത്തിന്റെ ചൂഷണം തന്റെ മികവായി അളക്കപ്പെടുന്ന നാഗരികതയുടെ പരിസരത്തു മാത്രമേ ഇനി പ്രത്യക്ഷ ഇടതുപക്ഷങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ. അധിനിവേശങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള സമൂഹത്തെ ഇല്ലാതാക്കുകയും വികസനമെന്ന മുതലാളിത്തപദത്തെ വാരിപ്പുണരുകയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ടൂറിസം കോംപ്ലക്‌സുകളുമാണ് തൊഴിലാളിവര്‍ഗ മോചനത്തിനു വേണ്ടതെന്നും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എഡിബി ആയാലും ലോക ബാങ്കായാലും സ്വാതന്ത്ര്യം പോയാലും മാനം പോയാലും വളരാനും വികസിക്കാനുമുള്ള ഒരു വഴിയും ഒഴിവാക്കാനാവില്ല. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം കൊഴിഞ്ഞുവീഴുമ്പോള്‍ ഭരണകൂടം മര്‍ദനോപകരണം മാത്രമായി മാറുമ്പോള്‍ വിഭവങ്ങള്‍ക്കുമേല്‍ മൂലധനത്തിന്റെ നിയന്ത്രണം മുറുകുന്നു. ചൂഷണവും ആധിപത്യസ്ഥാപനവും അല്ലാതെ സിവില്‍സമൂഹവും അതിന്റെ നിലനില്‍പ്പും ഭരണകൂടത്തിന്റെ പരിഗണനയിലില്ല. ഭരണഘടനയില്‍ ജനാധിപത്യത്തെപ്പറ്റി ഏറെ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രക്രിയകളും ഭരണകൂടനയങ്ങളും അതിനെ ദുര്‍ബലപ്പെടുത്തുന്നു. അതിലെ വൈരുധ്യങ്ങളെ പുറത്തുകൊണ്ടുവരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമായും സാംസ്‌കാരികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും മതസൗഹാര്‍ദപരമായും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണല്ലോ പറയപ്പെടുന്നത്. അതിന്റെ പേരില്‍ കാലങ്ങളായി മിഥ്യാഭിമാനം കൊള്ളുന്നവരാണു നമ്മള്‍. അത്തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് നാം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി എന്തെന്നു പഠിക്കാനോ എങ്ങനെ ഇനി മുന്നോട്ടുപോവാമെന്ന് അന്വേഷിക്കാനോ നാം മെനക്കെടാറില്ല. വോട്ട് അരിവാളിനും മനസ്സ് പൈങ്കിളിക്കുമായി മാറ്റിവച്ച പൊയ്ക്കാല്‍ വികസന സങ്കല്‍പങ്ങള്‍ ആത്മവിമര്‍ശനപരമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ നമുക്കു കഴിയുന്നില്ല. അധ്വാനവിമുഖതയും അഴിമതിയും മദ്യപാനാസക്തിയും ആഗോളവല്‍ക്കരണത്തിന്റെ ചെലവില്‍ എഴുതിത്തള്ളുകയാണിവിടെ. ഒരു ജനതയെ ഭൗതികമായി കീഴടക്കുന്നതോ അവരുടെ ഭൂമിയും സ്വത്തും കൊള്ളയടിക്കുന്നതോ ഇങ്ങേയറ്റം വരെ അവരെ രാഷ്ട്രീയമായി അടിമപ്പെടുത്തുന്നതോ അത്ര ഭയാനകമല്ല, ആത്മീയമായി അടിമപ്പെടുത്തുന്നതാണ് ഏറ്റവും ക്രൂരം. ഇവിടെ ആത്മീയമെന്നത് സാംസ്‌കാരികമായി, മാനസികമായി എന്നൊക്കെ കൂട്ടിവായിക്കണം. ആധുനികന്റെ ആധുനിക നഗരമെന്ന അധിനിവേശത്തെ പ്രതിരോധിക്കേണ്ടത് സ്വന്തം മണ്ണിലും സ്വന്തം സത്തയിലും ഉയിരെടുക്കുന്ന സാംസ്‌കാരിക സമരങ്ങള്‍കൊണ്ടാണ്. ചരിത്രമെഴുത്തിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന് വര്‍ത്തമാനകാലമാണ്. ഭൂതകാലവും വര്‍ത്തമാനവും തമ്മിലുള്ളൊരു സംവാദമാണു ചരിത്രം. ചരിത്രത്തിന്റെ രണാങ്കണങ്ങളില്‍ കൊഴിഞ്ഞുപോയവരല്ല, ചരിത്രത്തില്‍നിന്ന് നേരെ വര്‍ത്തമാനത്തിലേക്ക് വര്‍ധിതവീര്യവുമായി ജൈത്രയാത്ര നടത്തിയ വേട്ടയാടപ്പെട്ട പോരാളികളാണ് പിന്നിലുള്ള മുഖ്യധാര ചരിത്രരചനയുടെ ചുക്കാന്‍പിടിക്കേണ്ടത്. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കടിപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയത്തിലെ നെറികേടുകള്‍ക്കൊപ്പം നിന്ന് അധികാരം ആസ്വദിക്കാന്‍ പ്രത്യയശാസ്ത്രങ്ങളെ കൈയൊഴിയുകയും ഒരു ജനതയുടെ പോരാട്ടചരിത്രങ്ങളെ ഒന്നാകെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരുടെ സ്ഥാനം ചരിത്രത്തിലെന്നും ചവറ്റുകൊട്ടയില്‍തന്നെയായിരിക്കും.              (കടപ്പാട്: ജനശക്തി, ജൂലൈ 15, 2017)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss