|    Oct 15 Mon, 2018 3:56 pm
FLASH NEWS

ടൂറിസം മേഖല : ജനകീയ കൂട്ടായ്മകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം

Published : 15th September 2017 | Posted By: fsq

 

വൈക്കം: ടൂറിസം മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വൈക്കത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യം നടത്തുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ടൂറിസം ആസൂത്രണ പ്രക്രിയയാണ് പെപ്പെര്‍. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാറാണ് വൈക്കത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. സി കെ ആശ എംഎല്‍എയും, കെ രൂപേഷ്‌കുമാറും ചേര്‍ന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി ഡോ. വി വേണു, ഡയറക്ടര്‍ പി ബാലകിരന്‍ എന്നിവര്‍ക്ക് പദ്ധതി സമര്‍പിച്ചിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കി. ആദ്യ ഘട്ടത്തില്‍ വൈക്കം നഗരസഭ, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, ടിവി പുരം, വെച്ചൂര്‍, തലയാഴം, കല്ലറ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, രണ്ടാം ഘട്ടത്തില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാവും. അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലൂടെ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ, ടൂറിസം റിസോര്‍സ് മാപ്പിങ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ടൂറിസം മാര്‍ക്കറ്റിങ് (ദേശീയ വിദേശ ടൂറിസം മേളകള്‍, ഓണ്‍ലൈന്‍), ഫാം ട്രിപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ഗുണഭോക്താക്കളുടെ തിരെഞ്ഞെടുപ്പ്, കുറഞ്ഞത് 2000 പേര്‍ക്കു ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം, തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ നിന്നും ജനകീയമായി നിര്‍ദേശിക്കപ്പെട്ട് അംഗീകരിച്ചു നല്‍കുന്ന ടൂറിസം പ്രൊജെക്ടുകളുടെ അംഗീകാരവും നിര്‍വഹണവും ടൂറിസം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലും നിര്‍വഹണവും എന്നിവയാണ് പെപ്പെര്‍ പദ്ധതി പ്രകാരം നടപ്പാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss