|    Jan 21 Sat, 2017 7:50 am
FLASH NEWS

ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ്; കായല്‍-കനാല്‍ തീരങ്ങളെ സംയോജിപ്പിക്കുന്ന ബൃഹദ് പദ്ധതി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ബജറ്റില്‍ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവിധം സ്വകാര്യനിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ബജറ്റ് വിഭാവനം ചെയ്യുന്നു. 20 വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റോഡ്-ജലഗതാഗതസൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം വേസൈഡ് അമിനിറ്റീസ് തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിനായി 400 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ വകയിരുത്തി. ധര്‍മടം-മുഴപ്പിലങ്ങാട്, കണ്ണൂര്‍കോട്ട-അറക്കല്‍ കൊട്ടാരം, കാരാപ്പുഴ-വയനാട് ടൂറിസം ഹബ്ബ്, ചെത്തി-മാരാരിക്കുളം, തൃശൂര്‍-ഗുരുവായൂര്‍-പാലിയൂര്‍ സര്‍ക്യൂട്ട്, വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടം, ആക്കുളം, പൊന്നാനി തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.
മുസ്‌രിസ് പദ്ധതിയുടെ മാതൃകയില്‍ തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഹെറിറ്റേജ് ടൂറിസം നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിലെ തോടുകളുടെ നവീകരണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും നടക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നു 100 കോടി വകയിരുത്തി. പൊന്മുടിയിലേക്ക് റോപ്‌വേ നിര്‍മിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും 200 കോടി നീക്കിവച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പൈസസ് റൂട്ട് ടൂറിസം സര്‍ക്യൂട്ടിന് തുടക്കം കുറിക്കും. ഇതിനായി 18 കോടി വകയിരുത്തി. ബാലരാമപുരം, മാന്നാര്‍, ആറന്മുള, ചെറുതുരുത്തി, പയ്യന്നൂര്‍, മുത്തങ്ങ തുടങ്ങിയ 10 കേന്ദ്രങ്ങളില്‍ പൈതൃകഗ്രാമങ്ങള്‍ വികസിപ്പിക്കും. വാര്‍ഷികപദ്ധതിയില്‍ 311 കോടിയാണ് ടൂറിസത്തിന് അടങ്കല്‍. ടൂറിസം ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്, ടൂറിസം പരിശീലനസ്ഥാപനങ്ങളുടെ വികസനം, ടൂറിസം ഉല്‍പന്നങ്ങളുടെ പ്രമോഷന്‍ എന്നിവയ്ക്കാണ് ഈ തുക വകയിരുത്തിയത്. കൂടാതെ, 750 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നു ടൂറിസത്തിന് നീക്കിവച്ചിട്ടുണ്ട്.
ജലഗതാഗതമേഖലയെയാകെ മാറ്റിമറിക്കുന്ന സംഭവവികാസമായിരിക്കും കൊച്ചിയില്‍ നടപ്പാക്കാന്‍ പോവുന്ന സംയോജിത പദ്ധതിയെന്ന് തോമസ് ഐസക്. 38 പുതിയ ജെട്ടികളും വേഗം കൂടിയ 78 ആധുനിക കറ്റമറൈന്‍ ബോട്ടുകളുംകൊണ്ട് കൊച്ചിയുടെ കായല്‍-കനാല്‍ തീരങ്ങളെ സംയോജിപ്പിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേ മാതൃകയില്‍ ആലപ്പുഴ-കുട്ടനാട്-ചങ്ങനാശ്ശേരി-കോട്ടയം മേഖലയിലെ ജലഗതാഗതം നവീകരിക്കുന്നതിനും പദ്ധതി രൂപീകരിക്കും. ഇതിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 400 കോടി വകയിരുത്തിയിട്ടുണ്ട്.
ആലപ്പുഴ ബോട്ട് ജെട്ടി, ബസ്സ്റ്റാന്‍ഡ് എന്നിവയെ സംയോജിപ്പിച്ച് ഒരു മൊബിലിറ്റി ഹബ്ബിനും രൂപം നല്‍കും. ദേശീയ ജലപാതയുടെ ടെര്‍മിനലും ഇവിടെയായിരിക്കും. ഇതിനായി നടപ്പുവര്‍ഷം 50 കോടി രൂപയുടെ ചെലവു പ്രതീക്ഷിക്കുന്നു. കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പിന് 125 കോടി വകയിരുത്തിയിട്ടുണ്ട്. കോട്ടപ്പുറം-നീലേശ്വരം ജലപാതയ്ക്ക് 20 കോടി, കൊല്ലം-കോവളം ജലപാതയ്ക്ക് 10 കോടി, വടകര-മാഹി കനാലിനും മറ്റ് ഫീഡര്‍ കനാലുകളുടെ നിര്‍മാണത്തിനും 50 കോടിയും പുതിയ ജെട്ടികള്‍ക്ക് 12 കോടിയും മാറ്റിവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക