|    Nov 20 Tue, 2018 6:39 pm
FLASH NEWS

ടൂറിസം മേഖലയിലെ ആദിവാസിഭൂമി നിസ്സാര വിലയ്ക്ക് വിറ്റു

Published : 16th June 2017 | Posted By: fsq

 

മാനന്തവാടി: ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാനായി ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ ഭൂമി കണ്ടെത്തുമ്പോള്‍ ആദിവാസിഭൂമി വില്‍പന നടത്തിയത് നിസ്സാര വിലയ്ക്ക്. വെള്ളമുണ്ട മംഗലശ്ശേരിയിലാണ് ഇക്കോ ടൂറിസം പ്രാധാന്യമുള്ളതെന്ന് അധികൃതര്‍ തന്നെ കണ്ടെത്തിയ ആദിവാസി ഭൂമി റവന്യൂവകുപ്പിന്റെ ഒത്താശയോടെ വില്‍പന നടത്തിയത്. സെന്റിന് കേവലം 6000 രൂപ വില നിശ്ചയിച്ചാണ് ആദിവാസികളുടെ ഒരു ഏക്കര്‍ നാല്‍പത് സെന്റ് ഭൂമി വില്‍പന നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയത്. വെള്ളമുണ്ട മംഗലശ്ശേരി ബാണാസുരമലയുടെ താഴ്ഭാഗത്തായി കാടര്‍ വിഭാഗത്തില്‍പെട്ട ലക്ഷ്മി, ജാനു എന്നിവരുടെ കൈവശമുള്ള ഭൂമിയാണ് കഴിഞ്ഞ മാസം വില്‍പന നടത്തിയത്. വീട് നിര്‍മിക്കാനും ചികില്‍സയ്ക്കും വേണ്ടിയാണ് ഭൂമി വില്‍ക്കാന്‍ അനുമതി തേടി ഇവര്‍ ജില്ലാ കലക്ടറെ സമീപിച്ചത്. വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ 583ല്‍പെട്ട, കൃഷി ആവശ്യത്തിനു വേണ്ടി ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയാണ് ഭൂമിയിലെ റിസര്‍വ് ചെയ്യപ്പെട്ട മരങ്ങളുള്‍പ്പെടെ രേഖപ്പെടുത്തി വില്‍പന നടത്തിയിരിക്കുന്നത്. ഭൂമി വില്‍ക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് ഭൂവുടമകളായ സഹോദരിമാരായ ലക്ഷ്മിയും ജാനുവും നല്‍കിയ അപേക്ഷ പരിഗണിച്ച പട്ടികവര്‍ഗ വകുപ്പും റവന്യൂവകുപ്പും പരിശോധന നടത്തിയിരുന്നു. വില്‍പന നടത്തുന്ന സ്ഥലം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട മനോഹരമായ പ്രദേശമാണെന്നും തൊട്ടടുത്തായി നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടൂറിസത്തിന്റെ സാധ്യതയ്ക്കായാണ് സ്ഥലം വാങ്ങുന്നതെന്നു സംശയിക്കുന്നതായും പട്ടികവര്‍ഗ വകുപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്തോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന നാരകക്കൊല്ലി, ചിറപ്പുല്ല് എന്നീ ട്രക്കിങ് പ്രാധാന്യമുള്ള സ്ഥലങ്ങളെയും ബാണാസുരസാഗര്‍ പദ്ധതിയെയും കൂട്ടിയിണക്കി സര്‍ക്കാര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി വിഭാവനം ചെയ്ത വിവരവും ടിഡിഒയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ടെന്നും സ്ഥലത്തിന് മോഹവില ലഭിക്കുമെന്നും ടിഡിഒ റിപോര്‍ട്ടില്‍ പറയുന്നു. മലമുകളിലാണെങ്കിലും ഭൂമിയിലേക്ക് വാഹനമെത്തുന്ന പഞ്ചായത്ത് റോഡും നിലവിലുണ്ട്. ഇവിടെ നിന്നു നോക്കിയാല്‍ വയനാടിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാം. എന്നാല്‍, ഇത്രയേറെ മൂല്യമുള്ള ഭൂമിയാണ് സെന്റിന് വെറും 6000 രൂപ മാത്രം വില നിശ്ചയിച്ച് വില്‍പന നടത്താന്‍ മുന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. നേരത്തെ സെന്റിന് 3500 രൂപയ്ക്ക് വില്‍പന നടത്താനായി അനുമതി ചോദിച്ചിരുന്നെങ്കിലും അതു നിഷേധിച്ചതിനെ തുടര്‍ന്നാണ് 6000 രൂപയ്ക്ക് വില്‍ക്കാന്‍ അനുമതി നല്‍കിയത്. തുച്ഛമായ വില നല്‍കി ആദിവാസി ഭൂമി കൈവശപ്പെടുത്തുന്നതു തടയാനായി സര്‍ക്കാര്‍ 1999ല്‍ കൊണ്ടുവന്ന കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം പ്രകാരമാണ് തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ക്ക് നിസ്സാര വിലയ്ക്ക് ഭൂമി നല്‍കാന്‍ അധികൃതര്‍ ഒത്താശ ചെയ്തതെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss