|    Nov 18 Sat, 2017 10:16 am

ടൂറിസം ഭൂപടത്തില്‍ ഇനി അരൂക്കുറ്റിയും

Published : 30th November 2016 | Posted By: SMR

പൂച്ചാക്കല്‍: കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ ഇനി അരൂക്കുറ്റിയും. ടൂറിസം വികസനം ലക്ഷ്യമാക്കി ഇവിടെ നിര്‍മിക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. കൈതപ്പുഴ കായല്‍, വേമ്പനാട്ട് കായല്‍ എന്നിവിടങ്ങളിലെ ടൂറസം യാത്ര ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അരൂക്കുറ്റി ജെട്ടിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ പുതുതായി രൂപ കല്‍പനചെയ്യും. ഇതിനായി നിലവിലെ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കും. അരൂക്കുറ്റിയില്‍ പുരാതന കാലത്ത് ഉണ്ടായിരുന്ന പ്രതാപങ്ങള്‍ വരച്ചുകാട്ടുന്ന രൂപത്തിലാകും പദ്ധതി നടപ്പാക്കുക. കൂടാതെ കായലിനോട് ചേര്‍ന്ന് പാര്‍ക്ക് നിര്‍മിക്കും. ആയുര്‍വേദ ചികില്‍സ കേന്ദ്രം ഉള്‍പ്പടെയുള്ളവയും ഇതോടൊപ്പം  സ്ഥാപിക്കും. റോഡിന് ഇരു വശങ്ങളിള്‍ മനോഹരമാക്കുന്നതിന് പുറമെ അരൂക്കുറ്റി ആശുപത്രിയിലെ പഴയ സ്തൂപാകൃതിയിലുള്ള കെട്ടിടം പുനരുദ്ധരിക്കും. ഈ കെട്ടിടത്തില്‍ നിന്നും കായലിലേക്ക്്് നടപ്പാതയും നിര്‍മിക്കും. ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ ഹൗസ്‌ബോട്ട് ടെര്‍മിനല്‍ നിര്‍മാണമാണ് നിലവില്‍ നടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ടുറിസം വകുപ്പ് ഡയറകടര്‍ അരൂക്കുറ്റിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൈതപ്പുഴ കായലിലെ ഒളവയ്പ്, തൈക്കാട്ടുശ്ശേരി, പാണാവള്ളി പഞ്ചായത്തുകളിലെ ചെറുദ്വീപുകള്‍ എന്നിവിടങ്ങളെ കോര്‍ത്തിണക്കിയാവും പദ്ധതി നടപ്പാക്കുക. കായല്‍ കൂടാതെ ചെറിയ ഇടത്തോടുകളും കരകളോട് ചേര്‍ന്ന തിങ്ങി നില്‍ക്കുന്ന കണ്ടല്‍ വനങ്ങളും വിനോദ സഞ്ചാരികള്‍ക്ക് കൗതുകമാവും. ജലഗതാഗത വകുപ്പ് ബോട്ടുകള്‍ വൈക്കം-തവണക്കടവ് റൂട്ടില്‍ അരൂക്കുറ്റിയുമായി ബന്ധിപ്പിച്ച് കൊച്ചിയിലേക്ക് സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇത് വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകും. അരൂക്കുറ്റിയില്‍ നിന്ന് എറണാക്കുളത്തേക്ക് ജലഗതാഗത വകുപ്പ് ബോട്ട് സര്‍വീസ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് നിലവില്‍ എറണാക്കുളം ഭാഗത്തേക്ക്് യാത്രക്ലേശം കൂടാതെ സഞ്ചരിക്കുന്നതിന് പ്രയോജനം ചെയ്യും. വൈക്കത്ത് പുതുതായി ആരംഭിക്കുന്ന എസി ബോട്ട്്്് സര്‍വീസ് അരൂക്കുറ്റിയുമായി ബന്ധിപ്പിച്ചാല്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ട്്് ആകര്‍ഷിക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്‍കൂട്ടിക്കണ്ട് ഇവിടത്തെ ചെറുതും വലുതുമായ ദ്വീപുകളെല്ലാം വന്‍കിട റിസോര്‍ട്ട്കാര്‍ കൈയടക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക