|    Jun 19 Tue, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി കരിങ്കല്‍ ഖനനമെന്ന് റിപോര്‍ട്ട്

Published : 10th August 2017 | Posted By: fsq

 

എന്‍ എ ശിഹാബ്

തിരുവനന്തപുരം: പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തി ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപം കരിങ്കല്‍ ഖനനം നടക്കുന്നതായി സിഎജി റിപോര്‍ട്ട്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ ഫാന്റം റോക്കിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കരിങ്കല്‍ ഖനനം പുരോഗമിക്കുകയാണ്. കേരള മൈനിങ് ആന്റ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങളില്‍ പുരാവസ്തു-വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഖനനം നിരോധിക്കാന്‍ വ്യവസ്ഥയില്ലാത്തതും ഇതിനു സഹായകമാവുന്നു. വയനാട് ജില്ലയിലെ അമ്പലവയല്‍ പഞ്ചായത്തില്‍ രണ്ടു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ അനധികൃതമായി 17 ക്വാറികള്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ മുപ്ലിയം വില്ലേജില്‍ മുനിയറകള്‍ക്ക് പ്രസിദ്ധമായ മുനിയാട്ടുകുന്നിനു സമീപവും ഖനനം നടക്കുന്നുണ്ട്. സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഖനന ഭൂവിജ്ഞാന വകുപ്പ് നിര്‍ണയിക്കാത്തതാണ് തടസ്സമില്ലാതെ ഖനനം തുടരാന്‍ കാരണം. സാധാരണ മണ്ണ് ഖനനം ചെയ്യുന്നതില്‍ കെഎംഎംസി ചട്ടങ്ങളില്‍ വ്യവസ്ഥയില്ലാത്തത് ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുകയാണ്. ഖനനത്തിനു പെര്‍മിറ്റുകള്‍ നല്‍കുന്നതിനു മുമ്പ് കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയില്ല. ഭൗമശാസ്ത്ര പഠന റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അനുമതിയില്ലാതെ വനംവകുപ്പ് സ്ഥലങ്ങളില്‍ ഖനനം നടക്കുന്നുണ്ട്. സര്‍ക്കാര്‍ഭൂമിയിലും അനുമതിയില്ലാതെ ഖനനം നടക്കുന്നതായും സിഎജി കുറ്റപ്പെടുത്തുന്നു. നിരവധി ബോട്ട് അപകടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള സംസ്ഥാനത്തെ ജലഗതാഗതം ഇപ്പോഴും അപകടകരമായ സാഹചര്യത്തിലാണെന്ന് സിഎജി കണ്ടെത്തി. 70 ശതമാനം ഹൗസ്‌ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 754 ഹൗസ്‌ബോട്ടുകളില്‍ 225 എണ്ണത്തിനു മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. ഇതില്‍ 321 എണ്ണം രജിസ്ട്രേഷന്‍ പുതുക്കാത്തതിനാല്‍ 11.26 ലക്ഷം രൂപ നഷ്ടമായി. എല്ലാ യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ ആയിരം രൂപ പിഴ ഈടാക്കാവുന്ന ശിക്ഷയ്ക്ക് അര്‍ഹരാണ്. ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടില്ല. സുരക്ഷാ നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. ഹൗസ്‌ബോട്ടുകളില്‍ ജീവന്‍രക്ഷാ സാമഗ്രികളോ അഗ്നിസുരക്ഷാ ഉപകരണങ്ങളോ ആവശ്യത്തിന് ഇല്ലെന്നും സിഎജി കണ്ടെത്തി. ഹൗസ്‌ബോട്ടുകളുടെ ആധിക്യം വേമ്പനാട് കായലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനു അപേക്ഷ സമര്‍പ്പിച്ച 811 ഹൗസ്‌ബോട്ടുകളില്‍ 437 എണ്ണം ഐസിഒ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തുറമുഖ വകുപ്പിനു കീഴില്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനം ഇല്ലാത്തത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഹൗസ്‌ബോട്ട് ഉടമകള്‍ക്ക് ധൈര്യം നല്‍കി. യോഗ്യതയില്ലാത്തവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ കടുത്ത ശിക്ഷ ഇല്ലാത്തതും ആവശ്യത്തിനു മിന്നല്‍ പരിശോധന നടത്താത്തതും ഹൗസ്‌ബോട്ട് ഉടമകള്‍ ഒരേ കുറ്റം നിരവധി തവണ ആവര്‍ത്തിക്കുന്നുവെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു. ഹൗസ്‌ബോട്ടുകളില്‍ യാത്രാനിരക്ക് നിശ്ചയിക്കാത്തത് യാത്രക്കാര്‍ ചൂഷണത്തിന് ഇരയാവുന്നതിന് ഇടയാക്കി. ശൗചാലയ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള ബയോടാങ്ക് സ്ഥാപിക്കണമെന്നും പുറത്തേക്കുള്ള എല്ലാ കുഴലുകളും ജലരേഖയ്ക്കു മുകളില്‍ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും ശൗചാലയ മാലിന്യങ്ങള്‍ കായലില്‍ തള്ളുന്നതിനായി ജലരേഖയ്ക്ക് അടിയില്‍ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയ്ക്ക് ഹൗസ്‌ബോട്ടില്‍ നിന്നു മാലിന്യങ്ങ ള്‍ സംഭരിക്കുന്നതിനു സ്ഥിരം സംവിധാനമില്ലാത്തതാണ് ഇതിനു പ്രധാന കാരണമെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss