|    Jun 25 Mon, 2018 6:45 pm
FLASH NEWS

ടി20 മല്‍സരാവേശം കാത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

Published : 6th August 2017 | Posted By: fsq

 

എം എം അന്‍സാര്‍

കഴക്കൂട്ടം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാന ജില്ല വേദിയാകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന നവംബര്‍ 7ന് ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി20 മല്‍സരത്തിന് സ്റ്റേഡിയവും പരിസരവും തയ്യാറെടുപ്പ് തുടങ്ങിയതോടെ തലസ്ഥാന ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ ആഹഌദത്തിമിര്‍പ്പിലാണ്. മൂന്ന് പതിറ്റാണ്ടിന്റെ നീണ്ട ഇടവേളക്ക് ശേഷം ജില്ലയിലെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തെ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ച് കഴിഞ്ഞു. മല്‍സരം അരങ്ങേറാന്‍ ഇനി മൂന്ന് മാസം നിലനില്‍ക്കേ ജില്ലയിലെ ക്രിക്കറ്റ് പ്രേമികള്‍ കളി കാണാനുള്ള വഴികള്‍ ഇതിനകം തന്നെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനായി കെസിഎയേയും സ്റ്റേഡിയം അധികൃതരേയും ദിവസവും നൂറുകണക്കിന് പേരാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വിലയും മറ്റും ഇതേവരേ തീരുമാനത്തെതിനാല്‍ കെസിഎ ഈ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. നവംബര്‍ ഏഴിന് കളി കാണാനായി ഐടി നഗരമായ കഴക്കൂട്ടം ഉള്‍പ്പെടെ നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ക്രിക്കറ്റ് ആസ്വാദകരുടെ ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. 2015 ജനവരി 30 മുതല്‍ 15 ദിവസക്കാലം നീണ്ടുനിന്ന 35ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാട സമാപന ചടങ്ങുകള്‍ക്ക് സാക്ഷിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആ അവസരങ്ങളില്‍ തന്നെ ജനസാഗരമായി മാറിയിരുന്നു. തുടര്‍ന്ന് 2015 അവസാനത്തില്‍ ഇവിടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റയ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറിയപ്പോഴും സംഘാടകര്‍ പ്രതീക്ഷിക്കാത്ത കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. അഫ്ഗാനിസ്ഥാനും ഇന്ത്യയുമായുള്ള ഫൈനല്‍ മല്‍സര ദിവസം സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഏകദേശം 50,000 ത്തോളം കാണികളാണ് ഫൈനല്‍ മല്‍സരം കാണാനെത്തിയത്.  ക്രിക്കറ്റിനും ഫുട്‌ബോളിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനകം ലോക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സംവിധാനങ്ങളുള്ള ചുരുക്കം ചില സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 180 ദിവസത്തെ കരാറാണ് ഗ്രീന്‍ഫീല്‍ഡും കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ ഇനിയും നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് തലസ്ഥാന ജില്ല വേദിയാകും. 50000 ത്തിന് പുറത്ത് കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടാണ്. 37 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സ്‌റ്റേഡിയത്തില്‍ തിയറ്റര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, നീന്തല്‍കുളങ്ങള്‍, ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഡിയത്തില്‍ മല്‍സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ബിസിസിസിഐ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss