|    Apr 22 Sun, 2018 2:29 pm
FLASH NEWS

ടി പി സ്മാരക സ്തൂപം തകര്‍ത്തു

Published : 4th November 2016 | Posted By: SMR

വടകര: ടി പി ചന്ദ്രശേഖരന്റെ വീടിനു സമീപം മണ്ടോടിതാഴ വയലിലെ ടി പി സ്മാരകസ്തൂപം തകര്‍ത്ത നിലയില്‍. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഒഞ്ചിയത്തും പരിസരത്തും ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമവും വധഭീഷണിയും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അതിക്രമം. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരെ കെ.കെ.രമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എടച്ചേരി പോലിസ് സ്‌റ്റേഷനില്‍ രാത്രി കുത്തിയിരിപ്പ് നടത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്് ഡി.വൈ.എസ്.പി ഉറപ്പു നല്‍കിയതോടെയാണ് രാത്രി 11മണിയോടെ ഇവര്‍ പിരിഞ്ഞുപോയത്. ഇതിനുപിന്നാലെയാണ് ടിപിയുടെ വീടിനരികിലെ സ്തൂപം തകര്‍ത്തിരിക്കുന്നത്. ടി പി യുടെ വീട്ടിലേക്കു പോകുന്ന റോഡില്‍ സ്ഥാപിച്ച സ്തൂപം പൂര്‍ണമായി അടിച്ചുതകര്‍ത്തു. ഇത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം ഒഞ്ചിയത്ത് ആര്‍.എം.പിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒഞ്ചിയം മേഖലയില്‍ ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന നിരന്തര അക്രമങ്ങളില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വടകര സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ഭരണസ്വാധീനത്താല്‍ മാരകായുധങ്ങളുമായി വീടുകളില്‍ കയറി വധഭീഷണിമുഴക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് ആര്‍എംപി കുറ്റപ്പെടുത്തി. വെള്ളികുളങ്ങര കക്കാടുള്ള ടി.പി സ്മാരക വായനശാല, ഒഞ്ചിയം തയ്യിലിലെ സ്തൂപം, ആദിയൂര്‍ മമ്പള്ളി അനന്തന്റെ കട, കുന്നുമ്മക്കര മണപ്പുറത്തെ പാര്‍ട്ടി ഓഫിസ് എന്നിവ തകര്‍ക്കപ്പെട്ടിരുന്നു. റവല്യൂഷണറി പ്രവര്‍ത്തകരായ ടി.കെ പ്രമോദിന്റെ ബൈക്ക് തകര്‍ക്കുകയും വി.പി രഞ്ജിത്തിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. പല കേസുകളിലെയും പ്രതികളെവരെ കാണിച്ചുകൊടുത്തിട്ടും പോലിസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബുധനാഴ്ച രാത്രി ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി വധഭീഷണി മുഴക്കിയതിനാലാണ് കെ.കെ രമയുടെ നേതൃത്വത്തില്‍ എടച്ചേരി പോലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയത്. എന്നാല്‍ ഇതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ടി.പിയുടെ വീടിനു സമീപത്തെ സ്തൂപം തകര്‍ക്കപ്പെട്ടു. ഇത്തരെ നടപടികള്‍ തുടരുന്നത് പോലിസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്ന് ആരോപിച്ചാണ് ആര്‍എംപിഐയുടെ നേതൃത്വത്തില്‍ ഇന്ന് 10മണിക്ക് സര്‍ക്കിള്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss