|    Apr 22 Sun, 2018 8:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ടി പി ശ്രീനിവാസന് മര്‍ദ്ദനം: ഫോര്‍ട്ട് എസിക്ക് കാരണംകാണിക്കല്‍ നോട്ടീസ്

Published : 2nd February 2016 | Posted By: SMR

തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചപറ്റിയ സം ഭവത്തില്‍ ഫോര്‍ട്ട് അസിസ്റ്റ ന്റ് കമ്മീഷണര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്.
അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരപിള്ളയോടാണ് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വിശദീകരണം തേടിയത്. സംഭവത്തില്‍ അഞ്ചു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കണമെന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്. ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതില്‍ അസി. കമ്മീഷണര്‍ക്ക് വീഴ്ചപറ്റിയെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ ഞായറാഴ്ച തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സ ര്‍ക്കാര്‍ വാഹനത്തിലെത്തിയ ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കാന്‍ അസി. കമ്മീഷണര്‍ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ലെന്നും ഡിജിപി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കൃത്യവിലോപം, മനുഷ്യാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനോട് വിശദീകരണം തേടണമെന്ന് ഡിജിപി നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഐജിയുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയപ്പോഴാണ് ശ്രീനിവാസനെ പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ എസ് ശരത് മുഖത്ത് അടിച്ചത്. തൊട്ടടുത്ത ദിവസം ശരത് അറസ്റ്റിലാവുകയും ചെയ്തു.
മര്‍ദ്ദനത്തിന് ഇരയാവുമ്പോ ള്‍ ഫോര്‍ട്ട് എസിക്കായിരുന്നു പോലിസിന്റെ ചുമതല. മുഖത്തേറ്റ അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ശ്രീനിവാസനെ എഴുന്നേല്‍ക്കാന്‍ സഹായിക്കാനോ സംരക്ഷണം ഒരുക്കാനോ സമീപത്തുണ്ടായിരുന്ന പോലിസുകാര്‍ ശ്രമിച്ചില്ല. സംഭവം നോക്കിനിന്ന രണ്ട് എസ്‌ഐമാരെയും മൂന്ന് പോലിസുകാരെയും തൃശൂര്‍ പോലിസ് അക്കാദമിയിലേക്ക് തീവ്രപരിശീലനത്തിന് അയച്ചിട്ടുണ്ട്. അതേസമയം, എസ്എഫ്‌ഐക്കാ ര്‍ മര്‍ദ്ദിച്ചത് താന്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണെന്ന പ്രചാരണം തള്ളി ടി പി ശ്രീനിവാസന്‍ രംഗത്തെത്തി.
പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കും വിധത്തില്‍ അസഭ്യപ്രയോഗം നടത്തിയെന്ന പ്രസ്താവന തെറ്റാണെന്നും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss