|    Dec 15 Sat, 2018 11:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടി പി ശ്രീനിവാസനെ മര്‍ദിച്ച കേസ്; അസി. കമ്മീഷണര്‍ ഉള്‍പ്പെടെ 9 പോലിസുകാര്‍ക്കെതിരേനടപടിക്ക് ശുപാര്‍ശ

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് മര്‍ദിച്ച കേസില്‍ അന്നത്തെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഉള്‍പ്പെടെ 9 പോലിസുകാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കി. ലോകായുക്ത നിയമം സെക്ഷന്‍ 12 പ്രകാരമാണ് ശുപാര്‍ശ. കോവളത്ത് നടന്ന രാജ്യാന്തര വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാന്‍ വരവെയാണ് മുന്‍ ഐഎഫ്എസ് ഓഫിസറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ശരത് മര്‍ദിച്ച് നിലത്തിട്ടത്. സംഭവത്തില്‍ ഉപലോകായുക്ത സ്വമേധയാ കേസെടുക്കുകയും മര്‍ദനം തടയാതെ നോക്കിനിന്ന പോലിസുകാര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും എതിരേ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ടി പി ശ്രീനിവാസനെയും അന്നത്തെ ഡിജിപി സെന്‍കുമാറിനെയും കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെയും പ്രതികളായ പോലിസുകാരെയും കോടതി ദീര്‍ഘമായി വിസ്തരിക്കുകയും ക്രോസ് വിസ്തരിക്കുകയും ചെയ്തു. അന്നത്തെ ഫോ ര്‍ട്ട് അസി.കമ്മീഷണര്‍, വിഴിഞ്ഞം സിഐ, അന്നത്തെ കോവളം എസ്എച്ച്ഒ രാകേഷ്, വിഴിഞ്ഞം എസ്എച്ച്ഒ ശ്രീകുമാരന്‍ നായര്‍, ഗ്രേഡ് എസ്‌ഐ ഭാസ്‌കരന്‍, വിശ്വരാജ, പോലിസുകാരായ സതീഷ്, ജോസ്, ശ്രീകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ ന്ന് അവര്‍ക്ക് മേജര്‍ പെനാല്‍റ്റി നല്‍കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടിയെടുക്കുന്ന ബന്ധപ്പെട്ട നിയമം അനുസരിച്ച് തരംതാഴ്ത്തല്‍, നിര്‍ബന്ധിത വിരമിക്കല്‍, നീക്കം ചെയ്യല്‍, പുറത്താക്കല്‍, പെന്‍ഷന്‍ കുറയ്ക്കല്‍ എന്നിവയാണ് മേജര്‍ പെനാല്‍റ്റി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നടപടി റിപോര്‍ട്ടിനായി കേസ് ഒക്ടോബര്‍ 29ലേക്ക് പോസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss