|    Jan 21 Sat, 2017 11:13 pm
FLASH NEWS

ടി എ റസാഖ് മരിച്ചത് ഡെങ്കിപനിബാധ മൂലമെന്ന്; മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയെന്നും ബന്ധുക്കള്‍

Published : 19th August 2016 | Posted By: SMR

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് വിധേയനായ ചലച്ചിത്ര തിരക്കഥാ കൃത്ത് ടി എ റസാഖ് ഡെങ്കിപ്പനി ബാധയെത്തുടര്‍ന്നാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ക്ക് പറ്റിയ വീഴ്ചയാണ് മരണകാരണമെന്നും ടി എ റസാഖിന്റെ പൃതൃസഹോദരനും  സംവിധായകനുമായ സിദ്ദീഖ് താരമശേരി തേജസിനോട് പറഞ്ഞു.
റസാഖിന് കരള്‍ പകുത്തു നല്‍കിയ സഹോദരന്‍ കുഞ്ഞിക്കോയയ്ക്ക് സര്‍ജറിക്ക് ശേഷം നാല് ദിവസം കഴിഞ്ഞ് ഡെങ്കിപനി സ്ഥിരീകരിച്ചു. തുടര്‍ന്ന് റസാഖിനും ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 28ന് ആശുപത്രിയില്‍ അഡ്മിറ്റായ ഇരുവരെയും വേണ്ടത്ര പരിശോധനകള്‍ കൂടാതെ സര്‍ജറിക്ക് വിധേയരാക്കിയതാണ് ടി എ റസാഖിന്റെ മരണത്തിന് കാരണമായതെന്നും സിദ്ദീഖ് താമരശേരി പറയുന്നു.
സര്‍ജറിക്ക് മുമ്പ് തന്നെ കുഞ്ഞിക്കോയയ്ക്ക് ഡെങ്കിപനി ബാധിച്ചിരുന്നതായും കരള്‍പകുത്ത് നല്‍കിയതോടെ റസാഖും രോഗബാധിതനാവുകയായിരുന്നുവെന്നും അമൃത ആശുപത്രിയിലെ ഡോക്ടര്‍ സുധീന്ദ്രന്‍ അറിയിച്ചതായും സിദ്ദീഖ് താമരശ്ശേരി പറഞ്ഞു.  കരള്‍മാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്ന് പുറംലോകം അറിയാതിരിക്കാന്‍ വേണ്ടി മാത്രമാണ് റസാഖിന്റെ മരണം ഡെങ്കിപ്പനിബാധ മൂലമാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചത്. എന്നാല്‍ അതിലൂടെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചത് അവര്‍ തന്നെ സമ്മതിക്കുകയാണെന്നും സിദ്ദീഖ് താമരശ്ശേരി പറയുന്നു.
30 ലക്ഷം രൂപ വാങ്ങി സര്‍ജറി നടത്തുന്ന ആശുപത്രി അധികൃതര്‍ രോഗികളുടെ ജീവന് പുല്ലുവിലയാണ് നല്‍കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഗുരുതരമായ പനിബാധിച്ചിരുന്നതായി സര്‍ജറി നടത്തുന്ന ഡോക്ടറോട് കുഞ്ഞിക്കോയ പറഞ്ഞിരുന്നു. സര്‍ജറിക്ക് അഡ്മിറ്റായപ്പോഴും കുഞ്ഞിക്കോയയ്ക്ക് പനി വന്നു. അപ്പോഴെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ രക്തം പരിശോധിച്ചിരുന്നെങ്കില്‍ ഗുരുതരമായ വീഴ്ച ഒഴിവാക്കാമായിരുന്നു.
അതൊന്നും ചെയ്യാതെ വളരെ ഗുരുതരമായ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി രണ്ടുപേരുടെയും ജീവന്‍ അപകടത്തിലാക്കുകയും ഒരാള്‍ മരണപ്പെടുകയുമാണ് ഉണ്ടായതെന്നും സിദ്ദീഖ് താമരശ്ശേരി പറഞ്ഞു. ടി എ റസാഖിന്റെ സിനിമാപ്രവര്‍ത്തകരായ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം ആശുപത്രിക്കെതിരെ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും സിദ്ദീഖ് താരമശ്ശേരി വ്യക്തമാക്കി.
ടി എ റസാഖിന്റെ മരണം മുന്‍നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ സംവിധായകന്‍ അലി അക്ബറാണെന്നും സിദ്ദീഖ് താമരശ്ശേരി പറഞ്ഞു. റസാഖിന്റെ മരണത്തില്‍ വേദനിക്കുന്ന തങ്ങള്‍ക്ക് ആശ്വാസമായി നില്‍ക്കുന്ന സിനിമാലോകത്തെ കരിതേച്ചു കാണിക്കാനാണ് അലി അക്ബര്‍ ശ്രമിക്കുന്നത്.
സംവിധായകരായ കമല്‍,രഞ്ജിത്ത്, വി എം വിനു എന്നിവരുടെ തക്തത്തിനായി അലി അക്ബര്‍ ദാഹിക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച അലി അക്ബറിന് ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്നും സിദ്ദീഖ് താരമശ്ശേരി ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക