|    Nov 19 Mon, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ടിസിയും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കും: മന്ത്രി

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കോളജുകളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ ടിസിയും എല്ലാവിധ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍. ഉപരിപഠന, കരിയര്‍ മാര്‍ഗനിര്‍ദേശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോ ര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ സിജി 22 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമിടയില്‍ ക്രെഡിറ്റ് എക്‌സ്‌ചേഞ്ച് സമ്പ്രദായം അടുത്ത അധ്യയനവര്‍ഷം തന്നെ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. കേരള സര്‍വകലാശാലയ്ക്കു കീഴില്‍ പഠിക്കുന്നവര്‍ക്ക് ഒരു സെമസ്റ്ററെങ്കിലും കാലിക്കറ്റിലെയും എംജിയിലെയും മറ്റും കോളജുകളില്‍ പഠിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ട്. അങ്ങനെ ലഭിക്കുന്ന ക്രെഡിറ്റുകള്‍ പരിഗണിക്കപ്പെടുന്ന സ്ഥിതിയും ഉണ്ടാവണം. മറ്റു പലയിടങ്ങളിലും ക്രെഡിറ്റ് കൈമാറ്റരീതി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി മേഖലകളിലേതിനു സമാനമായ വമ്പിച്ച അഭിവൃദ്ധി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും കേരളത്തിന്റെ സ്ഥാനം ഏറെ ഉയര്‍ന്നതാണ്. എങ്കിലും നാക് അക്രെഡിറ്റേഷനില്‍ എപ്ലസ് നേടാന്‍ സംസ്ഥാനത്തെ ഒരു സര്‍വകലാശാലയ്ക്കും സാധ്യമായിട്ടില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ റാങ്കിങായ എന്‍ഐആര്‍എഫിന്റെ 25 റാങ്കില്‍ ഉള്‍പ്പെടുന്ന ഒരു സര്‍വകലാശാലയും കേരളത്തിലില്ല. ഈ സ്ഥിതി മാറ്റിയെടുക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്തവര്‍ക്ക് മല്‍സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പുതിയ പ്രൊജക്റ്റ് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിജി പ്രസിഡന്റ് പി എ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss