|    Dec 12 Tue, 2017 11:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടിബി പരിശോധന: എല്ലാ ജില്ലകളിലും സിബി നാറ്റ് മെഷീനുകള്‍ വരുന്നു

Published : 10th February 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്ത് ഗുരുതരമായ ടിബി രോഗം ബാധിച്ചവരുടെ കഫം പരിശോധിക്കാന്‍ 14 ജില്ലകളിലും സിബി നാറ്റ് –CB NAAT (Catridge Ba-sed Nuclic Acid Amplifica-tion Test Machine) മെഷീനുകള്‍ സ്ഥാപിക്കുന്നു. ഡല്‍ഹിയിലെ കേന്ദ്ര ടിബി ഡിവിഷനാണ് സംസ്ഥാനത്തെ ടിബി സെല്‍ വഴി വിവിധ ജില്ലകളിലെ ക്ഷയരോഗ സെന്ററുകള്‍ക്കും ആശുപത്രികള്‍ക്കും സിബി നാറ്റ് മെഷീന്‍ നല്‍കുക.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങിയ എട്ടു ജില്ലകള്‍ക്കാണ് നല്‍കുക. നാലെണ്ണം ഉടന്‍ സംസ്ഥാന—ത്ത് വിതരണത്തിനെത്തും. നിരന്തരം ചികില്‍സിച്ചിട്ടും ഭേതമാവാത്ത രോഗികളുടെയും കുട്ടികളുടെയും കഫം പരിശോധിക്കാനാണ് ഈ മെഷീന്‍ പ്രധാനമായും ഉപയോഗിക്കുക. അല്ലാത്തവരുടേത് എല്‍ഇഡി എഫ്എം മൈക്രോസ്‌കോപിലൂടെ തന്നെ പരിശോധിക്കും. കഫത്തിലുണ്ടാവുന്ന ബാക്ടീരിയകളെ ഇരട്ടിപ്പിക്കുകയും ശേഷം ടിബിക്ക് ഫലപ്രദമായ രിഫാംസിന്‍ മരുന്ന് ഇത്തരം ബാക്ടീരിയകളില്‍ എത്രത്തോളം ഫലപ്രദമാവുമെന്നും സിബി നാറ്റ് മെഷീന്‍ കണ്ടെത്തും. ഒരു മെഷീനില്‍ ഒരേ സമയം എട്ടു പേരുടെ കഫം പരിശോധിക്കാന്‍ കഴിയും. ഫലം രണ്ടു മണിക്കൂറിനുളളില്‍ തന്നെ ലഭിക്കുകയും ചെയ്യും. മറ്റു പരിശോധനയുടെ ഫലം ലഭിക്കാന്‍ ഒന്നില്‍കൂടുതല്‍ ദിവസമെടുക്കും.
എസി റൂം, പുറമെ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സംവിധാനവും മെഷീന്‍ സ്ഥാപിക്കാനായി ആവശ്യമാണ്. ജീന്‍എക്‌സ്പര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന സിബി നാറ്റ് മെഷീന്‍ അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ന്യൂജഴ്‌സിയിലെ സെഫീഡ് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
മറ്റു ടെസ്റ്റുകളെ അപേക്ഷിച്ച് 98 ശതമാനം വിശ്വസനീയമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ 30 ഓളം ലാബുകളില്‍ സിബി നാറ്റ് വഴി കഫം പരിശോധന നടത്തിവരുന്നുണ്ട്. 1700 രൂപയാണ് ടെസ്റ്റിന് ചെലവ്. നാലു കാട്രിഡ്ജ് മുതല്‍ 100 കാട്രിഡ്ജുള്ള മെഷീന്‍ വരെ വിപണിയിലുണ്ട്. ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ജനങ്ങളിലാണ് ഈ മെഷീനുപയോഗിച്ച് ആദ്യ പരീക്ഷണം നടത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടിബി ബാക്ടീരിയ കണ്ടെത്തിയത് സിബി നാറ്റ് മുഖാന്തരമാണത്രെ. സംസ്ഥാന ടിബി സെല്‍ 20 ലക്ഷം രൂപ ചെലവഴിച്ച് തിരുവനന്തപുരം ഐആര്‍എല്‍(ഇന്റര്‍മീഡിയറ്റ് റഫറല്‍ ലബോറട്ടറി) സെന്ററില്‍ ഒരു മെഷീന്‍ നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍നിന്നു കൂടുതല്‍ പരിശോധനയ്‌ക്കെത്തുന്നത് കൊണ്ടാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക