|    Sep 20 Thu, 2018 1:52 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ടിപ്പു ജയന്തി: പ്രതിഷേധം എന്തിന്?

Published : 13th November 2017 | Posted By: fsq

 

ഡോ. അലി  അക്ബര്‍

നവംബര്‍ 10 ടിപ്പു സുല്‍ത്താന്റെ ജന്മദിനമായിരുന്നു. ടിപ്പുവിന്റെ ജന്മനാട്ടില്‍, നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചു. ടിപ്പുവിന്റെ ജന്മദിനാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി, പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കോലാഹലങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമായിരുന്നു. ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കെ, ആ മഹദ്‌വ്യക്തിത്വത്തെ കുറിച്ച് അല്‍പം നല്ല വാക്കുകള്‍ നമ്മുടെ രാഷ്ട്രപതി പറഞ്ഞുപോയത് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഒട്ടും രസിച്ചില്ല. ഈ വാക്കുകള്‍ മറ്റാരെങ്കിലുമാണ് പറഞ്ഞതെങ്കില്‍ ഉടനെ പാകിസ്താനിലേക്ക് ഇക്കൂട്ടര്‍ ടിക്കറ്റ് കൊടുത്തേനെ. ടിപ്പു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് മുന്‍വര്‍ഷങ്ങളില്‍ ധാരാളം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇത്തരമൊരു ചടങ്ങില്‍ നടന്ന വെടിവയ്പില്‍ മരണം വരെ നടന്നിരുന്നു. ഇവിടെ വെടിവയ്പ് നടത്തിയതു പോലിസല്ല മറിച്ച്, ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ വന്നവരാണെന്നതു ശ്രദ്ധേയമാണ്. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും നിരന്തരം ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക വഴി ഭാവിയില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട സകലമാന പരിപാടികളും നിയമം മൂലം നിരോധിക്കാന്‍ ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കലാണോ ഇക്കൂട്ടരുടെ ലക്ഷ്യം?  നാടിനെ വൈദേശിക പാരതന്ത്ര്യത്തില്‍ നിന്നു സ്വതന്ത്രമാക്കാന്‍ പോരാടിയ ധാരാളം നാട്ടുരാജാക്കന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടേതില്‍ നിന്നു വ്യതിരിക്തത നിറഞ്ഞതായിരുന്നു ടിപ്പുവിന്റെ ജീവിതവും മരണവും. ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരോടു  നേരിട്ടപ്പോഴുണ്ടായ പ്രതികരണമായിരുന്നില്ല ബ്രിട്ടിഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നു നേരിടേണ്ടിവന്നത്. മറ്റു നാട്ടുരാജാക്കന്മാര്‍ ബ്രിട്ടിഷ് അധികാരികളോട് അനുനയം പാലിച്ചപ്പോള്‍ ബ്രിട്ടിഷുകാര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന രാജാവാണ് ടിപ്പു. ‘എന്നെയും എന്റെ പ്രജകളെയും രാജ്യത്തെയും അവിടത്തെ രക്ഷയില്‍ സമര്‍പ്പിക്കുന്നു’വെന്ന് സാമൂതിരി തലശ്ശേരി കോട്ടയിലെ ഇംഗ്ലീഷ് ഫാക്ടര്‍ക്ക് കത്തെഴുതിയപ്പോള്‍, ‘താനൊരു ചീത്ത മനുഷ്യനാണ്; പക്ഷേ, എനിക്കതില്‍ കാര്യമില്ല, തന്നെപ്പോലെ ലക്ഷം പേര്‍ എന്റെ സര്‍വീസിലും ഇംഗ്ലീഷ് കമ്പനിയുടെ സര്‍വീസിലും ഉണ്ട്’ എന്നാണ് അതേ വ്യക്തിക്ക് ടിപ്പു എഴുതിയത്. ‘എനിക്കു നായാട്ടിന് പോവുക  പതിവുള്ളതുകൊണ്ട് ഇങ്ങോട്ടയക്കുന്നു എന്ന് പറഞ്ഞതായ മേജര്‍ ടോവ്ടനെ അത്യാവശ്യം വേണ്ട സംരക്ഷയോടു കൂടി അയക്കുന്നത് കൂടുതല്‍ നന്ന്’ എന്നു വെല്ലസ്ലിക്ക് മറുപടിയായി അയച്ചത് വെല്ലസ്ലിയുടെ രക്തം തിളപ്പിച്ചു (പി കെ ബാലകൃഷ്ണന്‍ എഴുതിയ ടിപ്പുസുല്‍ത്താന്‍ എന്ന പുസ്തകം, പേജ് 114,115). കൂടാതെ  യുദ്ധത്തില്‍ അതിക്രമങ്ങള്‍ കാണിച്ച ഇംഗ്ലീഷ് സൈനികരെ, അത് ഏതു റാങ്കിലുള്ളവരായാലും, ടിപ്പു കഠിനമായി ശിക്ഷിച്ചു (വാട്ടര്‍ പ്രിസണ്‍, ശ്രീരംഗപട്ടണം കോട്ട). ഇത്തരം തിക്താനുഭവങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മറ്റൊരിടത്തും ബ്രിട്ടിഷുകാര്‍ക്കു നേരിടേണ്ടിവന്നില്ല. ധീരനും തന്ത്രശാലിയുമായ ഒരു സേനാനായകന്‍, കാലത്തിനു മുമ്പേ സഞ്ചരിച്ച ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരി, ആറോളം വിദേശഭാഷകളില്‍ അഗാധജ്ഞാനമുള്ള, ധാരാളം  ഗ്രന്ഥശേഖരങ്ങളുടെ ഉടമസ്ഥനായ ഒരു വിജ്ഞാനകുതുകി, സര്‍വോപരി ഭക്തനായ ഒരു നല്ല മനുഷ്യന്‍. യഥാര്‍ഥത്തില്‍ ഇതെല്ലാമായിരുന്നിട്ടും എന്തുകൊണ്ടാണ് ചരിത്രത്തില്‍ ടിപ്പു ക്ഷേത്രധ്വംസകനും ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയവനുമായി തീര്‍ന്നത്? രണ്ടു പ്രധാന കാര്യങ്ങളാണ് ഇക്കാര്യത്തിലുള്ളത്. സ്വന്തമായൊരു ചരിത്രരചനാ രീതി നമുക്ക് ഉണ്ടായിരുന്നില്ല. വിദേശികളായ സഞ്ചാരികളുടെയും കച്ചവടക്കാരുടെയും യാത്രാവിവരണങ്ങളും സൈനിക ഡയറിക്കുറിപ്പുകളുമാണ് ആ കാലഘട്ടങ്ങളിലെ നമ്മുടെ നാടിന്റെ ചരിത്രത്തിന്റെ പ്രധാന ആധാരങ്ങള്‍. ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ വന്നതു മുതല്‍ പോവുന്നതു വരെയും പോയതിനുശേഷവും  ഇംഗ്ലീഷുകാരുടെ, പ്രത്യേകിച്ച് സൈനിക ഉദ്യോഗസ്ഥരുടെ,  രചനകളാണ് അക്കാലത്തെ ചരിത്രരചനയുടെ ആധാരം. ടിപ്പുവിന്റെ ചരിത്രത്തിന്റെ കാര്യത്തില്‍ ഈ വസ്തുത വളരെ പ്രകടമാണ്. ടിപ്പുവിനെതിരേ യുദ്ധം നയിച്ച സൈനിക ഉദ്യോഗസ്ഥരുടെ വാര്‍ പ്രൊസീഡിങ്‌സ് അടങ്ങിയ ഡയറിക്കുറിപ്പുകളെ ആധാരമാക്കി ബ്രിട്ടിഷുകാര്‍ രചിച്ച ഗ്രന്ഥങ്ങളാണ് പലതും. ഉദാ: ബ്രിട്ടിഷ് ഇന്ത്യയുടെ ചരിത്രം- മില്‍ & വില്‍സന്‍, ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനും- ലവിന്‍ ബി ബൗറിങ്, 1899 ഓക്‌സ്ഫഡ്, മൈസൂരിന്റെ ചരിത്രം, വാല്യം-1, കേണല്‍ വില്‍ക്‌സ്. നേരിട്ട് ഏറ്റുമുട്ടി പരാജയവും അതിലേറെ അപമാനവും നല്‍കിയ ശത്രുവിനെക്കുറിച്ച് എങ്ങനെ നല്ലതെഴുതും; അത് എത്രമാത്രം സത്യമാണെങ്കില്‍ പോലും. ടിപ്പുവിന്റെ പടയോട്ടത്തില്‍ ലക്ഷക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്നും ആയിരക്കണക്കിന് നായന്മാരെ ഇസ്‌ലാം ആശ്ലേഷിക്കാത്തതിന്റെ പേരില്‍ വാളിനിരയാക്കി എന്നുമെല്ലാം ബ്രിട്ടിഷുകാര്‍ എഴുതിപ്പിടിപ്പിച്ചത് ഏറ്റുപാടി നാമിന്നും തമ്മില്‍ത്തല്ലിക്കൊണ്ടേയിരിക്കുന്നു. ടിപ്പു പടയോട്ടം നടത്തിയെന്നു പറയുന്ന മലബാര്‍ ജില്ലകളില്‍ 300 വര്‍ഷത്തിലേറെ പഴക്കമുള്ള ധാരാളം ക്ഷേത്രങ്ങള്‍ ഇന്നും കാണാം. ടിപ്പുവിനാല്‍ നശിപ്പിക്കപ്പെട്ടുവെങ്കില്‍ ഈ ക്ഷേത്രങ്ങളെല്ലാം എവിടെ നിന്നു വന്നു? പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ധാരാളം ക്ഷേത്രങ്ങള്‍ക്ക് ടിപ്പു കൈയയച്ച് സഹായം നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ശൃംഗേരി മഠവും ടിപ്പുവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ് (നവാബ് ടിപ്പുസുല്‍ത്താന്‍, ഒരു പഠനം- കെ കെ എന്‍ കുറുപ്പ്).  ശത്രുക്കളായ ബ്രിട്ടിഷുകാര്‍ പോലും പ്രശംസിച്ചിട്ടുള്ളതാണ്  ടിപ്പുവിന്റെ ഭൂപരിഷ്‌കരണ നിയമങ്ങള്‍. കൃഷിഭൂമിയുടെ ഉടമസ്ഥന്‍ കര്‍ഷകനാണെന്നും വിളവിന്റെ തോതനുസരിച്ച് കര്‍ഷകന്‍ നികുതി നേരിട്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്നും ടിപ്പു നിയമം നടപ്പാക്കി. കൂടാതെ, ന്യായമായ വില നല്‍കി കര്‍ഷകരില്‍ നിന്നു നേരിട്ട്  ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്ന രീതിയും മലബാറില്‍ ആദ്യമായി ആരംഭിച്ചത് ടിപ്പുവാണ്. ഇന്നത്തെ സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്റെ ആദ്യരൂപം (നവാബ് ടിപ്പുസുല്‍ത്താന്‍, ഒരു പഠനം- കെ കെ എന്‍ കുറുപ്പ്). ഭീമമായ നികുതി പിരിച്ചും വിളവിന്റെ നല്ലൊരു ഭാഗം കൈവശപ്പെടുത്തിയും മേലനങ്ങാതെ തിന്നു ഭോഗിച്ചുകഴിഞ്ഞിരുന്ന ജന്മികള്‍ക്ക് ഈ നിയമം വല്ലാത്തൊരു ആഘാതമായി. കേരളത്തിലെ സാമൂഹിക ദുരാചാരങ്ങളെ ടിപ്പു കഠിനമായി വിമര്‍ശിച്ചതും ചിലതെല്ലാം നിരോധിച്ചതും അദ്ദേഹത്തോടുള്ള വിരോധത്തിനു കാരണമായിട്ടുണ്ടാവാം. സമൂഹത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന എന്നാല്‍, മഹാന്യൂനപക്ഷമായിരുന്ന സവര്‍ണവിഭാഗങ്ങളെ ആയിരുന്നു ടിപ്പുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത്. എന്നാല്‍, കൃഷിയും കച്ചവടവുമായി അധ്വാനിച്ചു ജീവിച്ചിരുന്ന സമൂഹത്തിലെ കീഴാളവര്‍ഗത്തിന് ടിപ്പുവിന്റെ ഭരണം, തലമുറകളായി അവര്‍ അനുഭവിച്ചിരുന്ന അടിമത്തത്തില്‍നിന്നുള്ള മോചനമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss