|    Mar 24 Sat, 2018 5:45 pm
FLASH NEWS
Home   >  Kerala   >  

ടിപ്പുജയന്തി കേരളത്തിലും ആഘോഷിക്കേണ്ടേ?

Published : 4th November 2016 | Posted By: G.A.G

tipu-sultan-

ന്ത്യന്‍ മണ്ണിലെ അധിനിവേശകരായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ധീരമായ ചെറുത്തുനില്‍പ്പ് നടത്തി വീരമൃത്യു വരിച്ച ശഹീദെ ഹിന്ദ് ടിപ്പുസുല്‍ത്താന്റെ ജന്മദിനം ടിപ്പുജയന്തിയായി ഔദ്യോഗിക തലത്തില്‍ ആചരിക്കാന്‍ ഒരുങ്ങുകയാണല്ലോ കര്‍ണാടക സര്‍ക്കാര്‍. ജീവിച്ചിരുന്നപ്പോള്‍  ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയായിരുന്ന ടിപ്പു അതുകൊണ്ടു തന്നെ കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ കണ്ണിലെ കരടായിരുന്നു. തികഞ്ഞ മതേതരനും തന്റെ പ്രജകളോട് ജാതിമതഭേദമന്യേ നീതിമാനുമായിരുന്ന ടിപ്പുവിനെ മതഭ്രാന്തനും വര്‍ഗീയവാദിയുമാക്കി ചിത്രീകരിച്ച് കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ ടിപ്പുവിനൊടുളള പക തീര്‍ത്തു.
imthihan-SMALL നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഏതൊരു രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ടിപ്പു ജീവാര്‍പ്പണം നടത്തിയൊ,ആ രാഷ്ട്രം സ്വാതന്ത്യം നേടി ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും  ടിപ്പുവിനെക്കുറിച്ച വികലമായ ധാരണകള്‍ മാറ്റമില്ലാതെ തുടരുന്നു. ബ്രിട്ടീഷ് പാദസേവകരും തങ്ങളുടെ പ്രജകളില്‍ ബഹുഭൂരിപക്ഷം വരുന്ന ദലിതുകളെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്നവരുമായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്‍മാരെപ്പോലുളള പലരും ദേശസ്‌നേഹികളും പ്രജാവല്‍സലരുമായി വിശേഷിപ്പിക്കപ്പെട്ടുക്കൊണ്ടിരിക്കമ്പോഴാണിതെന്നതാണ് ഏറെ വേദനാജനകം.
ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം ഏറ്റക്കുറച്ചിലുകളില്ലാതെ പരിചയപ്പെടുത്താനുളള ശ്രമങ്ങള്‍ വര്‍ഗീയ തിമിരം  ബാധിക്കാത്ത പരിണതപ്രജ്ഞരായ ചരിത്രകാരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും വര്‍ഗീയാന്ധത ബാധിച്ച ഫാഷിസ്റ്റ് പടയുടെ ആക്രോശങ്ങള്‍ കാരണം അത്തരം ശ്രമങ്ങള്‍ വേണ്ട രീതിയില്‍ ഫലം കണ്ടിട്ടില്ല. ടിപ്പുസുല്‍ത്താനെക്കുറിച്ച് ദൂരദര്‍ശനില്‍ പരമ്പര ചെയ്തപ്പോഴുണ്ടായ കോലാഹലങ്ങള്‍ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. പല ഭാഗങ്ങളും വെട്ടിമാറ്റിയാണ് അന്നാപരമ്പര ഏറെ വിവാദങ്ങള്‍ക്കു ശേഷം സംപ്രേഷണം ചെയ്യാനായത്.
ഏതായിരുന്നാലും ഫാഷിസ്റ്റ് ചേരിയില്‍ നിന്നുളള എല്ലാ എതിര്‍പ്പുകളെയും തൃണവഗണിച്ചു കൊണ്ട് ആ ധീരദേശാഭിമാനിയുടെ ജന്മദിനം ആഘോഷിക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം  ടിപ്പു ചരിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അനാവൃതമാകാന്‍ ഉപകരിക്കുമെന്നു കരുതാം. ഇക്കാര്യത്തില്‍  മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രദര്‍ശിപ്പിക്കുന്ന ആര്‍ജ്ജവം ഹിന്ദുത്വ പ്രീണനം നടപ്പുദീനം പോലെ പടരുന്ന ഇക്കാലത്ത് അത്ര ചെറിയ കാര്യമല്ല.
തദ്‌സംബധമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി തന്റെ നട്ടെല്ല് ആര്‍ക്കും പണയം വെച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. കര്‍ണാടകയില്‍ ഇതിനകം അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന എസ് ഡി പി ഐയെ നിരോധിക്കാത്തതെന്ത് എന്ന ചോദ്യത്തിന് എങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെയല്ലേ എന്ന മറു ചോദ്യം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണിതെന്നോര്‍ക്കണം.
മൈസൂര്‍ ഭരണാധികാരി എന്ന നിലയിലാണ് ടിപ്പു സുല്‍ത്താന്റെ പ്രശസ്തി എങ്കിലും കേരളത്തിന് ടിപ്പു അന്യനല്ല. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് കേരളത്തിലേക്കുളള ടിപ്പുവിന്റെ പടയോട്ടം. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ അടിയാള ജനവിഭാഗങ്ങളുടെ ജീവിതത്തില്‍  നവോത്ഥാന വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ചത് ടിപ്പുവിന്റെ പടയോട്ടത്തോടു കൂടിയായിരുന്നു.
മാറുമറക്കാനും മീശയും മുടിയും വളര്‍ത്താനും ദലിത് വിഭാഗങ്ങള്‍ക്ക് അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ വരവോടെയായിരുന്നല്ലോ.  എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ നിറം പിടിപ്പിച്ച കെട്ടുകഥകളാണ് ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ച് കേരളത്തില്‍ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രഭരണത്തിന്റെ ശീതളഛായയില്‍ കെട്ടുകഥകളെ അടിവളമാക്കി ഉപയോഗിച്ചു കൊണ്ട് പരമതവിദ്വേഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഫാഷിസ്റ്റ് ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഈ വേളയില്‍ ചരിത്രത്തിന്റെ യഥാതഥമായ വസ്തുതകളെ അനാവരണം ചെയ്യുക ഫാഷിസത്തിന് തടയിടാന്‍ അനിവാര്യമായ ഒന്നായിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവേണ്ടതില്ല. അതിനായി ടിപ്പുവിന്റെ ജയന്തി കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതു പോലെ കേരള സര്‍ക്കാരും ഏറ്റെടുക്കാന്‍ തയ്യാറാകേണ്ടതല്ലേ എന്ന ചോദ്യമാണുയരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss