|    Oct 21 Sun, 2018 4:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടിപി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍

Published : 28th September 2017 | Posted By: fsq

 

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിയമവിരുദ്ധമായി പരോള്‍. ഇതുസംബന്ധിച്ച് ടിപിയുടെ വിധവ കെ കെ രമ ഡിജിപിക്ക് പരാതി നല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളായ കെ കെ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും അനധികൃതമായി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ ഉദാരമായി പരോള്‍ അനുവദിച്ചതിന്റെ രേഖാമൂലമുള്ള വിവരങ്ങളാണു പുറത്തുവന്നത്. മുന്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തന് ഒരു വര്‍ഷത്തിനിടെ 144 ദിവസം പരോള്‍ അനുവദിച്ചു. വര്‍ഷത്തില്‍ രണ്ടു തവണകളായി പരമാവധി 30 ദിവസം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നതാണ് ചട്ടം.പ്രദേശത്തെ പാര്‍ട്ടി പ്രാദേശിക നേതാവായിരുന്ന കെ സി രാമചന്ദ്രന് പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ മൂന്നു മാസമാണ് പരോള്‍ നല്‍കിയത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കുഞ്ഞനന്തന്‍ ഏതാനും മാസങ്ങള്‍ മാത്രമാണു ജയിലില്‍ കഴിഞ്ഞത്. കെ സി രാമചന്ദ്രനാകട്ടെ പത്തുമാസത്തിനുള്ളില്‍ 90 ദിവസം ജയിലിനു പുറത്തും. സാധാരണ അനുവദിക്കുന്ന പരോളിന്റെ കാലാവധി കാരണങ്ങളൊന്നുമില്ലാതെ നീട്ടിക്കൊടുത്തതായി രമ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ പരോളിലിറങ്ങുന്ന സമയങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതായും രമ ആരോപിച്ചു. പരോളിലിറങ്ങുന്ന ടിപി കേസ് പ്രതികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കാറുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ടിപി വധക്കേസിലെ മുഖ്യ പ്രതിയായ ടി കെ രജീഷിനെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ കണ്ണൂര്‍ ജയിലിലേക്കു മാറ്റിയതെന്നും ഇത്തരം കാര്യങ്ങള്‍ സിപിഎം ചെയ്യുന്നതിനാലാണ് ടിപി വധത്തിന്റെ ഉന്നത ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ കെ രമ തേജസിനോടു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss