|    Sep 20 Thu, 2018 10:23 pm
FLASH NEWS

ടിക്കറ്റിനു പകരം ബക്കറ്റ്; ബസ്സുകള്‍ ഓടിയത് കാരുണ്യയാത്ര

Published : 31st August 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ ബസ്സുകളുടെ കൈത്താങ്ങ്. കണ്ണൂര്‍ ജില്ലയിലെ ആയിരത്തോളം സ്വകാര്യ ബസ്സുകളാണ് ഇന്നലെ ഒരു ദിവസം കാരുണ്യയാത്രയ്ക്കായി മാറ്റിവച്ചത്. രാവി ലെ മുതല്‍ രാത്രി വരെയുള്ള ബസ് സര്‍വീസിന്റെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ ബസ്സുകളാണ് ഫണ്ട് സ്വരൂപണത്തിനായി സര്‍വീസ് നടത്തിയത്. ടിക്കറ്റിനു പകരം ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം എന്ന പോസ്റ്ററൊട്ടിച്ച ബക്കറ്റുകളാണ് കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്കു മുന്നില്‍ നീട്ടിയത്. ടിക്കറ്റ് തുകയെന്നോ അതില്‍ കുറവെന്നോ കൂടുതലെന്നോ ഇല്ലാതെ യാത്രക്കാര്‍ സ്വമനസ്സാലേ തുക നല്‍കി. ടിക്കറ്റ് വേണ്ടാത്തതിനാല്‍ അതേ തുകയും അതിനേക്കാള്‍ കൂടുതല്‍ തുകയും പലരും ബക്കറ്റില്‍ നിക്ഷേപിച്ചു.
കയറുമ്പോള്‍ തന്നെ ടിക്കറ്റ് ആവശ്യമില്ലെന്നു കണ്ടക്്ടര്‍മാര്‍ വിളിച്ചുപറഞ്ഞു. ജില്ലയിലെ 1600ഓളം ബസ്സുകളും യാത്രയില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ചില റൂട്ടുകളില്‍ കഴിഞ്ഞ ആഴ്ച നടത്തിയതിനാല്‍ ഇന്നലത്തെ യാത്രയില്‍ ആയിരത്തോളം ബസ്സുകളാണ് പങ്കെടുത്തത്. സംസ്ഥാന വ്യാപകമായി കാരുണ്യ യാത്ര നടത്തുന്നുണ്ട്.
അടുത്തമാസം 12 ജില്ലകളില്‍ കൂടി നടത്തിയ ശേഷം സംസ്ഥാന നേതൃത്വം തുക മുഖ്യമന്ത്രിയെ ഏല്‍പിക്കും. ജില്ലാ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും ലിമിറ്റഡ് സ്‌റ്റോപ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തിയ യാത്രയുടെ ജില്ലാതല ഉദ്ഘാടനം താവക്കര ബിഒടി ബസ് സ്റ്റാന്റില്‍ ജില്ലാ കലക്്ടര്‍ മീര്‍മുഹമ്മദ് അലി നിര്‍വഹിച്ചു. വി ജെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
പി കെ പവിത്രന്‍, കെ വി മോഹനന്‍, പി അജിത്ത്, കെ കെ വിനോദ് കുമാര്‍, എസ് അശ്‌റഫ്, ട്രേഡ് യൂനിയന്‍ നേതാക്കളായ കെ ജയരാജന്‍, കെ കെ ശ്രീജിത്ത്, താവം ബാലകൃഷ്ണന്‍, കെകെ ബില്‍ഡേഴ്‌സ് മാനേജര്‍ യു രാജീവന്‍ സംസാരിച്ചു. ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഫഌഗ് ഓഫ് ചെയ്തു. പി വി മോഹനന്‍ അധ്യക്ഷത വഹിച്ചു. രാജ്കരുമാര്‍ കരുവാരത്ത്, കെ ജയരാജന്‍, താവം ബാലകൃഷ്ണന്‍, വി വി ശശീന്ദ്രന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, യു രാജീവന്‍, കെ കെ ശ്രീജിത്ത്, കെ പി മോഹനന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss