|    Mar 26 Sun, 2017 12:56 pm
FLASH NEWS

ടികെ കോളനി പൂത്തോട്ടംകടവിലെ മാവോവാദി ആക്രമണം; ദുരൂഹതകളേറുന്നു

Published : 23rd December 2015 | Posted By: SMR

പൂക്കോട്ടുംപാടം: ടി കെ കോളനി പൂത്തോട്ടം കടവിലെ ഫോറസ്റ്റ് ഔട്ട് സ്‌റ്റേഷനുകളിലുണ്ടായ മാവോവാദികളുടെ ആക്രമണത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ൈസന്‍ലന്റ് വാലി ബഫര്‍ സോണ്‍ പരിധിയിലുള്ള പൂത്തോട്ടം കടവിലെ ഫോറസ്റ്റ് ഔട്ട് സ്റ്റേഷനും ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു കീഴിലുള്ള ഔട്ട് പോസ്റ്റിനും നേരെയാണ് മാവോവാദികളെന്നു പറയുന്ന പത്തംഗ സംഘം ആക്രമണം നടത്തിയത്.
വനം വകുപ്പ് വാച്ചറുമാരായ മണികണ്ഠന്‍, ആലി, അജയന്‍ എന്നിവരെ ഉള്‍വനത്തിലേക്ക് കൊണ്ടുപോയ ശേഷം ഭീഷണിപ്പെടുത്തി വിട്ടയച്ചതായും മൊഴിയുണ്ടായിരുന്നു. ഔട്ട് പോസ്റ്റുകള്‍ കത്തിക്കുകയും മാവോവാദികള്‍ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഔട്ട് പോസ്റ്റിന് സമീപത്തേക്ക് ബൈക്കിനു പിറകിലിരുന്ന് വന്ന യുവാവ് തണ്ടര്‍ബോള്‍ട്ട് കമാണ്ടോ എന്ന വ്യാജേന വനത്തിലേക്ക് കയറി കൂടുതലാളുകളുമായി തിരിച്ച് വരുമ്പോഴാണ് തങ്ങള്‍ മാവോവാദികളാെണന്ന് പറഞ്ഞതായാണ് സൂചന. ഔട്ട് പോസ്റ്റിലും പരിസരത്തുമായി ഒട്ടിച്ച പോസ്റ്ററുകള്‍ക്കും കത്തുകള്‍ക്കും അട്ടപ്പാടിയിലും വയനാട്ടിലും കണ്ട കത്തുകളുമായി സാമ്യമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെഴുതിയ കത്തിലെ ചില വാചകങ്ങള്‍ സമീപ വാസികള്‍ക്കാര്‍ക്കെങ്കിലും ഇവരുമായി ബന്ധമുണ്ടൊ എന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാസം പൂത്തോട്ടം കടവില്‍ നിന്നു കള്ളത്തോക്ക് പിടിച്ച വിവരം പോലും മാധ്യമങ്ങള്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാത്രം താഴെയുള്ള ടികെ കോളനിയിലെ ജനങ്ങള്‍ പോലും അറിയാത്തതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്. പോലിസും പുറത്തുനിന്നുള്ള നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും എത്തുമ്പോഴാണ് പലരും വിവരങ്ങളറിയുന്നത്. സംഭവ ദിവസം തണ്ടര്‍ ബോള്‍ട്ടുള്‍പ്പെട്ട പോലിസ് സേന കരുവാരകുണ്ട് വഴിയും നെടുംകയം വഴിയും കാടിനകത്ത് തിരച്ചിലിന് കയറിയിരുന്നു. ഇത്രയും പോലിസ് കാട്ടിനകത്ത് തിരച്ചില്‍ നടത്തുമ്പോള്‍ വനാതിര്‍ത്തിയിലുള്ള ഔട്ട് പോസ്റ്റുകള്‍ കത്തിച്ച് വനംവഴി തന്നെ രക്ഷപ്പെട്ട് പോയി എന്നു പറയുന്നതും സംശയാസ്പദമാണ്.
കരുവാരകുണ്ട് വഴിയോ നെടുങ്കയം വഴിയോ അല്ലാതെ നാട്ടിലേക്ക് കടക്കാനുള്ള പ്രധാന രണ്ട് വഴികള്‍ പൂത്തോട്ടം കടവും പാട്ടക്കരിമ്പുമാണ്. ഇതില്‍ പാട്ടകരിമ്പ് വനാതിര്‍ത്തിയില്‍ ആദിവാസി കോളനിയുള്ളതും തൊട്ടുതന്നെ ജനവാസ കേന്ദ്രമാണെന്നുള്ളതും അതുവഴിയുള്ള യാത്ര മാവോവാദികള്‍ തിരഞ്ഞെടുക്കാറില്ല. എന്നാല്‍, ടികെ കോളനിയില്‍ എന്തുകൊണ്ടും അനുയോജ്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇവിടെ ടൂറിസ്റ്റ് സ്ഥലമായതിനാല്‍ റിസോര്‍ട്ടുകളുള്ളതും അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളം താമസിക്കുന്ന തോട്ടങ്ങളുള്ളതും ഇതിലെ നാട്ടിലേക്കും തിരിച്ച് വനത്തിനകത്തേക്കുമുള്ള യാത്രകള്‍ എളുപ്പമാക്കും. വാഹന പരിശോധന കുറവുള്ള സമയങ്ങളില്‍ ഇവിടെ നിന്ന് എവിടേക്കും പോവാം എന്നുള്ളതും സൗകര്യമാണ്. മാവോവാദികളുടെ ഭീഷണി മുതലെടുത്ത് വേട്ട സംഘങ്ങള്‍ മേഖലയില്‍ സജീവമാണ്. വനം വകുപ്പ് ജീവനക്കാരില്‍ ഭീതി പടര്‍ത്തി ബീറ്റ് പരിശോധന ഉള്‍പ്പെടെ മുടക്കുന്നതിനുള്ള നീക്കമാണെന്നും സൂചനയുണ്ട്. സംഭവത്തെ ആഭ്യന്തര സുരക്ഷാ വിഭാഗം ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തി വരികയാണ്.

(Visited 94 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക