|    Jul 24 Mon, 2017 12:21 pm
FLASH NEWS

ടികെഎം എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം: 25ഓളം പേര്‍ക്ക് പരിക്ക്

Published : 21st March 2017 | Posted By: fsq

കൊല്ലം: കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. 25ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പോലിസ് 13 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഘര്‍ഷം നടന്നത്. കോളജില്‍ നടന്നുവന്ന ടെക്‌നോഫെസ്റ്റായ കോണ്‍ജുറയുമായി ബന്ധപ്പെട്ട് നടന്ന ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം.
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളെ ഇരുമ്പ് വടികളും മറ്റ് മാരകായുധങ്ങളുമായി ഹോസ്റ്റലില്‍ കയറി ആക്രമിക്കുകയായിരുന്നു. ഫെസ്റ്റിന്റെ അവസാനദിവസമായിരുന്ന ഞായറാഴ്ച രാത്രിയില്‍ കലാപരിപാടികള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടയില്‍ ചില കുട്ടികള്‍ തമ്മില്‍ നിസാര പ്രശ്‌നങ്ങളെ ചൊല്ലി ഉണ്ടായ ഏറ്റുമുട്ടല്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. മൂന്നാംവര്‍ഷത്തേയും നാലാംവര്‍ഷത്തേയും കുട്ടികള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കുണ്ടായതായി കിളികൊല്ലൂര്‍ പോലിസ് പറഞ്ഞു.ഡിജെ പാര്‍ട്ടിയുടെ താളലഹരിയില്‍ ചുവടുവച്ച വിദ്യാര്‍ഥികള്‍ അതിരുകടക്കുകയായിരുന്നുവെന്ന് പറയുന്നു. അവസാനവര്‍ഷക്കാരെയും മറ്റുള്ളവരെയും വേര്‍തിരിച്ചാണ് ഇരുത്തിയിരുന്നത്. കലാപരിപാടി കഴിഞ്ഞപ്പോള്‍ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ കയറി മര്‍ദ്ദനം അഴിച്ചുവിട്ടു. പോലിസ് പാഞ്ഞെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കിയത്. യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ വൈഷ്ണവി(20)നെ തലയ്ക്ക് ഗുരുതരമായ മുറിവുകളോടെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. ആക്രമണത്തിന് ശേഷം അവസാനവര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും ഒഴിപ്പിച്ചു. അക്രമത്തില്‍ നിരപരാധികളായ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. നീതി വേണമെന്നാവശ്യപ്പെട്ട് ഇന്നലെ കുട്ടികള്‍ കോളജ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. തുടര്‍ന്ന് അവസാനവര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും ഒഴിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക