|    Oct 19 Fri, 2018 8:35 am
FLASH NEWS

ടിഎസ്പി ഫണ്ട് വിനിയോഗം : സിപിഎം ആരോപണം തള്ളി ജില്ലാ പഞ്ചായത്ത്

Published : 29th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ടിഎസ്പി ഫണ്ട് വിനിയോഗത്തില്‍ അപാകതയെന്നാരോപിച്ച് സിപിഎം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ജനപ്രതിനിധികളെ അണിനിരത്തി നടത്തിയ മാര്‍ച്ചിനെ തള്ളിക്കളയുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വീതംവയ്ക്കലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം അംഗീകാരം നേടിയത് വയനാട് ജില്ലാ പഞ്ചായത്താണ്. ഒപ്പം തനത് വര്‍ഷത്തെ ഫണ്ട് പദ്ധതി ചെലവ് ജില്ലയിലും സംസ്ഥാന തലത്തിലും ഏറ്റവും കൂടുതല്‍ ചെലവഴിച്ചിട്ടുള്ളതും ജില്ലാ പഞ്ചായത്താണ്. അത്തരത്തിലുള്ള ഒരു ഭരണസമിതിക്കെതിരേയാണ് തികച്ചും അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ അണിനിരത്തി സിപിഎം മാര്‍ച്ച് നടത്തിയത്. ജില്ലയുടെ വിവിധ മേഖലകളുടെയും പ്രദേശത്തിന്റെയും അത്യാവശ്യം പരിഗണിച്ചാണ് ഫണ്ട് വിനിയോഗം നടത്തുന്നത്. ഇത് സര്‍ക്കാരിന്റെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചുമാണ്. വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിരം ഡെപ്യൂട്ടി ഡയറക്ടര്‍ ഇല്ലാത്തതും ഒന്നോ രണ്ടോ മാസത്തേക്ക് ഒരാള്‍ ചാര്‍ജ് വഹിച്ചതും മൂലം ഈ മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞ സമയത്ത് തന്നെ പദ്ധതി രൂപീകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡിപിസി അംഗീകാരം വാങ്ങുകയാണ് ഭരണസമിതിയുടെ ചുമതല. അംഗീകാരം കിട്ടിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. എന്നാല്‍, ജില്ലയ്ക്കാവശ്യമായ ഉദ്യോഗസ്ഥര്‍ പല വകുപ്പുകളിലുമില്ല. നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടുവര്‍ഷമായി സെക്രട്ടറിമാരില്ലാതായിട്ട്്. സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സര്‍ക്കാര്‍ സംസവിധാനം വീഴ്ചവരുത്തിയതിന് മറ്റുള്ളവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുന്നതിന് വേണ്ടി സിപിഎം നടത്തുന്ന ഇത്തരം സമരാഭാസങ്ങള്‍ പൊതുജനം തള്ളിക്കളയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച ടിഎസ്പി ഫണ്ടില്‍ 50 ശതമാനത്തില്‍ താഴെ തുക ചെലവഴിച്ച എട്ടു പഞ്ചായത്തുകളില്‍ ആറും സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളാണ്. അതേസമയം, 80 ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത് മൂന്നു പഞ്ചായത്തുകളാണ്. അവ മൂന്നും യുഡിഎഫാണ് ഭരിക്കുന്നതും. യുഡിഎഫ് ഭരിക്കുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും 74 ശതമാനത്തിലധികം ഫണ്ട് ചെലവഴിച്ചപ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലെ ഫണ്ട് ചെലവ് 59 ശതമാനം മാത്രമാണ്. ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരു രൂപയുടെ വികസനം പോലും ഉണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ, ജില്ലാ പഞ്ചായത്തിനെതിരേ ഇപ്പോള്‍ സിപിഎം നടത്തുന്നത് ആസൂത്രിത നീക്കമാണെന്നും ഇതിനെ പൊതുജനം തള്ളിക്കളയണമെന്നും ഭരണസമിതിയംഗങ്ങളായ പ്രഭാകരന്‍ മാസ്റ്റര്‍, പി ഇസ്മായില്‍, അനില തോമസ്, കെ ബി നസീമ, കെ മിനി, എ ദേവകി, അഡ്വ. ഒ ആര്‍ രഘു, വര്‍ഗീസ് മുരിയന്‍കാവില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss