|    Oct 17 Tue, 2017 10:46 pm
FLASH NEWS

ടിംബര്‍, പ്ലൈവുഡ് തൊഴിലാളികളുടെ വേതന പരിഷ്‌കരണം നടപ്പായില്ല

Published : 28th July 2016 | Posted By: SMR

കണ്ണൂര്‍: വേതനം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ ടിംബര്‍, പ്ലൈവുഡ് വ്യവസായ തൊഴിലാളികള്‍ ദുരിതത്തില്‍. തൊഴിലുടമകളുടെ സംഘടനയായ സംസ്ഥാന പ്ലൈവുഡ് ആന്റ് ബ്ലോക്ക് ബോര്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെയാണ് 17 മാസം പിന്നിട്ടിട്ടും പുതുക്കിയ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കാതായത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും മേഖലയിലെ വേതനം പുതുക്കി നിശ്ചയിക്കണമെന്നാണു ചട്ടം. എന്നാല്‍ 1970നു ശേഷം ഇതുവരെ അഞ്ചുവര്‍ഷം എന്ന നിശ്ചിത കാലയളവില്‍ വേതന പരിഷ്‌കരണം നടന്നിട്ടില്ലെന്നാണ് ആരോപിക്കുന്നത്. 1970 മുതല്‍ 2016 വരെയുള്ള 46 വര്‍ഷ കാലയളവില്‍ ഒമ്പത് തവണ വേതനം പുതുക്കി നിശ്ചയിക്കേണ്ടിടത്ത് നാലുതവണ മാത്രമാണ് പുതുക്കിയത്.
1980ലും 1993ലും 2008ലും. ഇതിനു ശേഷം 2015ല്‍ പുതുക്കി നിശ്ചയിച്ച വേതനമാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ലഭിക്കാതെ അനിശ്ചിതമായി നീണ്ടുപോവുന്നത്.  2008ല്‍ പുതുക്കി നിശ്ചയിച്ച വേതനാണ് മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
ഇതനുസരിച്ച് പ്ലൈവുഡ് വ്യവസായ തൊഴിലാളികള്‍ക്ക് പ്രതിദിന വേതനം അടിസ്ഥാന വേതനവും ക്ഷാമബത്തയും ഉള്‍പ്പെടെ 260 രൂപയാണ്. ചെലവേറിയ സാഹചര്യത്തില്‍ ഇത്  തുഛമാണെന്നു തൊഴിലാളികള്‍ പറയുന്നു. മറ്റേത് തൊഴില്‍ മേഖലയിലും ഇത്രയും കുറഞ്ഞ വേതനമില്ല.അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 700 രൂപ ദിവസ വേതനം ലഭിക്കുമ്പോഴാണ് പ്ലൈവുഡ് വ്യവസായ തൊഴിലാളികള്‍ക്കു തുഛമായ വേതനം ലഭിക്കുന്നത്. പുതുക്കിയ വേതന പ്രകാരം പ്രതിദിനം 380 രൂപയാണ്.
അതുപോലും എന്ന് ലഭിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്.തൊഴിലാളിക്കും അവന്റെ ആശ്രിതര്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം മുടങ്ങാതെ ലഭിക്കാനുള്ള കൂലിയെങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണു സര്‍ക്കാര്‍ 1948ല്‍ മിനിമം വേതന നിയമ നിര്‍മാണം നടത്തിയത്. എന്നാല്‍ ഉദ്ദേശ ലക്ഷ്യങ്ങളെ അസ്ഥാനത്താക്കുന്ന നടപടികളാണ് വര്‍ഷങ്ങളായി തൊഴില്‍ വകുപ്പ് സ്വീകരിക്കുന്നതെന്നു തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വേതന പരിഷ്‌കരണ നടത്തുന്നതിനു പകരം 12ഉം 15ഉം വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടു പോവുകയും കോടതിയുടെ സ്‌റ്റേ നീക്കാന്‍ നടപടിയെടുക്കാത്തതും തൊഴിലാളികള്‍ക്കാണു തിരിച്ചടിയാവുന്നത്. കോടതിയുടെ സ്‌റ്റേ നീക്കി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പുതുക്കിയ വേതനം 2015 ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് കൊക്കൊള്ളണമെന്നാണു തൊഴിലാളികളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക