|    Jun 26 Mon, 2017 4:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ടാങ്കര്‍ ലോറി ജീവനക്കാരുടെ പണിമുടക്ക് തടയണമെന്ന് ഹരജി

Published : 29th November 2016 | Posted By: SMR

കൊച്ചി: ഡിസംബര്‍ മൂന്ന് മുതല്‍ പെട്രോളിയം നീക്കം സ്തംഭിപ്പിക്കാന്‍ ടാങ്കര്‍ ലോറി ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഐഒസിയുടെ ഹരജി.
കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് സമരം തടയണമെന്നും സമരക്കാര്‍ക്കെതിരേ അവശ്യസേവന നിയമം (എസ്മ) നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഹരജി നല്‍കിയിരിക്കുന്നത്.മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണ നിലവിലുണ്ടെന്നും ഇതിന് ഇന്ധന നീക്കവുമായി ബന്ധപ്പെട്ട് ഇന്നുവരെ ഭീഷണിയൊന്നും നിലവിലില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊച്ചിന്‍ ടെര്‍മിനലില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇരുമ്പനത്തും കോഴിക്കോട് ഡിപ്പോയിലും എത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് കരാര്‍ നല്‍കിയവരുടെ തൊഴിലാളികളുടെ സംഘടനയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം. ഡിസംബര്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍ സേവന വേതന വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മൂന്ന് മുതല്‍ പണിമുടക്ക് സമരം നടത്തുമെന്നാണ് പ്രഖ്യാപനം.
ന്യായമല്ലാത്ത ആവശ്യമാണ് യൂനിയന്‍ ഉന്നയിക്കുന്നത്. പെട്രോളിയം ഉല്‍പന്ന നീക്കം തടസപ്പെടുത്തുന്ന വിധം ടാങ്കറുകള്‍ ലഭ്യമാക്കാതെയുള്ള പണിമുടക്ക് സമരത്തില്‍ നിന്നുള്‍പ്പെടെ വിട്ടു നില്‍ക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് പണിമുടക്ക്.
അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ പെട്രോളിയം നീക്കത്തെ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് കമ്പനി പല വട്ടം ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയിട്ടില്ല. അവശ്യസേവനം നിര്‍വഹിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരേ എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക