|    Jan 25 Wed, 2017 5:14 am
FLASH NEWS

ടാങ്കര്‍ലോറി മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

Published : 6th June 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയില്‍ ചുരുളിക്കും കരിമ്പനുമിടയില്‍ അട്ടിക്കളത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു 12 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
ശനിയാഴ്ച രാത്രി 12നാണ് സംഭവം. നിയന്ത്രണം വിട്ട കെഎല്‍ എ 8104 ടാങ്കര്‍ ലോറി റോഡരികിലെ പാറയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആല്‍പ്പാറ സ്വദേശി സന്ദീപ് (22), കൊല്ലം സ്വദേശികളായ വിഷ്ണു (24), രതീഷ് (30) എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു.
അപകടത്തെ തുടര്‍ന്ന് റോഡിലും പരിസരത്തും പെട്രോള്‍ ഒഴുകിപ്പടര്‍ന്നത് സമീപവാസികളില്‍ പരിഭ്രാന്തി പരത്തി. കൊച്ചിയില്‍ നിന്ന് തടിയമ്പാട്ടുള്ള പെട്രോള്‍ പമ്പിലേക്കു ഡീസലും പെട്രോളും കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ 20,000 ലിറ്റര്‍ ഡീസലും പെട്രോളുമാണ് ടങ്കറിലുണ്ടായിരുന്നത്.
ഇതില്‍ നിന്ന് 6000 ലിറ്ററോളം പെട്രോളും ഡീസലും റോഡിലൂടെ ഒഴുകി സമീപത്തെ കൃഷിയിടത്തില്‍ പടര്‍ന്നു. പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനു കൊണ്ടുവന്ന മരത്തൈകള്‍ ചേലച്ചുവട് ലോക്കല്‍ കമ്മിറ്റി ഓഫിസിലിറക്കിയ ശേഷം കരിമ്പന്‍ ഭാഗത്തേക്ക് വികയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവം കണ്ട് കഞ്ഞിക്കുഴി പോലിസില്‍ അറിയിച്ചത്. ഉടന്‍തന്നെ പോലിസും ഇടുക്കിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി.
രാത്രിതന്നെ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
സമീപത്ത് താമസിക്കുന്നവരെ പോലിസ് വിളിച്ചുണര്‍ത്തി ഫോണ്‍ വഴിയും നേരിട്ടും വിവരം അറിയിച്ചു. സംഭവസ്ഥലത്തിനു 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ പ്രവേശിക്കുന്നത് പോലിസ് തടഞ്ഞു. രാത്രി മുതല്‍ വാഹനങ്ങള്‍ ചേലച്ചുവട്ടില്‍ നിന്ന് പെരിയാര്‍വാലി- കരിമ്പന്‍ വഴി തിരച്ചു വിട്ടു. ചേലച്ചുവട്ടിലും കരിമ്പനിലും പോലിസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
രാവിലെ തന്നെ അമ്പലമുകളില്‍ നിന്നെത്തിയ വിദഗ്ധര്‍ പെട്രോള്‍ നിര്‍വീര്യമാക്കി. മറ്റൊരു ടാങ്കര്‍ എത്തിച്ച് ശേഷിക്കുന്ന ഇന്ധനം പകര്‍ത്തി മാറ്റി. രാത്രി മുതല്‍ കഞ്ഞിക്കുഴി എസ്‌ഐ ഷനല്‍കുമാര്‍, സീനിയര്‍ പോലിസ് ഓഫിസര്‍മാരായ എന്‍ കെ ഷൗക്കത്തലി, കെ ആര്‍ അനീഷ്, മുഹമ്മത് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീപ്പിടിത്തമുണ്ടാവാതിരിക്കാനും മറ്റു സുരക്ഷാകൃമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോയിരുന്ന പോലിസുകാരെയും വിളിച്ചുവരുത്തിയിരുന്നു. കൂടാതെ ഇടുക്കി എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസും സ്ഥലത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.
ദുരന്തമൊഴിവാക്കാന്‍ നാട്ടുകാര്‍ അപകടസ്ഥലത്തേക്കു കടക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണമാണ് പോലിസ് ഒരുക്കിയിരുന്നത്. ഇന്നലെ ഉച്ചക്ക് 12.45നു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക