|    Mar 25 Sat, 2017 11:40 am
FLASH NEWS

ടാങ്കര്‍ലോറി അപകടം; ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു

Published : 1st July 2016 | Posted By: SMR

താനൂര്‍: വിമാന ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ലോറി മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ടാങ്കിന്റെ അടപ്പു തുറന്ന് പുറത്തേക്കൊഴുകിയ ഇന്ധനത്തിനു തീപിടിച്ചു. സമീപത്തെ കിണറുകളിലേക്കും അഴുക്കുചാലുകളിലേക്കും ഇന്ധനം ചോര്‍ന്നിരുന്നു. ചാലുകളിലേക്ക് ഒഴുകിയ ഇന്ധനത്തിനാണു തീപിടിച്ചത്.
താനൂര്‍-പരപ്പനങ്ങാടി റോഡിലെ ഇരട്ടവളവില്‍ ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണു സംഭവം. എറണാകുളത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ടാങ്കര്‍ലോറിലാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കു നിസ്സാര പരിക്കേറ്റു. താനൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടസാധ്യത ഒഴിവാക്കുകയും ഇതുവഴിയുള്ള വാഹനഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
തിരൂരില്‍ നിന്ന് അഗ്നിശമനസേനയും ഐഒസിയുടെ ഫയര്‍ ആന്റ് സേഫ്റ്റി വാഹനവും സാങ്കേതികവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ 10ഓടെ മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റിയ ശേഷം ക്രെയിനുപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് ഏതാനും മീറ്റര്‍ അകലെ തീപടര്‍ന്നത്. ടാങ്കറിന്റെ അടപ്പ് ഇളകി പുറത്തേക്കൊഴുകിയ ഇന്ധനം അഴുക്കുചാലിലൂടെ പള്ളിപ്പറമ്പ് കോളനിയിലെത്തുകയായിരുന്നു. ചാലില്‍ നിന്ന് തീ ആളിക്കത്തിയതോടെ പലരും ഭയന്നോടി.
പോലിസ് തിരിച്ചുവിട്ടുകൊണ്ടിരുന്ന വാഹനത്തിലുള്ളവരും ഇറങ്ങിയോടി. സമീപത്തെ കൈതവളപ്പില്‍ കുഞ്ഞിമുഹമ്മദ്കുട്ടിയുടെ വീടിന്റെ പോര്‍ച്ചിലുണ്ടായിരുന്ന ഹുണ്ടായി കാര്‍, സ്‌കൂട്ടര്‍ എന്നിവ ഭാഗികമായും റോഡിലുണ്ടായിരുന്ന ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.
വീടിന്റെ മുകള്‍ഭാഗത്തിനും സമീപം നിര്‍മാണത്തിലുള്ള വീടിനും കേടുപാടുകള്‍ പറ്റി. ഇന്ധനം കലര്‍ന്നതായി സംശയമുള്ള വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കി. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍, ആര്‍ഡിഒ റവന്യൂ ഉദ്യോഗസ്ഥര്‍, തിരൂര്‍ ഡിവൈഎസ്പി തുടങ്ങിയവരും ജനപ്രതിനിധികളും സ്ഥലത്തെത്തി.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക