|    Dec 16 Sat, 2017 10:11 pm
FLASH NEWS

ടാക്‌സി ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമം: മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

Published : 19th November 2016 | Posted By: SMR

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പോലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കെത്തിയ യൂബര്‍ ടാക്‌സി സ്റ്റേഷനു മുമ്പില്‍ തടഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രക്കാരെ ഇറക്കി വിടുകയും യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. സ്ഥലത്തെത്തിയ നോര്‍ത്ത് പോലിസ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ പച്ചാളം വട്ടത്തറ വീട്ടില്‍ വിഷ്ണുരാജ്(48), ചേര്‍ത്തല ചിറയില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍(35), ഓച്ചിറ തുണ്ടില്‍ വീട്ടില്‍ പ്രദീപ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓട്ടൊറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്കി. നോര്‍ത്ത് സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറുകളും പണിമുടക്കിയതോടെ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. പണിമുടക്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടത് പലയിടത്തും വാക്കേറ്റത്തിനിടയാക്കി. നോര്‍ത്ത് സ്റ്റേഷനിലും പരിസരത്തും യൂബര്‍ ടാക്‌സിയിലും ഇതര ടാക്‌സിയിലുമെത്തിയ യാത്രക്കാര്‍ക്ക് നേരെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ആക്രമണമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവര്‍മാരെ വാഹനത്തില്‍നിന്നും വലിച്ചിറക്കി. വിദേശീയരും ഇതര സംസ്ഥാനക്കാരുമുള്‍പെടെയുള്ള യാത്രക്കാര്‍ പെരുവഴിയിലായി. നോര്‍ത്ത് പോലിസിനു നേരെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വെല്ലുവിളികളുമായി രംഗത്തെത്തി. പണിമുടക്കിയ ഡ്രൈവര്‍മാരുടെ മാര്‍ച്ച് എറണാകുളം ജെട്ടിക്ക് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് എം അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. എസ്ടിയു നേതാവ് രഘുനാഥ് പനവേലി, എഐടിയുസി നേതാക്കളായ ബിനു വര്‍ഗീസ്, എം എസ് രാജു, ഐഎന്‍ടിയുസി നോതാക്കളായ ടി കെ രമേശന്‍, രഞ്ജിത്ത് സിഐടിയു നേതാക്കളായ പി വി പ്രവീണ്‍, മധുസൂദനന്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുമായി വിവിധ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഉച്ചയോടെ ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss