|    Jan 22 Sun, 2017 11:27 am
FLASH NEWS

ഞാന്‍ ഡോക്ടര്‍മാരെ പറ്റിച്ചു; കാന്‍സര്‍ മാറി…

Published : 2nd February 2016 | Posted By: SMR

ഡോ. എസ് അബ്ദുല്‍ ഖാദര്‍

കടന്നല്‍ കുത്തിയപോലെ ചുവന്നു വീങ്ങിയ മുഖവുമായി പത്രം വായിക്കുന്ന ഡോ. സത്യാര്‍ത്തിയുടെ അരികെയെത്തി ഭാര്യ പത്രത്തിലെ തലവാചകത്തിലേക്കു കണ്ണു പായിച്ചു: പാര്‍ലമെന്റില്‍ ഇന്നസെന്റ്…
തലവാചകം മുഴുവനും വായിക്കാന്‍ അനുവദിക്കാതെ തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളന്റെ തത്രപ്പാടോടെ സത്യാര്‍ത്തി ഡോക്ടര്‍ പെട്ടെന്ന് പത്രം മടക്കി ഭാര്യയെ തുറിച്ചുനോക്കി… കാപ്പി കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
”അച്ഛാ… ഈ പ്രാവശ്യം അവധിക്ക് നമുക്ക് ഗോവയില്‍ പോയാല്‍ മതി. എന്റെ കൂട്ടുകാരി വിജിയെ അച്ഛന് അറിയില്ലേ. ഡോ. ദയാനിധിയുടെ മകള്‍. അവരെല്ലാം കൂടെ ഇപ്രാവശ്യം അവധിക്ക് ഗോവയിലാ പോവുന്നത്.”
മകളുടെ കൊഞ്ചല്‍ കേട്ടപ്പോള്‍ സത്യാര്‍ത്തിക്ക് നെഞ്ചില്‍ ഒരു നീറ്റല്‍. ടൂര്‍ ഓഫറുമായി മരുന്നുകമ്പനിക്കാരാരും വന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചിലെ നീറ്റല്‍ അധികരിച്ചു.
ആശുപത്രിയില്‍ എത്തിയപ്പോഴും എല്ലാവരും തന്നെ തുറിച്ചുനോക്കുന്നോയെന്ന് സത്യാര്‍ത്തിക്ക് സംശയം.
ഈ ഇന്നസെന്റിന് ഇതെന്തിന്റെ കേടാ. ഡോക്ടര്‍മാരുടെ മുഖമടച്ചല്ലേ അയാള്‍ പെടച്ചത്. സിസ്റ്റര്‍ സിസിലി ഉള്ളില്‍ തികട്ടിയ ചിരിയടക്കി ഡോ. സത്യാര്‍ത്തിയുടെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി.
”അങ്ങേര് പറയുന്നതിലുമില്ലേ സത്യം. എത്രയാ കമ്മീഷന്‍ പലരും വാങ്ങിക്കൂട്ടുന്നത്.”
പണിയെടുക്കാതെ സദാ കറങ്ങിനടക്കുന്ന നേതാവ് സദാനന്ദനെ കഴിഞ്ഞ ദിവസം സത്യാര്‍ത്തി വഴക്കുപറഞ്ഞതിലുള്ള സങ്കടത്തിലായിരുന്നു അയാള്‍.
”ഇത് അനുവദിക്കാന്‍ പാടില്ല. തുടക്കത്തിലേ തടയിടണം. അല്ലെങ്കില്‍ ഓരോരുത്തരായി ഏറ്റുപിടിക്കും. അമീര്‍ഖാന്റെ രോഗം ഇന്നസെന്റിന് പിടിപെട്ടെന്നാ തോന്നുന്നത്. നമുക്ക് ശക്തിയുണ്ടെന്നു തെളിയിക്കണം. എംപിമാരെ കണ്ട് തെറ്റിദ്ധാരണ മാറ്റണം.”
കാന്റീനില്‍ കാപ്പി കുടിക്കുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞതില്‍ സത്യാര്‍ത്തിക്ക് വലിയ വിശ്വാസം തോന്നിയില്ല.
അന്നത്തെ ദിവസം സത്യാര്‍ത്തിക്ക് ഒരു സത്യാന്വേഷണ പരീക്ഷ തന്നെയായിരുന്നു. എല്ലാം ഇനി അവസാനിപ്പിക്കണം. അയാള്‍ മനസ്സിലുറപ്പിച്ചു.
വീട്ടിലെ പരിശോധനയ്ക്കു വന്ന രോഗികള്‍ പിരിഞ്ഞപ്പോള്‍ ചായയുമായി വന്ന ഭാര്യ സമാധാനിപ്പിച്ചു:
”വാ… മൂഡ് ഒന്നു മാറട്ടെ. ടിവിയില്‍ ‘കിലുക്കം’ സിനിമ ഉണ്ട്. അല്‍പനേരം അതു പോയി കാണാം.
ഇന്നസെന്റിന് ലോട്ടറി അടിച്ചെന്ന് രേവതി പറയുമ്പോള്‍ ഇന്നസെന്റ് ബോധംകെട്ട് വീഴുന്നതും പിറ്റേന്ന് അയാള്‍ തിലകനെ തെറിപറഞ്ഞ് വീടുവിട്ട് ഇറങ്ങുന്നതും കുറേ നാള്‍ കഴിഞ്ഞ് എനിക്ക് വിശക്ക്ണു എന്നു പറഞ്ഞു തിരിച്ചു കയറിവരുന്നതും അടങ്ങിയ രംഗങ്ങള്‍ നോക്കി ചിരിക്കുന്ന സത്യാര്‍ത്തിയെ കണ്ടപ്പോള്‍ ഭാര്യക്ക് സമാധാനമായി.
ഉറങ്ങാന്‍ കിടന്നപ്പോള്‍ സത്യാര്‍ത്തിയുടെ മുഖം തെളിഞ്ഞിരുന്നു. ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്‌നം കണ്ടു.
രംഗം 1. ഇന്നസെന്റ് രേവതിയുടെ അടുത്ത് നില്‍ക്കുന്നു. എന്താ, ഒന്നുകൂടെ പറഞ്ഞേ… അടിച്ചുമോളേ… കാന്‍സര്‍ മാറി. ഇന്നസെന്റ് ബോധംകെട്ട് താഴെ വീഴുന്നു. വീണ്ടും കണ്ണുതുറക്കുന്നു. കാന്‍സര്‍ മാറിയെന്ന് പുലമ്പുന്നു.
രംഗം 2. ഠ… ഞ്ഞ… ത്ത… പ്പ… എഢാ… ഡോക്ടര്‍ കഴുവേറി മോനേ. നീ എന്താ വിചാരിച്ചേ. ഞാനെന്നും കാന്‍സര്‍ രോഗിയായി കഴിയുമെന്നാണോ.
എന്നാ നിനക്ക് പിഴച്ചു. ഏതു പട്ടിക്കും ഒരു ദിവസം വരും. എടാ… തന്തക്കിഴവാ… കഴുത്തില്‍ കുഴലിട്ട് ഇരുന്നിട്ടൊന്നും കാര്യമില്ല. ഇത് എന്റെ ദിവസമാണെന്നു കരുതിക്കോ.
നീ എന്നെ കുറേനാളായി കാന്‍സര്‍ രോഗിയാണെന്നു പറഞ്ഞു പറ്റിക്കുണു.
നീ കമ്മീഷനും കോഴയും വാങ്ങി തടിച്ചുകൊഴുത്ത് ഇരിക്കുകയല്ലേ. രോഗിയോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ നിനക്ക് കാണിച്ചുതരുന്നുണ്ട്.
ഞാനും ഒരു ആശുപത്രി പണിയും അവിടെ കുറേ ഡോക്ടര്‍മാരെ വയ്ക്കും. എങ്ങനെ ഡോക്ടര്‍മാര്‍ രോഗികളോട് പെരുമാറണമെന്ന് ഞാന്‍ നിനക്ക് കാണിച്ചുതരുന്നുണ്ട്.
സത്യാര്‍ത്തി പേടിച്ച് ഞെട്ടിയുണര്‍ന്നു കണ്ണുമിഴിച്ചു. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 163 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക