|    May 23 Tue, 2017 6:51 am
FLASH NEWS

ഞാന്‍ ജിഷയുടെ ആങ്ങളയല്ല

Published : 10th May 2016 | Posted By: mi.ptk

എ എസ് അജിത്കുമാര്‍

ആദ്യമായി തലക്കെട്ടിനെ വിശദീകരിക്കാം. ജിഷയുടെ സഹോദരനല്ലാത്തത് രണ്ടു മൂന്നു കാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമതായി സഹോദരന്‍ എന്നതു പൊതു ബോധത്തില്‍ പെങ്ങളെ സംരക്ഷിക്കേണ്ടയാള്‍ എന്നതാണ്. അതിലൂടെ സ്ത്രീകള്‍ സഹോദരന്‍മാരാല്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ആണെന്നു വരുന്നു. ആ നിലയ്ക്ക് ഒരു അധികാരം അവകാശപ്പെടുന്നതു തന്നെ ജിഷയെ പോലെ സ്വന്തം ജീവിതത്തില്‍ ജാതിയുള്‍പ്പെടെയുള്ള സാഹചര്യങ്ങളോടു പൊരുതി ജീവിച്ച ഒരു വ്യക്തിയുടെ ജീവിതത്തെ നിരാകരിക്കലാണ്. രണ്ടാമത് ജാതി എന്ന ഒരു പ്രധാന ഘടകത്തെ അതു മറയ്ക്കുന്നു എന്നതാണ്.  മറ്റൊന്ന് ജിഷയുടെ അനുഭവങ്ങളില്‍ മനസ്സിലാക്കാന്‍ കഴിയുന്നതും ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്തതുമായ ഘടകങ്ങളുണ്ട്. ദലിത് എന്ന സാമുദായിക അനുഭവം ആയിരിക്കാം ജിഷയുടെ അനുഭവത്തെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സാധ്യത. എന്നാല്‍ ഒരു ദലിത് പുരുഷന്‍ എന്ന നിലയിലും ‘പുറമ്പോക്ക്’ ജീവിതത്തിലൂടെയല്ല കടന്നു പോയിട്ടുള്ളത് എന്നതുകൊണ്ടും വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്. പ്രിവിലേജുകളും ഉണ്ട്. അതുകൊണ്ടു തന്നെ സഹോദരി എന്ന വിളിയിലൂടെ ഈ വ്യത്യാസങ്ങളെ മായ്ച്ചു കളയുന്നതു ശരിയായിരിക്കില്ല. മറ്റൊന്ന് പ്രധാനമായും ഈ ‘സഹോദരി’ എന്ന സങ്കല്‍പം ഇടപെടുന്ന ആളുടെ ആത്മാര്‍ഥതയെ പ്രകടിപ്പിക്കാനുള്ള ക്ലീഷേ ആയ ഒരു ഭാഷയുടെ പ്രശ്‌നമാണ് എന്നതാണ്. ജിഷയെ കുറിച്ച് എഴുതാന്‍ കഴിയില്ല, മറിച്ച് ഈ വ്യവഹാരങ്ങളെ കുറിച്ചു മാത്രമേ എഴുതാന്‍ സാധ്യതയുള്ളൂ എന്നതും ഒരു പരിമിതിയാണ്.  സംഭവം നടന്ന് അഞ്ചു ദിവസത്തോളം താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന  മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നീടു ചെയ്തതു ജിഷയുടെ ശരീരത്തിനു മേല്‍ ചെയ്ത എല്ലാ ക്രൂരതകളുടെയും വര്‍ണനകളാണ്. ഇതിലൂടെ വാര്‍ത്തയെ പൊലിപ്പിച്ചെടുക്കുന്ന ഒരു രീതിയുണ്ടായി. അതിലൂടെ ആ വ്യക്തി തന്നെ ഒരു ഇരയുടെ ശരീരം മാത്രമായി മാറി. ദലിത് ശരീരത്തിനുമേല്‍ പ്രത്യേകിച്ചും ദലിത് സ്ത്രീ ശരീരത്തിനു മേലുള്ള അതിക്രമം സ്വാഭാവികമായ ഒന്നായി വായിക്കാന്‍ പലര്‍ക്കും ഇത് അവസരം കൊടുത്തിട്ടുണ്ടാവും. സ്വന്തം വീടിനടുത്തു നടന്ന ഈ സംഭവം അലട്ടാതിരുന്നവര്‍ക്കു പത്രവാര്‍ത്ത ഉദ്വേഗജനകമായി തോന്നിയിട്ടുണ്ടാവാം.  ജിഷയ്ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ത്തപ്പെട്ട ജാതിയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായില്ല. ‘പുറമ്പോക്കിലെ’ ഒറ്റമുറി വീടിന്റെ ദൃശ്യങ്ങള്‍ ഒരു സഹതാപത്തിന്റെ തലത്തിലാണ് പലപ്പോഴും സാമൂഹ മാധ്യമങ്ങളില്‍ വരെ പങ്കു വയ്ക്കപ്പെട്ടത്. ജിഷയുടെ സഹപാഠികള്‍ക്കു പലര്‍ക്കും വീടിന്റെ അവസ്ഥ അറിയില്ലായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഇടത്തില്‍ സ്വന്തം സാമൂഹികാവസ്ഥ പുറത്തറിയിക്കാതെ പുതിയ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് കീഴാള വിദ്യാര്‍ഥികള്‍. ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന ജിഷയ്ക്ക് ഈ നിലയ്ക്ക് ആ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളുടെ ചിത്രങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത് ഇഷ്ടമല്ലാതിരുന്നിരിക്കണം. മറ്റു പല ബലാല്‍സംഗ കൊലപാതകങ്ങളിലെയും ഇരകളുടെതു പോലെയല്ല ജിഷയുടെ കാര്യത്തിലുണ്ടായത്. പേരും ചിത്രങ്ങളും വിവരങ്ങളും ഒരു സ്വകാര്യതയുമില്ലാതെ പ്രചരിപ്പിക്കപ്പെട്ടു.’പുറമ്പോക്ക്’ ജീവിതം എന്നത് ദലിത് ജീവിതത്തില്‍ തന്നെ ഏറ്റവും കീഴാളമായ ജീവിതമാണ്. ഭൂമിയില്ലായ്മയുടെ പ്രശ്‌നം പോലെ തന്നെ ‘പുറമ്പോക്ക്’ എന്നതു പൊതു സമൂഹത്തില്‍ നിന്നു തന്നെയുള്ള ബഹിഷ്‌കരണത്തിന്റെ ഒന്നാണ്. കോളനികളിലും പുറമ്പോക്കിലും താമസിക്കുന്നവരെ സംബന്ധിച്ചു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നിയമവ്യവസ്ഥയില്‍ നിന്നുമൊക്കെയുള്ള പുറന്തള്ളലില്‍ ആണ് അവര്‍ ജീവിക്കുന്നത്. ‘പുറമ്പോക്ക്’ എന്നത് പൊതു സമൂഹത്തിന്റെ തന്നെ വെളിയില്‍ എന്നതാണ് അര്‍ഥമാക്കുന്നത്. നഗരങ്ങളില്‍ കോളനികളുടെ പ്രത്യേകത തന്നെ അതാണല്ലോ. അകത്താണെങ്കിലും പുറത്താണെന്ന അവസ്ഥ. അതുകൊണ്ടു തന്നെയാണ് ജിഷയുടെ കുടുംബത്തിന് വെള്ളത്തിനു പോലും വളരെ ദൂരെയുള്ള പൈപ്പിനെ ആശ്രയിക്കേണ്ടി വന്നത്. സാമൂഹികമായും ഒറ്റപ്പെട്ട ജീവിതം അവര്‍ക്കു നയിക്കേണ്ടി വന്നത് ഈ പുറമ്പോക്കു ജീവിതത്തില്‍ അന്തര്‍ലീനമായ ജാതി കാരണമാണല്ലോ. പക്ഷേ, ഈ ദലിത് ജീവിതത്തിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ദലിത് സ്ത്രീയെന്ന അവസ്ഥയാണു മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്. ദലിത് എന്ന നിലയില്‍ പങ്കു വയ്ക്കപ്പെടുന്ന ജീവിത സാഹചര്യങ്ങളിലൂടെ അല്ലെങ്കില്‍ ബന്ധുക്കളുടെ ജീവിതത്തില്‍ നിന്നു കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും നഗരത്തില്‍ ജീവിക്കുന്ന ഭേദപ്പെട്ട ജീവിത സാഹചര്യം ഉണ്ടായിരുന്ന എനിക്ക് ഈ അതി കീഴാളമായ ദലിത് ജീവിതം അനുഭവത്തിലൂടെ അറിയാന്‍ കഴിയാത്ത ഒന്നാണ്. അവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീടിന്റെ ‘സുരക്ഷയുടെ’ ഒരു സാങ്കേതിക പ്രശ്‌നമല്ല ഇവിടെ നോക്കേണ്ടത് എന്നെനിക്കു തോന്നുന്നു. ഈ ജാതിയാല്‍ നിര്‍ണയിക്കപ്പെട്ട ‘പുറമ്പോക്ക്’ ജീവിതം തന്നെ സുരക്ഷിതമല്ലാത്ത ഒന്നാണ്. ഭൂമി നിയമപരമായി കൈയിലില്ലാത്തവര്‍ തന്നെ ‘നിയമപരമായി’ നിലനില്‍ക്കാത്തവരായിട്ടായിരിക്കും പൊതു സമൂഹം കാണുന്നത്. അതുകൊണ്ടു തന്നെയാവണം ഈ അക്രമത്തിന്റെ ഒച്ച ‘നാട്ടുകാര്‍’ കേള്‍ക്കാത്തത്.ഈ അവസരത്തിലും പ്രതിഷേധിക്കുന്ന ചിലരെങ്കിലും ആവശ്യപ്പെടുന്നത് കുറ്റവാളികളുടെ ലിംഗം മുറിച്ചു കളയാനും തൂക്കിക്കൊല്ലാനും ഒക്കെയാണ്. കശ്മീര്‍ പോലുള്ള ഇടങ്ങളില്‍ ഇന്ത്യന്‍ സൈന്യം അവിടത്തെ പ്രക്ഷോഭകാരികളുടെ വൃഷണങ്ങള്‍ ചവിട്ടിയരയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ ഓര്‍ത്താല്‍ ഭരണകൂടത്തിനു ശരീരങ്ങളെ-ലൈംഗികാവയവങ്ങളെ ആക്രമിക്കാനുള്ള അവകാശത്തെ സാധൂകരിക്കുന്നതിന്റെ അപകടം ബോധ്യപ്പെടും. വധശിക്ഷ തന്നെ നിര്‍ത്തലാക്കണമെന്ന് ആവശ്യമുന്നയിക്കപ്പെടുമ്പോഴാണ് വീണ്ടും ഭരണകൂടത്തിനു കൊല്ലാനുള്ള അവകാശത്തെ ന്യായീകരിച്ചു പലരും രംഗത്തു വരുന്നത്. ബലാല്‍സംഗം പോലെയുള്ള ആഴത്തിലുള്ള ഒരു സാമൂഹിക പ്രശ്‌നത്തിനാണ് ‘ഒറ്റ തവണ തീര്‍പ്പു കല്‍പിക്കല്‍’ പോലുള്ള ഒരു നിയമവുമായി വരുന്നത്. വ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഹേതല്‍ പരേഖ് ബലാല്‍സംഗക്കേസില്‍ ധനഞ്ജയ് ചാറ്റര്‍ജിയുടെ ശിക്ഷ 2004ല്‍ നടപ്പാക്കുന്നത്. ബലാല്‍സംഗ കേസില്‍ വധശിക്ഷ ശരിയോ എന്ന ചര്‍ച്ചകള്‍ സജീവമായി അന്നു നടന്നിരുന്നു. ആ വധശിക്ഷ നടപ്പായതിനു ശേഷം അതിന്റെ ന്യായീകരണങ്ങള്‍ എത്രത്തോളം തെറ്റായിരുന്നു എന്നു തെളിയിച്ചു കൊണ്ട് കൂടുതല്‍ ബലാല്‍സംഗ കൊലപാതകങ്ങള്‍ നടന്നു. ലൈംഗിക അതിക്രമങ്ങളുടെ ഒരു സംസ്‌കാരത്തെ (ഇതില്‍ ട്രാന്‍സ്  ജെന്ററുകള്‍, ഭിന്ന ലൈംഗികതയുള്ളവര്‍ എന്നിവര്‍ നേരിടുന്ന ലൈംഗിക അതിക്രമം, ബലാല്‍സംഗം എന്നിവ മിക്കപ്പോഴും പരിഗണിക്കപ്പെടാറേയില്ല) പ്രതിരോധിക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടത്.ഈ വ്യവഹാരങ്ങളില്‍ കൂടുതലും എതിര്‍പക്ഷത്തു സ്ഥാപിക്കപ്പെടുന്നവര്‍ ‘ഇതരസംസ്ഥാന’ തൊഴിലാളികള്‍ എന്നു പറയപ്പെടുന്ന വടക്ക്-വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളോ, മുസ്‌ലിംകളോ ഒക്കെയാണ് എന്നതാണ് ഏറ്റവും  അപകടകരം. ഇവരുടെ മേല്‍ അതി പുരുഷത്വം ആരോപിക്കപ്പെടുന്നു. ജിഷയുടെ കൊലപാതകത്തിന്റെ പ്രതികളെ കുറിച്ചുള്ള ആലോചനയില്‍ തന്നെ ആദ്യം വന്നത് ഈ തൊഴിലാളികളാണ് എന്നത് ഇതു വ്യക്തമാക്കുന്നു. കല്ലമ്പലത്തെ ദലിത് പെണ്‍കുട്ടിയുടെ കൂട്ട ബലാല്‍സംഗ കേസില്‍ തന്നെ പ്രതികളുടെ മുസ്‌ലിം പേരുകളെടുത്തു വച്ച്  ‘ദലിതര്‍ക്കെതിരേ മുസ്‌ലിം സമുദായം’ എന്ന ലളിതമായ വിലയിരുത്തലും വിദ്വേഷ പ്രചാരണവും നടക്കുകയുണ്ടായി. മുസ്‌ലിം സമുദായം അമിതമായി പുരുഷവല്‍ക്കരിക്കപ്പെട്ടതാണെന്ന പൊതു ബോധത്തെ പിന്‍പറ്റിയാണ് ഇത്തരം പ്രചാരണം നടന്നത്. ലൈംഗിക അതിക്രമം, അവയില്‍ തന്നെ ദലിത്-ആദിവാസി-മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധം ഉണ്ടാക്കാന്‍ ഒറ്റമൂലികള്‍പ്പുറം ചിന്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ‘സഹോദരങ്ങളുടെ’ കുറ്റബോധ ഭാഷ കൊണ്ടോ പെങ്ങന്മാരെ സംരക്ഷിക്കുന്ന അധികാരബോധം കൊണ്ടോ ഇതു സാധ്യമാവുമെന്നു തോന്നുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day