|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ഞാന്‍ ഗൗരി’ പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം

Published : 13th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗളൂരു നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധറാലിയില്‍ വന്‍ ജനപങ്കാളിത്തം. നഗരത്തിലെ മജെസ്റ്റിക് റെയില്‍വേസ്റ്റേഷനു സമീപത്തുനിന്ന് തുടങ്ങിയ റാലിയില്‍ ‘ഞാന്‍ ഗൗരി’ എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ച് 50,000ഓളം പേരാണ് നിരത്തിലിറങ്ങിയത്. ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടുക, നീതിയുറപ്പാക്കുകയെന്ന ആവശ്യമുയര്‍ത്തിയും കൊലപാതകത്തില്‍ പ്രതിഷേധിച്ചുമാണ് പ്രകടനം. പ്രതിഷേധ റാലി പൊതുയോഗം നടക്കുന്ന സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ അവസാനിച്ചു.  ഗൗരി ലങ്കേഷിനു മരണമില്ലെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധറാലി നീങ്ങിയത്.  സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ റാലിയില്‍ പങ്കെടുത്തു. സിപിഎം, സിപിഐ എംഎല്‍, കര്‍ണാടക ജനശക്തി, ആം ആദ്മി എന്നീ പാര്‍ട്ടികള്‍ക്കൊപ്പം വിവിധ വിദ്യാര്‍ഥി, യുവജനപ്രസ്ഥാനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹികപ്രവര്‍ത്തക മേധാപട്കര്‍, മാധ്യമപ്രവര്‍ത്തകരായ പി സായിനാഥ്, സാഗരിഗ ഗോഷ്, സ്വരാജ് ഇന്ത്യാ നേതാക്കളായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ്, ആനന്ദ് പട്‌വര്‍ധന്‍, രാകേഷ് ശര്‍മ, മനൂഷ്യാവകാശ പ്രവര്‍ത്തകനായ ജിഗ്‌നേഷ് മേവാനി, കവിതാ കൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് പത്രിക എഡിറ്ററും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരുവിലെ തന്റെ വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss