|    Sep 20 Thu, 2018 8:12 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഞാന്‍ കണ്ട മുസ്‌ലിംലീഗ് ഇതല്ല

Published : 8th October 2017 | Posted By: fsq


ടി എ അബ്ദുല്‍ വഹാബ്, തിരുവനന്തപുരം

വിഭജനാനന്തര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനോടൊപ്പം തന്നെ പാരമ്പര്യമുള്ള ദേശീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗും. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ സമ്മേളിച്ച് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനു ജന്മം നല്‍കുകയായിരുന്നു. സ്വന്തം സമുദായത്തിനകത്തു നിന്നുതന്നെ എതിര്‍പ്പുകള്‍ ഇസ്മാഈല്‍ സാഹിബിനു നേരിടേണ്ടിവന്നുവെങ്കിലും അദ്ദേഹത്തെ ഒരിക്കലും ആ ദൗത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന ആ മഹാനുഭാവനെ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരു പഴയകാല ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഈ കുറിപ്പ്. പാലക്കാട് തത്തമംഗലം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് (1953-1954) പുതുനഗരം പള്ളി മൈതാനത്ത് ഖാഇദെ മില്ലത്ത് പ്രസംഗിക്കാന്‍ വരുന്നതായി അറിഞ്ഞ് അതു കേള്‍ക്കാന്‍ ഞാന്‍ പോയത്. കൃശഗാത്രനായ ഒരു മധ്യവയസ്‌കന്‍. ഒരു വലിയ ജനക്കൂട്ടം. അതിനിടയില്‍ ബാലനായ ഞാനും തമിഴിലെ അദ്ദേഹത്തിന്റെ പ്രസംഗം തീരുന്നതുവരെ കേട്ടുനിന്നു. രാഷ്ട്രീയം എന്താണെന്നോ തിരഞ്ഞെടുപ്പ് എന്താണെന്നോ ഒന്നും അറിയാത്ത പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം ”ഇന്ത്യയില്‍ അവശേഷിക്കുന്ന ആറു കോടി മുസ്‌ലിംകളുടെ സംസ്‌കാരവും വിശ്വാസവും അസ്തിത്വവും കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ ഇവിടെ നിലനിര്‍ത്തിയേ പറ്റൂ. അതിനായി ഉയര്‍ത്തിയ ഈ ഹരിതപതാക ഞാന്‍ ജീവിക്കുന്നിടത്തോളം കാലം ഇവിടെ പാറിപ്പറക്കുകയും ചെയ്യും” എന്നായിരുന്നു. ഞാന്‍ ബാല്യത്തില്‍ കേട്ട ആ നേതാവിന്റെ ഇടിമുഴക്കം ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും എന്റെ ചെവിയില്‍ മാറ്റൊലികൊള്ളുന്നു. വിഭജനത്തിനു ശേഷവും മുസ്‌ലിംലീഗ് എന്തിന് ഇവിടെ നിലനിര്‍ത്തണമെന്ന ഇസ്മായീല്‍ സാഹിബിന്റെ വ്യക്തമായ അര്‍ഥശങ്കയ്ക്ക് ഇടമില്ലാത്ത മറുപടിയാണ് എന്നെ ക്രമേണ മുസ്‌ലിംലീഗിലേക്ക് ആകര്‍ഷിക്കുകയും ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനും പല പദവികളും വഹിക്കാനും അവസാനമായി ചന്ദ്രിക പത്രത്തിന്റെ പാലക്കാട് ലേഖകനാവാനും പിന്നീട് തിരുവനന്തപുരം ചീഫ് റിപോര്‍ട്ടറാവാനും സഹായിച്ചത്. 1975ല്‍ തിരുവനന്തപുരത്തെത്തിയ ഞാന്‍ അവിടെ സ്ഥിരതാമസക്കാരനായപ്പോള്‍ ജില്ലാ മുസ്‌ലിംലീഗ് ട്രഷറര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് പദവിയും മറ്റും എന്നെ തേടിയെത്തിയിരുന്നു. മുസ്‌ലിംലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് 1979 ഒക്ടോബര്‍ 12നു കേരളത്തിന്റെ 10ാമത് മുഖ്യമന്ത്രിയായി അവരോധിതനായപ്പോള്‍ അന്നു വൈകീട്ട് ഗാന്ധിപാര്‍ക്ക് മൈതാനത്ത് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണത്തിനു മറുപടി പറഞ്ഞ അദ്ദേഹം കേരളത്തിനു നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു: ”എന്റെ സമുദായത്തിന്റെ ന്യായമായ അവകാശങ്ങളില്‍ നിന്ന് ഒരു തലനാരിഴ പോലും ആര്‍ക്കും വിട്ടുകൊടുക്കുകയില്ല. അതുപോലെ അന്യസമുദായങ്ങളുടെ അവകാശങ്ങളില്‍ നിന്ന് ഒരു മുടിനാരിഴ പോലും കവര്‍ന്നെടുക്കുകയുമില്ല.” അത്തരം ആദര്‍ശധീര നേതൃത്വം മുസ്‌ലിംലീഗില്‍ ഇന്നില്ലെന്നു ബലമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇസ്മായീല്‍ സാഹിബിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗില്‍ കേട്ട ജനപ്രിയ പേരുകളാണ് ഇബ്രാഹീം സുലൈമാന്‍ സേട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, കെ എം സീതിസാഹിബ്, ജി എം ബനാത്ത്‌വാല, സി എച്ച് മുഹമ്മദ് കോയ എന്നിവരെല്ലാം. പിന്നീട് വന്ന ലീഗ്‌നിര അവരില്‍ നിന്നു വ്യത്യസ്തമായ ഒരു പാതയില്‍ സഞ്ചരിക്കാനാണ് താല്‍പര്യം കാണിച്ചത്. ഇന്ന് 18 എംഎല്‍എമാരുണ്ടെങ്കിലും 1957ല്‍ ആദ്യമായി നിയമസഭയില്‍ എത്തിയപ്പോള്‍ ആ പാര്‍ട്ടിക്ക് എട്ട് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന സമയത്തുള്ള സമുദായ പിന്തുണ ഇപ്പോഴുണ്ടോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss