|    Jun 22 Fri, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഞാനൊന്നുമറിഞ്ഞില്ല; ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ വിവാദമായ ബന്ധുനിയമനം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷേപങ്ങള്‍ വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടല്ല എല്‍ഡിഎഫിന്. വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയണമെന്നില്ലെന്നും പിണറായി വിശദീകരിച്ചു. നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമന വിവാദത്തില്‍ രാജിവച്ചൊഴിഞ്ഞ ഇ പി ജയരാജന് മാത്രമല്ല, മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നതിന് പ്രതിപക്ഷം നിയമസഭയില്‍ തെളിവുകള്‍ നിരത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനം നടന്നതെന്ന് വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ ഫയലില്‍ വ്യക്തമാണ്. നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ലെറ്റര്‍പാഡില്‍ ഇ പി ജയരാജന്‍ എഴുതിയ കത്തുകളും നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയക്കുന്നുവെന്ന പോള്‍ ആന്റണിയുടെ റിപോര്‍ട്ടും പ്രതിപക്ഷനേതാവ് സഭയില്‍ ഉയര്‍ത്തിക്കാട്ടി. വ്യവസായ വകുപ്പിലെ നിയമനം സംബന്ധിച്ച മുഴുവന്‍ ഫയലുകളും സഭയുടെ മേശപ്പുറത്തു വയ്ക്കണം. കഴിഞ്ഞ 10 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കെതിരേ ഒട്ടേറെ ആരോപണങ്ങള്‍ വന്നുവെങ്കിലും അതില്‍ സ്വീകരിച്ച നിലപാട് നാം കണ്ടതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ ഭരണത്തില്‍ ആര്‍ക്കും പ്രത്യേക പരിരക്ഷ നല്‍കില്ല. പൊതു മാനദണ്ഡപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. വഴിവിട്ട പ്രവര്‍ത്തനം ഉണ്ടാവരുതെന്നാണ് നയം. കെഎസ്‌ഐഇയിലെ നിയമനം മന്ത്രിക്ക് നടത്താം. അതിന്റെ ഫയല്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് താന്‍ കണ്ടിട്ടില്ല. കാണേണ്ട കാര്യവുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളിലെ ആക്ഷേപത്തെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും കോടതിക്കു മുമ്പിലും പരാതിയെത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനവും ഇപ്പോഴത്തെ നിയമനവുമാണ് പരാതിയിലുള്ളത്. ഇത് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചവര്‍ അധികാരത്തില്‍ വന്ന് 100 ദിവസം കഴിഞ്ഞപ്പോള്‍ പുറത്തുവന്ന അഴിമതി പരമ്പരയുടെ പേരില്‍ മന്ത്രിസഭയിലെ രണ്ടാമന്‍ കാലിടറിവീണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ വി ഡി സതീശന്‍ ആരോപിച്ചു. അഴിമതി നടത്തുന്നതുപോലെ തന്നെ കുറ്റകരമാണ് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പില്‍ ചെന്നിത്തലയുടെ ബന്ധുവിനെ നിയമിച്ചെന്ന് ഇ പി ജയരാജനും ആരോപിച്ചു. എന്നാല്‍, തന്റെ ബന്ധുവിനെ നിയമിച്ചിട്ടില്ലെന്നും അല്ലെങ്കില്‍ത്തന്നെ വ്യവസായ വകുപ്പിലെ കാര്യത്തിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, അന്ന് അങ്ങനെയൊക്കെ നടന്നിട്ടുണ്ടാവുമെന്നു പറഞ്ഞ് മുന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഈ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss