ഒ അബ്ദുല്ല
താമ്രപത്രം കൊണ്ട് ഏറു കൊണ്ട ബഷീറിന്റെ കുറുക്കന് അത്തരമൊരു ഏറു കൊണ്ട ആദ്യത്തെ കുറുക്കനാണ്. അതിനാല്‍ തന്നെ ഏറു കൊണ്ടതിന്റെ പത്രാസുമായി കുറുക്കന് കാട്ടിലേക്ക് ഓടി- കൂട്ടുകാരെ വിവരമറിയിക്കാന്‍. മതേതരത്വത്തിന്റെ ധീരമായ മുഖമെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ വിശേഷിപ്പിച്ച നാട്ടുകാരനും സുഹൃത്തുമായ ഹമീദ് ചേന്ദമംഗല്ലൂരിനെ പിറ്റേന്നുതൊട്ട് അന്വേഷിച്ചു നടക്കുകയാണ് ഞാന്‍, അഭിനന്ദിക്കാന്‍. പതിവായി പ്രഭാതസവാരിക്ക് ഇറങ്ങുന്ന വഴിയിലാണ് വീടെങ്കിലും ടിയാനെ കണ്ടെത്തിയില്ല. കാരണം, ഇത്തരം നാട്യങ്ങളിലോ കൊട്ടിഘോഷങ്ങളിലോ താല്പര്യമുള്ള ആളല്ല ഹമീദ്. അഭിനന്ദിക്കാന്‍ കാരണമുണ്ട്. കേരളത്തിലെ അരക്കോടിയിലധികം വരുന്ന മുസ്ലിംകളില് മതേതരത്വത്തിന്റെ ധീരമുഖമെന്ന വിശേഷണത്തിനും തുടര്‍ന്ന് ഭാരതരത്ന പുരസ്കാരത്തിനു നിര്ദേശിക്കപ്പെട്ടേക്കാനും അര്‍ഹതയുള്ള ഒരേയൊരു വ്യക്തി നാട്ടുകാരനും അയല്‍ക്കാരനുമായ സുഹൃത്താണെന്നു വരുമ്പോള്‍ എങ്ങനെ ആശീര്വദിക്കാതിരിക്കും. മതേതര മുസ്ലിം കേരളത്തിന്റെ തെളിമയാര്‍ന്ന വിശുദ്ധ മുഖമായി ഇതുവരെയും അവതരിപ്പിക്കപ്പെട്ടുപോന്നിരുന്നത് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെയായിരുന്നു. തികഞ്ഞ വിശ്വാസദാര്‍ഢ്യവും മതാനുഷ്ഠാനങ്ങളും മുറുകെപ്പിടിക്കുമ്പോള്‍ തന്നെ രാജ്യത്തിനു വേണ്ടി കൊളോണിയല്‍ ശക്തികളോട് പോരാടിയ ധീരപോരാളി. തികച്ചും യാദൃച്ഛികമാവാം, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് അവസാനത്തെ വിവാദ ചായസല്‍ക്കാരം ലഭിച്ച അതേ കുടുംബവീട്ടില്‍ നിന്നാണ് അദ്ദേഹത്തെയും കവച്ചുവയ്ക്കുന്ന മതേതരത്വത്തിന്റെ ഉടല്‍രൂപം ഉയിര്‍കൊണ്ടത്. യാദൃച്ഛികതയ്ക്കു സാധിക്കാത്തതായി ഒന്നുമില്ല. ഹമീദിന്റെ 916 കാരറ്റ് മതേതരത്വത്തിന്റെ കാന്തി വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങളിലേക്കും സെന്‍കുമാര്‍ തെറ്റാതെ വിരല്‍ ചൂണ്ടുന്നു. മതേതരത്വത്തിന്റെ പര്യായഭേദങ്ങളിലൊന്നായി അറിയപ്പെടുന്ന മുഹിയുദ്ദീന് നടുക്കണ്ടത്തില്‍ എന്ന എം എന്‍ കാരശ്ശേരിക്ക് ഇക്കാര്യത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കൊടുക്കാന്‍ പറ്റില്ലെന്നാണ് സെന്‍കുമാറിന്റെ അഭിപ്രായം. തുടക്കത്തില്‍ തരക്കേടില്ലായിരുന്നുവെങ്കിലും (ബീഫ് പോലുള്ള വിഷയങ്ങളെ ഉദ്ദേശിച്ചാവാം) കാരശ്ശേരി പിന്നീട് ഉഴപ്പിയിരിക്കുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്. അഥവാ, ഒരു മുസ്ലിം നാമധാരിയെക്കുറിച്ച് മതേതര വിശ്വാസി എന്നു പറയണമെങ്കില്‍ അയാളുടെ മുഖം കാരശ്ശേരി മാഷുടേതാവരുത്. മറിച്ച്, ഹമീദ് ചേന്ദമംഗല്ലൂരിന്റേതു പോലെയായിരിക്കണം. ആരും കണ്ടാല്‍ കൊതിക്കണം. ഹമീദ് ചേന്ദമംഗല്ലൂരാണ് മതേതരത്വത്തിന്റെ യഥാര്‍ഥ മുഖമെങ്കില്‍ അഥവാ ഹമീദിനേക്കാളും ആക്കിലും ഊക്കിലും വീറോടും വാശിയോടും കൂടി ദൈവത്തെയും മതത്തെയും പൂര്‍ണമായും തള്ളിപ്പറയുകയും മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു പാടേ മാറിനില്‍ക്കുകയും ചെയ്യുന്ന കാരശ്ശേരി മാഷിന് ഇക്കാര്യത്തില്‍ പാസ് മാര്‍ക്ക് നല്കാന് പറ്റില്ലെങ്കില്‍ നമ്മെപ്പോലത്തെ അനേക ലക്ഷം മുസ്ലിംകളുടെ അവസ്ഥ എന്തായിരിക്കും ആവോ! അവര്‍ മതേതരത്വത്തിന്റെ വിചാരണക്കോടതിക്കു മുമ്പില്‍ ‘നഫ്സീ നഫ്സീ, യാ നഫ്സീ, കാക്കണമേ ദൈവമേ’ എന്ന് ഉറക്കെ ആര്ത്തുവിളിക്കുന്നതിന്റെ മാറ്റൊലി ചെവിട്ടില് വന്നലയ്ക്കുന്നത് ഭാവനയില്‍ കാണാനാകുന്നു. ഒരാളുടെ മതേതര വിശ്വാസത്തിന്റെ പ്രഷര്‍ അളക്കുന്ന യഥാര്‍ഥ മാപിനിയെന്ത്? അടുത്ത കാലം വരെയും മുഹമ്മദ് അബ്ദുര്‍റഹ്മാനായിരുന്നു ഇക്കാര്യത്തിലെ റോള്മോഡലെന്നു പറഞ്ഞുവല്ലോ. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ വിശ്വാസി. കൃത്യമായ അനുഷ്ഠാന മുറകള്‍. തന്റെ പകലിലെ പ്രവര്‍ത്തനങ്ങളും രാത്രിയിലെ പ്രസംഗവും കഴിഞ്ഞ് ഏറെ വൈകി വീടണയല്‍. വീടെന്നുവച്ചാല് അല്അമീന് ലോഡ്ജ്. കൂട്ടുകാരോടൊപ്പം ഉറക്കം. ഉറക്കിലും സഹപ്രവര്‍ത്തകര്‍ക്ക് നേതൃത്വം. കൃത്യസമയത്ത് ഉറക്കില്‍ നിന്നെഴുന്നേറ്റുള്ള തഹജ്ജുദ് നമസ്കാരം. പിന്നീട് പ്രഭാതനമസ്കാരത്തിനു വേണ്ടിയുള്ള അംഗശുദ്ധിയും മറ്റും. അനുചരന്മാരൊക്കെ അന്നേരം പ്രാര്‍ഥനയ്ക്ക് ഒരുങ്ങിക്കൊള്ളണമെന്നാണ് ലോഡ്ജിലെ അലിഖിത നിയമം. അംഗശുദ്ധി വരുത്തലും സുന്നത്ത് നമസ്കാരവും കഴിഞ്ഞു റെഡിയായിരിക്കണമെന്നു സാരം. ഒരിക്കല്‍ സാഹിബ് വുദുവെടുത്ത് കോണിപ്പടി കയറിവരവെ സഹോദരന് ഇബ്രാഹീമുണ്ട് കിഴക്കോട്ടു തിരിഞ്ഞ് നമസ്കരിക്കുന്നു. രണ്ടുവട്ടം ആലോചിച്ചില്ല. ഒറ്റച്ചവിട്ട്. സാഹിബിനെ ഭയന്ന് വുദുവെടുക്കാതെ സുബ്ഹിയുടെ സുന്നത്ത് നമസ്കരിക്കുകയാെണന്നു വരുത്തുകയായിരുന്നു ആ കിഴക്കോട്ടുള്ള നമസ്കാരത്തിന്റെ അര്‍ഥം. ഈ കള്ളപ്പണി മേലില്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു ചവിട്ടിന്റെ ഉദ്ദേശ്യം. സുന്നത്ത് നമസ്കാരങ്ങളില്‍ പോലും കണിശത പുലര്‍ത്തുന്ന സാഹിബ് സുന്നത്ത് നോമ്പും ഉപേക്ഷിക്കുമായിരുന്നില്ല. സ്റ്റേജില്‍ ഖിലാഫത്ത് പ്രസ്ഥാന നേതാക്കളുടെയും അമുസ്ലിം സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലും അദ്ദേഹം നമസ്കരിച്ചു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും അദ്ദേഹം സുന്നത്ത് നോമ്പെടുത്തു. തിങ്കളാഴ്ച പ്രവാചകന്റെ അരുളപ്പാടനുസരിച്ച്. വ്യാഴാഴ്ച സുന്നത്തിനൊപ്പം പ്രിയതമയുടെ വേര്‍പാടിനെ ഓര്‍ത്തും. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ ഹമീദ് ചേന്ദമംഗല്ലൂരിനോട് ഉപമിച്ചതില്‍ വായനക്കാര്‍ ക്ഷമിക്കണം. മതേതരത്വത്തിന്റെ നെറ്റിപ്പട്ടം ചാര്‍ത്തിനല്‍കുന്നതില്‍ കാലാകാലങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഈ രണ്ട് ഉദാഹരണങ്ങളില്‍ നിന്നു കരതലാമലകം കണക്കെ വ്യക്തമാകുന്നു. അന്നൊക്കെ സ്വന്തം മതവും ആചാരങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഒരാള്‍ക്ക് ഒന്നാം തരം രാജ്യസ്നേഹിയും ദേശീയവാദിയുമായി തുടരാമായിരുന്നുവെങ്കില്, ഇന്നു മതത്തിന്റെയോ മതപരമായ ആചാരവട്ടങ്ങളുടെയോ ലാഞ്ഛന പോലും ബന്ധപ്പെട്ട ആളുടെ വീട്ടിലോ നാലുകെട്ടിനു ചുറ്റിലുമോ വീട്ടുപടിക്കലോ പാടില്ലെന്നതാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും ഉള്ഗതം. എം എന്‍ കാരശ്ശേരിയെ ഈയിടെ ഞാന്‍ ഒരു ചാനലിനു വേണ്ടി ഇന്റര്‍വ്യൂ നടത്തി. മാഷിന്റെ വീടിന്റെ പേര് അമ്പാടി. അഭിമുഖത്തിന്റെ ആമുഖമായുള്ള ചോദ്യം: ‘താങ്കളുടെ വീടിന്റെ പേര് അമ്പാടി. ഹൈന്ദവ ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം. ഏതെങ്കിലുമൊരു ഹിന്ദു വിശ്വാസി സ്വന്തം വീടിനു മക്കത്തുല്‍ മുകര്‍റമ എന്നോ മദീനത്തുല്‍ മുനവ്വറ എന്നോ പേരിട്ടതായി അറിയാമോ?’ ‘സലീം എന്നു ചില അമുസ്ലിംകള് പേരിടുന്നതായി അറിയാം. എന്നാല്‍, അമ്പാടി എന്ന വീട് ഞാന്‍ വാങ്ങും മുമ്പേ ഉള്ളതാണ്. ആ പേര് നിലനിര്‍ത്താന്‍ ഉമ്മ നിര്‍ബന്ധിച്ചു. ഉമ്മയുടെ ഇംഗിതത്തിനു വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്യാറില്ല’- കാരശ്ശേരി പറഞ്ഞു. എന്റെ അടുത്ത ചോദ്യം: ‘താങ്കളുടെ മൂത്ത മകന് വിവാഹം കഴിച്ചത് ഒരു ഹൈന്ദവ യുവതിയെ, അതും മതം മാറാതെ. അവന്റെ ഉമ്മയ്ക്ക് അതു തീരെ സമ്മതമായിരുന്നില്ല. അവര്‍ വിവാഹത്തില്‍ പങ്കെടുത്തതുമില്ല. മരിച്ചുപോയ താങ്കളുടെ മാതാവിന്റെ വികാരം ഉള്‍ക്കൊണ്ട് താങ്കള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. താങ്കളുടെ മകനാകട്ടെ, ജീവിച്ചിരിക്കുന്ന സ്വന്തം മാതാവിന്റെ മനോവികാരത്തിനു തെല്ലും പരിഗണന നല്‍കാതെ പ്രവര്‍ത്തിക്കുന്നു. ഈ വൈരുധ്യത്തിന്റെ ദൂരമെത്രയാണ്?’ കാരശ്ശേരി മറുപടി പറഞ്ഞില്ലെന്നു പറയുന്നില്ല. എന്നാല്‍, അതല്ല ഇവിടെ പ്രസക്തം. ഇത്രയൊക്കെ സാഹസപ്പെട്ട് തന്റെ സെക്കുലര്‍ ക്രെഡിബിലിറ്റി നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത കാരേശ്ശരിക്ക് സെന്‍കുമാറിന്റെ പട്ടികയില്‍ ഹമീദിനോടൊപ്പം സ്ഥാനം പിടിക്കാനാവുന്നില്ല എന്നതാണ്. ഞാന്‍ ചോദിച്ച മറ്റൊരു ചോദ്യം ‘ഒരു അമുസ്ലിം യുവതിക്കു പകരം മകന് ഒരു മുസ്ലിം യുവതിയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കില്‍ താങ്കള്‍ കൂടുതല്‍ സംതൃപ്തനാവുമോ’ എന്നായിരുന്നു. തീര്‍ത്തും നിഷേധരൂപത്തിലായിരുന്നു മറുപടി. ഒരു മതേതര വിശ്വാസി എന്ന നിലയ്ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഇഷ്ടപ്പെടാത്ത കാരശ്ശേരി മാഷ് തന്റെ ഭാര്യയുടെ ഇംഗിതത്തിനു പോലും ഇക്കാര്യത്തില്‍ കടുകുമണി പരിഗണന നല്കാന് തയ്യാറായില്ല. അന്നത്തെ ഞങ്ങളുടെ സംഭാഷണത്തിലും അതിനു മുമ്പുള്ള പല യാത്രാവേളകളിലും ദൈവത്തെയും മതത്തെയും മതാചാരങ്ങളെയും പൂര്‍ണമായും തള്ളിപ്പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വീട്ടില്‍ വച്ച് അഭിമുഖം നടന്നുകൊണ്ടിരിക്കെ സന്ധ്യാ (മഗ്രിബ്) സമയമായി. കാരശ്ശേരി എനിക്ക് വുദുവിനുള്ള വെള്ളം ഒരുക്കിത്തന്നു. നമസ്കരിക്കാന്‍ വിരിപ്പും (മുസല്ല). ആതിഥേയനായപ്പോഴും യാത്രാവേളകളിലും താന്‍ നല്ലൊരു മനുഷ്യസ്നേഹിയാണെന്ന് അദ്ദേഹം തെളിയിച്ചു. പറഞ്ഞുവരുന്നതിതാണ്: ഒരു ഉത്തമ മതേതര വിശ്വാസിയെന്ന നിലയ്ക്ക് ഹമീദിന് നൂറില്‍ നൂറു മാര്‍ക്ക് നല്കിയ സെന്‍കുമാര്‍ അത്രയും മാര്‍ക്ക് കാരശ്ശേരിക്ക് നല്കാതിരിക്കാന് യാതൊരു ന്യായവുമില്ല. എന്നാല്‍, ഹമീദ് ചേന്ദമംഗല്ലൂര്‍ സംഘപരിവാരത്തിന്റെ കണ്ണിലുണ്ണിയാണ്. അക്കാര്യം സംഘപരിവാര മുഖപത്രമായ കേസരി എടുത്തുപറഞ്ഞിട്ടുണ്ട്. പക്ഷേ, എം എന്‍ കാരശ്ശേരി അങ്ങനെയല്ല. അദ്ദേഹം ഹൈന്ദവ തീവ്രവലതുപക്ഷ നിലപാടുകളെ മുസ്ലിം തീവ്രവാദത്തെ പോലെത്തന്നെ എതിര്‍ക്കും. അദ്ദേഹം ഇന്ത്യയിലെ പശുക്കളോടൊപ്പമല്ല, മനുഷ്യരോടൊപ്പമാണ്. സെന്‍കുമാറിന്റെയും സമാന ചിന്താഗതിക്കാരുടെയും ദൃഷ്ടിയില് ഒരാള്‍ യഥാര്‍ഥ സെക്കുലറിസ്റ്റാവണമെങ്കില് അയാള്‍ സ്വന്തം മതവിശ്വാസത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞാല്‍ മാത്രം പോരാ. അയാള്‍ സംഘപരിവാര നാവു കൊണ്ട് സംസാരിക്കുകയും അവരുടെ വിചാരധാരകള്‍ക്ക് അനുസരിച്ച് കപടനൃത്തമാടുകയും വേണം. ഹമീദിനു സെന്‍കുമാറില്‍ നിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുണ്ടെങ്കിലും വടക്കേ ഇന്ത്യയിലെ പശുത്തൊഴുത്തില്‍ സീറ്റ് ലഭിച്ചുകൊള്ളണമെന്നില്ല. കഴിഞ്ഞ ദിവസമാണല്ലോ നാഗ്പൂരിലെ ന്യൂനപക്ഷ മോര്‍ച്ചാ തലവന്‍ ബീഫിന്റെ പേരില്‍ ജീവച്ഛവമാക്കപ്പെട്ടത്. അവിടെ മുസ്ലിമിന്റെ മതേതര ക്രെഡിബിലിറ്റിയെ സംഘപരിവാരത്തോട് ബന്ധിപ്പിക്കണമെങ്കില്‍ ആ മാര്‍ഗത്തില്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഹാമിദ് ദല്‍വായിയുടെ മരണാനന്തരം മൃതശരീരം ദഹിപ്പിക്കുകയായിരുന്നു. മുന്‍ ഉപരാഷ്ട്രപതി ഹിദായത്തുല്ലയും മൃതശരീരം ദഹിപ്പിക്കുകയാണ് ചെയ്തത്. ഹമീദ് അത്തരമൊരു ഒസ്യത്ത് എഴുതിവച്ചതായി അറിയില്ല. ഊഹിക്കാവുന്നിടത്തോളം അതിനു സാധ്യതയുമില്ല. എന്നല്ല, സൂക്ഷ്മ നിരീക്ഷണത്തില്‍ നിലവിലെ മതേതര സര്‍ട്ടിഫിക്കറ്റിലെ മാര്ക്കിന്െ ഗ്ലാമര്‍ നശിപ്പിച്ചേക്കാവുന്ന ഒരുപാട് വീഴ്ചകള്‍ ഹമീദില്‍ നിന്നു സംഭവിച്ചിട്ടുമുണ്ട്. ഉദാഹരണമായി, ഹമീദിന്റെ ബന്ധുവായ ‘എന്റെ മൊയ്തീനി’ലെ മൊയ്തീന് മരിച്ചപ്പോള്‍ ഹമീദ് മയ്യിത്ത് നമസ്കരിച്ചു. മൊല്ലാക്ക അഥവാ ഇമാം ഹമീദിനെ ലോക്കിലാക്കി. സലാം വീട്ടിയ ശേഷമേ ലോക്ക് അഴിഞ്ഞുള്ളൂ. പില്ക്കാലത്ത് ‘യഥാര്‍ഥ ആത്മീയവാദി സുലൈമാന്‍ സേട്ടോ ജമാഅത്തെ ഇസ്ലാമി നേതാവ് അബുല്ലൈസോ’ എന്നു ചോദിച്ച് ഹമീദ് കത്തിക്കയറിയപ്പോള്‍ ‘ആരാണൊരു യഥാര്‍ഥ ഭൗതികവാദി? ബന്ധുവായ മൊയ്തീനു വേണ്ടി മയ്യിത്ത് നമസ്കരിച്ച ഹമീദോ’ എന്നു ചോദിച്ചു ഞാന്‍ തിരിച്ചടിച്ചത് ഓര്മ വരുന്നു. കാരശ്ശേരി സ്വന്തം സീമന്തപുത്രനെ കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോള്‍ ഇസ്ലാമിക ആചാരങ്ങളൊന്നും പാലിച്ചില്ല. ഹമീദ് ഏക മകളെ തീര്‍ത്തും ഇസ്ലാമിക മതാചാരപ്രകാരം ഖാസിയുടെ സാന്നിധ്യത്തില്‍ വിവാഹം കഴിപ്പിച്ചു. അറബിഭാഷയില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ കടുത്ത വിമര്‍ശനം നടത്തുന്ന ഹമീദ് സ്വന്തം മകളെ നിക്കാഹ് മലയാളത്തില്‍ സാധുവായിട്ടും അറബിയിലാണ് നിക്കാഹ് ചെയ്തുകൊടുത്തത്. അമ്പതു വര്‍ഷം മുമ്പ് ഹമീദിന്റെ അയല്‍വാസി ആയിപ്പറ്റമ്മല് അതൃമാന്‍കുട്ടി അയാളുടെ മകളെ പച്ചമലയാളത്തിലാണ് അറബി നന്നായി അറിയാവുന്ന എനിക്ക് വിവാഹം ചെയ്തുതന്നത്. അദ്ദേഹം പറഞ്ഞു: ‘എന്റെ മകളെ ഈ മഹ്റിനു പകരമായി നിനക്ക് വിവാഹം ചെയ്തുതന്നിരിക്കുന്നു.’ ഞാന്‍ പറഞ്ഞു: ‘ഞാനത് സ്വീകരിച്ചു.’ ശേഷം ശുഭം. ഹമീദാകട്ടെ തല്‍സ്ഥാനത്ത് ചൊല്ലിയത് അദ്ദേഹത്തിന് അരോചകവും അജ്ഞാതവുമായ അറബിയില്‍: ‘അന്കഹതു ലക വ സവ്വജ്തു ലക ബിന്തിന്.’ ആര്‍ക്കാണ് എ പ്ലസ്? ി