|    Jun 19 Tue, 2018 11:54 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഞങ്ങള്‍ക്കും പറയാനുണ്ട്

Published : 6th October 2017 | Posted By: fsq

സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിടുന്ന നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത്, വിയോജിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടമില്ലാത്തവിധം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പൗരാവകാശങ്ങള്‍ ഒന്നൊന്നായി ഹിന്ദുത്വ ഭരണകൂടം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. മറുവശത്ത്, തെരുവില്‍ അഴിഞ്ഞാടുന്ന ഹിന്ദുത്വ ഭീകരര്‍, ആള്‍ക്കൂട്ടത്തിന്റെ മറവിലും ആയുധത്തിന്റെ പിന്‍ബലത്തിലും പൗരന്റെ ജീവന്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമാണ്. എതിര്‍ശബ്ദങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഫാഷിസ്റ്റ് തന്ത്രത്തിലൂടെ ആര്‍എസ്എസ് ഹിന്ദുത്വ അജണ്ടകള്‍ ശരവേഗത്തില്‍ നടപ്പാക്കാനൊരുങ്ങുമ്പോള്‍, രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ചവിട്ടിയരയ്ക്കപ്പെടുകയും മുസ്‌ലിം, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ പിടിമുറുക്കുകയുമാണ്.ബിജെപി സര്‍ക്കാര്‍ വികസനത്തെക്കുറിച്ചുള്ള പ്രചാരണങ്ങളുടെ മറവില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് കോര്‍പറേറ്റ് ഫാഷിസത്തിന്റെ രാഷ്ട്രീയ അജണ്ടകളാണ്. ദേശീയതയുടെയും കള്ളപ്പണവേട്ടയുടെയും പേരില്‍ സാമ്പത്തികരംഗമാകെ സ്വദേശ-വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുത്തു. നികുതി ഏകീകരണത്തിന്റെ പേരില്‍ നികുതിഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയും അതേസമയം, ഇന്ധനമേഖലയില്‍ ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കുകയും ചെയ്തു. ഗുരുതരമായ ഇത്തരം സാമൂഹികപ്രശ്‌നങ്ങളെ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ശക്തമായ പ്രതിരോധം സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.ആക്രമണോല്‍സുക ഹിന്ദുത്വം രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നെഞ്ചിനു നേരെ വെടിയുതിര്‍ത്താണ് രാജ്യസ്‌നേഹം തെളിയിച്ചത്. അസഹിഷ്ണുതയുടെ നിറതോക്കുമായി അഭിനവ ഗോഡ്‌സേമാര്‍ ഇപ്പോഴും ഇന്ത്യന്‍ തെരുവുകളിലുണ്ട്. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങി ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നവരെല്ലാം ഈ പട്ടികയില്‍ ഇടംപിടിച്ചവരാണ്. ഗൗരി ലങ്കേഷില്‍ ഇത് അവസാനിക്കുമെന്നു കരുതുക വയ്യ. തങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമായി നില്‍ക്കുന്ന ചിന്തകള്‍ക്കും ആശയാവിഷ്‌കാരങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കുപോലും ഹിംസയുടെ രാഷ്ട്രീയത്തിലൂടെ അവസാനം കുറിക്കാനാണ് തീവ്ര ഹിന്ദുത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് എതിര്‍ശബ്ദങ്ങളെ വെടിയുണ്ടകൊണ്ട് ഇല്ലാതാക്കാന്‍ ശ്രമം നടത്തുമ്പോള്‍ മറുവശത്ത് പശുദേശീയതയുടെ മറവില്‍ നിസ്സഹായരായ മുസ്‌ലിംകള്‍ ജീവനു വേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. മൂകസാക്ഷികളായ ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പിലിട്ട് അവര്‍ മുഹമ്മദ് അഖ്‌ലാഖിനെയും ഹാഫിസ് ജുനൈദിനെയും പെഹ്‌ലൂഖാനെയും അലീമുദ്ദീന്‍ അന്‍സാരിയെയും പോലെ അനേകം ജീവനുകള്‍ തല്ലിക്കൊന്നു. ഹരിയാനയില്‍ കാലിക്കടത്ത് ആരോപിച്ച് യുവാക്കളെ കൊന്ന് കെട്ടിത്തൂക്കി. ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ച ദലിത് യുവാക്കളെ നിഷ്ഠുരമായി മര്‍ദിച്ച് അവശരാക്കി. ഓരോ തല്ലിക്കൊലയിലും ആള്‍ക്കൂട്ട ആക്രമണത്തിലും മുസ്‌ലിംകളും ദലിതുകളും മാത്രം ഇരകളായി. കലാപങ്ങളിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ന്യൂനപക്ഷ ഉന്മൂലനത്തിന്റെ ഏടുകള്‍ തീര്‍ത്ത ഹിന്ദുത്വ പരീക്ഷണശാലയില്‍നിന്നുള്ള പുതിയ പരീക്ഷണമായിരുന്നു പശുസംരക്ഷണത്തിന്റെ പേരിലുള്ള തല്ലിക്കൊലകള്‍. മരുഭൂമിയുടെ അനന്തതയിലോ നിഗൂഢമായ താഴ്‌വരകളിലോ രാവിന്റെ അന്ധകാരത്തിലോ ആയിരുന്നില്ല ഈ കൊലപാതകങ്ങള്‍. മറിച്ച്, ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന്‍തുമ്പത്ത്, പകല്‍വെളിച്ചത്തില്‍ ആയിരങ്ങള്‍ നോക്കിനില്‍ക്കെയാണ് ഓരോ ജീവനും പിടഞ്ഞൊടുങ്ങിയത്. ആ രോദനം ഏറ്റുവാങ്ങാനോ കുറ്റവാളികള്‍ക്ക് മൂക്കുകയറിടാനോ ഉള്ള ഇച്ഛാശക്തി ഭരണകൂടത്തില്‍ നിന്ന് ഉണ്ടായില്ല. മറിച്ച്, ഓരോ കൊലപാതകത്തിനും ന്യായീകരണവുമായി അന്വേഷണ ഏജന്‍സികള്‍ റിപോര്‍ട്ടുകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നു.  ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിന്‍മേലുള്ള സംഘടിതമായ കടന്നുകയറ്റമാണ് ഇന്ന് ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിരിക്കുന്നത്. ഇസ്‌ലാമിന്റെ അതിസമ്പന്നമായ ആശയതലത്തോട് സംവദിക്കാനാവാതെ, ലൗ ജിഹാദ് നുണപ്രചാരണത്തിലൂടെ രാജ്യത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത്, അധികാരത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കി പ്രബോധന പ്രവര്‍ത്തനങ്ങളെയും അതിനു നേതൃത്വം നല്‍കുന്നവരെയും ഭീകരരാക്കി ചിത്രീകരിക്കുന്നു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പോലെ, സമാധാനപരവും നിയമവിധേയവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുസ്‌ലിം സ്ഥാപനങ്ങളെ നിരോധിക്കുകയും സാകിര്‍ നായിക്കിനെ പോലുള്ള ഇസ്‌ലാമിക പണ്ഡിതരെ കുറ്റവാളികളാക്കുകയും ചെയ്ത ഭരണകൂടം ഇപ്പോള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മതനിരപേക്ഷത പറയുന്ന ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ പോലും ഹിന്ദുത്വശക്തികളുടെ മുസ്‌ലിം വിരുദ്ധ അജണ്ടകള്‍ നടപ്പാക്കുന്നുവെന്നത് മതേതരചേരിയെ ഗൗരവത്തില്‍ ചിന്തിപ്പിക്കേണ്ട വിഷയമാണ്. ലൗ ജിഹാദ് എന്ന സംഘപരിവാര നുണ മുഖവിലയ്‌ക്കെടുത്ത് ഹിന്ദു-മുസ്‌ലിം സൗഹൃദങ്ങള്‍ക്കിടയില്‍ വിഭജനം തീര്‍ക്കുന്ന പ്രചാരണം ഇടതു സര്‍ക്കാരിന് കീഴിലും സജീവമായി നടക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള മതംമാറ്റ വിവാദം ഇതിനു തെളിവാണ്. സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് ഹാദിയ ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാതെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം സ്ഥാപനങ്ങളെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതേസമയം, ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഘര്‍വാപസി നടത്തുന്ന സംഘപരിവാര കേന്ദ്രങ്ങളെ സംബന്ധിച്ച് ഭീതിജനകമായ വെളിപ്പെടുത്തലുകള്‍ ഇരകള്‍ നേരിട്ടു നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നുമില്ല. എറണാകുളം ജില്ലയിലെ ആര്‍ഷവിദ്യാ സമാജം മാനഭംഗം അടക്കമുള്ള പീഡനമുറകള്‍ നടത്തുന്നുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.ലക്ഷണമൊത്ത ഹിന്ദുത്വ ഫാഷിസ്റ്റ് പ്രവണതകളെ ഇസ്‌ലാമിക തീവ്രവാദമെന്ന സന്തുലനത്തിന്റെ അകമ്പടിയോടെയല്ലാതെ എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നതാണ് കേരളത്തിലെ മതേതരചേരി നേരിടുന്ന ദൗര്‍ബല്യം. ആര്‍എസ്എസിന് വഴിമരുന്നിടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇത്തരം ദൗര്‍ബല്യങ്ങളുടെ പ്രകടമായ ഉദാഹരണമാണ്. ഇതു മനസ്സിലാക്കി ഇടതുപക്ഷത്തെ മൃദുഹിന്ദുത്വ സമീപനത്തില്‍ തളച്ചിടാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് ചുവപ്പിനോട് ജിഹാദ് ചേര്‍ത്തുകൊണ്ടുള്ള പുതിയ പ്രചാരണം. അധികാരത്തിന്റെ സ്വാധീനത്തില്‍ അന്വേഷണ ഏജന്‍സികളെയും ഹിന്ദുത്വര്‍ തങ്ങളുടെ വരുതിയിലാക്കിയിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളും വസ്തുനിഷ്ഠതയും അടിയറവച്ച എന്‍ഐഎ പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇവര്‍ നടത്തിയ എല്ലാ ഇടപെടലുകളും പക്ഷപാതപരമാണ്. രാജ്യത്തുണ്ടായ വിവിധ സ്‌ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ഹിന്ദുത്വ കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ച എന്‍ഐഎ മറുവശത്ത്, തീവ്രവാദക്കേസുകള്‍ കെട്ടിവച്ച് മുസ്‌ലിം യുവാക്കളെ ജയിലിലേക്ക് അയക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിക്കെതിരേ തെളിവില്ലെന്നു കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ സി മോദിയെ എന്‍ഐഎയുടെ പുതിയ മേധാവിയാക്കിയത് സ്വാഭാവിക പ്രമോഷനായി കരുതാനാവില്ല. അന്വേഷണ ഏജന്‍സികളെ സംഘപരിവാര പോഷകസംഘടനകളാക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം ഇതിനെ മനസ്സിലാക്കാന്‍.എല്ലാ അതിരുകളും ഭേദിച്ചുകൊണ്ട് ഭരണകൂടം മുന്നോട്ടുപോവുമ്പോള്‍, ചോദ്യം ചോദിക്കാന്‍ പോലും കഴിയാത്തവിധം ദുര്‍ബലമായ പ്രതിപക്ഷമാണ് രാജ്യത്തുള്ളത്. ഈ ദൗര്‍ബല്യം മുതലെടുത്തുകൊണ്ട്, ജനാധിപത്യ സംവിധാനങ്ങളുടെ വിടവിലൂടെ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ ആര്‍എസ്എസ് തുടരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും യുപി മുഖ്യമന്ത്രിസ്ഥാനത്തേക്കും മറ്റും ആര്‍എസ്എസ് ആസ്ഥാനത്തു നിന്നു തീരുമാനിക്കപ്പെട്ടവര്‍ അവരോധിക്കപ്പെട്ടത് ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. പാര്‍ലമെന്ററി സംവിധാനത്തില്‍ തുടര്‍ന്നുവന്ന കീഴ്‌വഴക്കങ്ങളെ മറികടന്നുകൊണ്ട്, രാഷ്ട്രീയ സമവായങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച്, പൊതുസ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് അകന്നുനിന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് ആര്‍എസ്എസുകാരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധ്യമായി. വിഷംതുപ്പുന്ന ഹിന്ദുത്വനേതാവായ ആദിത്യനാഥ്, തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതോടെ രാജ്യത്തെ പ്രമുഖ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി കെട്ടിയിറക്കപ്പെട്ടതിലൂടെ നടപ്പാക്കപ്പെട്ടത് സംഘപരിവാരത്തിന്റെ അജണ്ടയാണ്. ഇത് കണ്ടില്ലെന്നു നടിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷം ഇപ്പോഴും മുഖ്യശത്രുവിനെ കണ്ടെത്താനുള്ള സൈദ്ധാന്തിക തത്രപ്പാടിലാണ്. വിശ്വാസത്തിലും സംസ്‌കാരത്തിലും ജീവിതരീതിയിലുമെല്ലാം നമ്മുടെ രാജ്യം പുലര്‍ത്തുന്ന വൈവിധ്യത്തെ ഇല്ലാതാക്കി, ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര നീക്കങ്ങളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കാല്‍നൂറ്റാണ്ടുകാലമായി ഇന്ത്യന്‍ ജനതയ്ക്കു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പും ഇതുതന്നെയാണ്. സംഘടനയുടെ ഈ നിലപാട് സുതാര്യവും വ്യക്തവുമാണ്. അതുകൊണ്ടുതന്നെയാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നത്. എന്‍ഐഎ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ സംഘടനയ്‌ക്കെതിരേ ദുഷ്പ്രചാരണം നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഇപ്പോഴുള്ള ശ്രമം. പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ഗൂഢപദ്ധതിക്ക് കളമൊരുക്കുകയാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. നിരോധനത്തിലൂടെയും കരിനിയമങ്ങളിലൂടെയും എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയുടെ മതേതര, ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയം മുന്‍നിര്‍ത്തി നാളെ (ഒക്ടോബര്‍ 7) തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പങ്കാളികളാവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.                    (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss