|    Jul 18 Wed, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഞങ്ങളെല്ലാം ഗൗരിമാര്‍ : പ്രതിഷേധ കൂട്ടായ്മയൊരുക്കി കലാകാരന്‍മാര്‍

Published : 20th September 2017 | Posted By: fsq

 

കൊച്ചി: ‘ഞങ്ങളെല്ലാം ഗൗരിമാര്‍’ എന്ന പേരില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നു പ്രഖ്യാപിച്ചും കലാകാരന്മാരും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരും എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഒത്തുകൂടി. പ്രതിഷേധത്തിന് ദേശാന്തരങ്ങളുടെ മാനം നല്‍കാന്‍ കലാകാരനും ജര്‍മന്‍ സ്വദേശിയും കേരളത്തില്‍ സ്ഥിരതാമസക്കാരനുമായ പ്രേം മനാസ്വിയും ബംഗ്ലാദേശ് കലാകാരന്മാരായ നര്‍ഗീസ് പര്‍വീണും റൂസ്‌വെല്‍റ്റ് ബെഞ്ചമിനും രാജേന്ദ്ര മൈതാനിയില്‍ എത്തിയിരുന്നു. സംസ്‌കാരം, ദേശീയത, മതം, പാരമ്പര്യം തുടങ്ങിയ ഫാഷിസ്റ്റ് വിരുദ്ധ ചിന്തകളെ അധികരിച്ചുള്ള രചനകളിലൂടെയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാര്‍ ചരിത്രത്തിലെവിടെയും പ്രതിഷേധത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചിട്ടില്ലെന്നും എന്നാല്‍ രാജ്യത്തെ ഇന്നത്തെ അവസ്ഥ അവരെയും തെരുവിലിറക്കുന്നുവെന്നും സത്യപാല്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവും പ്രതിഷേധവരകളുടെ ഭാഗമായി. ചിത്രകാരന്മാരും കവികളുമായി ഇരട്ടകളും പ്രതിഷേധത്തിന്റെ ഭാഗമായി. ഇരട്ട സഹോദരന്മാരായ ഹുസയ്ന്‍ കോതാരത്തും ഹസന്‍ കോതാരത്തും ചിത്രത്തിലൂടെയും കവിതയിലൂടെയും രാജ്യത്ത് പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ബാബുരാജ് വൈറ്റില, രവിത ഹരിദാസ്, ആര്യ പെരുമ്പടവം, രാഹുല്‍രാജ്, സാലിമോന്‍ കുമ്പളങ്ങി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. നന്ദന്‍, മഹര്‍ഷി ശ്രീകുമാര്‍, ടി എ മണി, കമല്‍, എം കെ ഷിനില്‍ കുമാര്‍, വി ജെ ശ്രുതി തുടങ്ങി 30ഓളം ചിത്രകാരന്മാര്‍ പ്രതിഷേധവരയില്‍ പങ്കാളികളായി. ജോ ണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ രചിച്ച് മീനാരാജ് സംവിധാനം ചെയ്ത ‘കടലിന്റെ മക്കള്‍’ എന്ന നാടകം നാടകപ്പുര അവതരിപ്പിച്ചു. അറിവരങ്ങ് സംസ്ഥാന മല്‍സരത്തില്‍ രണ്ടാംസ്ഥാനം നേടിയ സഞ്ജീവ് ആന്റ് പാര്‍ട്ടി ഗാനങ്ങള്‍ അവതരിപ്പിച്ചു. യു പി ജയരാജിന്റെ ‘മഞ്ഞ്’ എന്ന കഥ ടി ബി വേണുഗോപാല്‍ അവതരിപ്പിച്ചു. കഥ, കവിത, നാടകം, പാട്ട്, ചിത്രം എന്നിവയിലൂടെയുള്ള കലാകാരന്മാരുടെ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടുനിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss