|    Dec 19 Wed, 2018 4:51 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

‘ഞങ്ങളും മനുഷ്യരാണ്’

Published : 31st December 2017 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍-അംബിക

‘ഞങ്ങളിനിയും ഈ കോഴിക്കോടിന്റെ മുക്കിലും മൂലയിലും സമയത്തും അസമയത്തുമെല്ലാം നടക്കും. മറ്റു മനുഷ്യര്‍ക്ക് നടക്കാമെങ്കില്‍ ഞങ്ങള്‍ക്കും നടക്കാം. ഞങ്ങളും മനുഷ്യരാണ്. ഇനിയും ഒളിഞ്ഞും മറഞ്ഞുമൊന്നും ജീവിക്കാനാവില്ല.” ഇത് സിസിലി ജോര്‍ജിന്റെ വാക്കുകളാണ്. ഈയിടെ മോടിപിടിപ്പിക്കലും ഉദ്ഘാടന മഹോല്‍സവവുമൊക്കെ നടത്തിയ കോഴിക്കോട് മിഠായിത്തെരുവിലെ പി എം താജ് റോഡില്‍ വച്ച് തന്റെ സുഹൃത്തുക്കളായ ജാസ്മിനെയും സുസ്മിയെയും പോലിസ് അകാരണമായി മര്‍ദിച്ചതിലുള്ള പ്രതിഷേധത്തിനിടെയാണ് സിസിലിയുടെ ദൃഢതയുള്ള ഈ വാക്കുകള്‍.ട്രാന്‍സ്‌ജെന്‍ഡേഴ്‌സായതിന്റെ പേരില്‍ മാത്രം ക്രൂരമര്‍ദനത്തിന് ഇരയാവേണ്ടിവന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മിഠായിത്തെരുവ് താജ് റോഡിലൂടെ നടക്കവെ സുസ്മിയെയും ജാസ്മിനെയും പോലിസ് അകാരണമായി മര്‍ദിച്ചത് ഇതിന്റെ തുടര്‍ച്ചതന്നെയാണ്. മര്‍ദനത്തിനിരയായ ജാസ്മിന്‍ ഇപ്പോഴും ബീച്ച് ആശുപത്രിയില്‍ കഴിയുന്നു. ”നൂറ് മീറ്ററോളം ഞങ്ങളെ വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചു. വേദന സഹിക്കാതെ സാറിങ്ങനെ അടിച്ചാ ഞങ്ങള്‍ മരിച്ചുപോവും എന്നു പറഞ്ഞപ്പോള്‍, നിങ്ങളൊക്കെ ചത്തൊടുങ്ങ്വാണ് വേണ്ടത്” എന്നായിരുന്നുവത്രേ കസബ സബ് ഇന്‍സ്‌പെക്ടറുടെ മറുപടി. ഇവര്‍ പിടിച്ചുപറി നടത്തിയെന്നാണ് പോലിസ് ന്യായീകരണമായി പറഞ്ഞത്. അങ്ങനെയെങ്കില്‍ അതിനെതിരേ നിയമനടപടിയെടുക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജീവിക്കാന്‍ അവകാശമില്ലെന്നു പറയാന്‍ ഈ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ആരാണാവോ അധികാരം നല്‍കിയത്?ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് എങ്ങനെയാണ് പോലിസ് ഇടപെടേണ്ടതെന്നും പെരുമാറേണ്ടതെന്നും സംബന്ധിച്ച് വ്യക്തമായ നിയമനിര്‍ദേശങ്ങളുണ്ട്. കേരളത്തിനും അതു ബാധകമാണ്. പക്ഷേ, മറ്റേതൊരു സംസ്ഥാനത്തേക്കാളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവഹേളനവും അതിക്രമങ്ങളും ഏല്‍ക്കേണ്ടിവരുന്ന ഒരു സംസ്ഥാനമാണു കേരളം. ഏതുതരം ലൈംഗിക വൈകൃതവും ആസ്വദിക്കുന്നവര്‍ തന്നെയാണ് ലിംഗഭേദത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ ആക്രമിക്കുന്നത്. സ്വന്തം ജെന്‍ഡര്‍ ഏതാണെന്നു പ്രഖ്യാപിക്കാനും അതനുസരിച്ച് ജീവിക്കാനും സ്വന്തം കുടുംബത്തില്‍ പോലും അനുവാദമില്ലാത്തതും നമ്മുടെ കേരളത്തിലാണ്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതുപോലും തെറ്റായി കാണുന്നവര്‍ക്ക് ആണ്‍പെണ്‍ മനോനിലയിലേക്ക് മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നവരെ എങ്ങനെ അംഗീകരിക്കാനാവും? നിയമങ്ങളും കോടതി ഉത്തരവുകളും വന്നതുകൊണ്ടുമാത്രം മാറ്റങ്ങള്‍ ഉണ്ടാവണമെന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് മെംബറായ ശീതള്‍ശ്യാം വ്യക്തമാക്കുന്നു. ”ഇവിടെ സ്ത്രീപക്ഷ സംവാദങ്ങള്‍ സജീവമാണ്. സ്ത്രീകളുടെ പ്രശ്‌നം മാനുഷികപ്രശ്‌നമായാണു കാണുന്നതും കൈകാര്യം ചെയ്യുന്നതും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കാര്യത്തിലോ? അവര്‍ മനുഷ്യരല്ലേ, അവരുടെ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളല്ലേ?”എന്നും അവര്‍ ചോദിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാല്‍ ഒരു കുടയാണ്. അതിന്റെ കീഴില്‍ വരുന്നവരാണ് ബൈ സെക്ഷ്വലും ഹോമോ സെക്ഷ്വലും ഹെട്ടറോ സെക്ഷ്വലുമെല്ലാം. പക്ഷേ, ഇവിടെ എല്ലാത്തിനും ഒരു പേരാണ്. ലിംഗബോധത്തിലെ അപാകതയാണ് ഇതു കാണിക്കുന്നത്. പക്ഷേ, ട്രാന്‍സിനെ ആ അര്‍ഥത്തില്‍ മനസ്സിലാക്കാതെ അവരെ അവരുടെ ജന്മനായുള്ള ലിംഗനിര്‍ണയത്തിന്റെ പേരില്‍ അവഹേളിക്കുന്ന സ്വഭാവം മാറുകയില്ല എന്നും ശീതള്‍ പറയുന്നു.അതിശക്തമായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടത്തിയാണ് കേരളത്തില്‍ സ്വതന്ത്രമായി പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള അവകാശംപോലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേടിയെടുത്തിട്ടുള്ളത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നയം നടപ്പാക്കുന്നതില്‍ പോലിസ് വിമുഖത കാണിക്കുന്നത് എന്നതു പ്രധാന പ്രശ്‌നമാണ്. രാത്രി കാണുന്നവരൊക്കെ സെക്‌സ് വര്‍ക്കേഴ്‌സും പിടിച്ചുപറിക്കാരുമാണെന്ന സങ്കല്‍പമാണ് പോലിസിനുള്ളതെങ്കില്‍ ആണും പെണ്ണുമായി രാത്രിയില്‍ കാണുന്നവരെയൊക്കെ പോലിസ് മര്‍ദിക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്?കേരളത്തില്‍ 45000ലധികം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട് എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 35,000 പേര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തവരാണ്. എന്നാല്‍, മുമ്പു കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്, അല്ലെങ്കില്‍ അവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നതുപോലും അംഗീകരിക്കാത്ത പൊതുബോധമാണ് നിലനിന്നിരുന്നത്. സമൂഹം ഇന്ന് ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹമാണ്. സുസ്മിക്കും ജാസ്മിനും പിന്തുണ നല്‍കിക്കൊണ്ട്പതിവില്‍ നിന്ന് വ്യത്യസ്തമായി ധാരാളം പേര്‍ ആശുപത്രിയിലെത്തി. മാനാഞ്ചിറയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍തോതില്‍ ബഹുജനങ്ങള്‍ പങ്കെടുത്തു ഇതെല്ലാം വലിയ പ്രതീക്ഷയ്ക്കു വകനല്‍കുന്നു.  അധികൃതര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.                                  ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss