|    Nov 13 Tue, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജ. കെ എം ജോസഫ് സുപ്രിംകോടതിയിലേക്ക്‌; ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫ് സുപ്രിംകോടതി ജഡ്ജിയാവുന്നു. കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയാക്കാന്‍ സുപ്രിംകോടതി കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏഴുമാസത്തോളം പിടിച്ചുവച്ചശേഷമാണ് ജോസഫിന്റെ കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരിക്കുന്നത്. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ 16നാണ് മദ്രാസ്, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരിനൊപ്പം കെ എം ജോസഫിനെയും ചേര്‍ത്ത് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ഇതില്‍ കെ എം ജോസഫിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ മറ്റു രണ്ടുപേരുടെ നിയമനം അംഗീകരിച്ചതായി കഴിഞ്ഞദിവസം റിപോര്‍ട്ട് വന്നിരുന്നു. എന്നാല്‍, ജോസഫിന്റേതടക്കം മൂന്നു പേരുടെ നിയമനങ്ങളും കേന്ദ്രം അംഗീകരിച്ചതായാണ് പുതിയ വിവരം. കെ എം ജോസഫിനെ കൂടാതെ, ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി (മദ്രാസ് ഹൈക്കോടതി), വിനീത് ശരണ്‍ (ഒഡീഷ ഹൈക്കോടതി) എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. മൂവരുടെയും നിയമനം സംബന്ധിച്ച ഫയല്‍ കേന്ദ്ര നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി അയച്ചതായാണ് റിപോര്‍ട്ട്.
ജനുവരി ആദ്യമാണ് ജസ്റ്റിസ് ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ്, എ കെ സിക്രി എന്നിവരുള്‍പ്പെട്ട കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, മൂന്നു മാസത്തിനുശേഷം ഏപ്രില്‍ 25ന് ഇന്ദു മല്‍ഹോത്രയുടെ മാത്രം നിയമനം അംഗീകരിക്കുകയും ജോസഫിന്റെ നിയമനം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയതാണ് ഇതിനു കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 30ന് ജോസഫിന്റെ പേര് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. സീനിയോറിറ്റി പ്രശ്‌നവും ജസ്റ്റിസ് ജോസഫിന്റെ മാതൃകോടതിയായ കേരള ഹൈക്കോടതിക്ക് ആവശ്യമായ പ്രാതിനിധ്യം നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയ കൊളീജിയം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തു.
കൊളീജിയം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരിക്കല്‍ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവര്‍ത്തിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും അത് അംഗീകരിക്കണമെന്നാണു ചട്ടം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss