|    Feb 23 Thu, 2017 1:14 am
FLASH NEWS

ജ്വല്ലറി ഉടമയില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം: ആറു പ്രതികള്‍ അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

കിളിമാനൂര്‍: ജ്വല്ലറിപൂട്ടി വീട്ടിലേക്കു പോയ ഉടമയില്‍ നിന്ന് 91 ഗ്രാം സ്വര്‍ണവും 6,90,000 രൂപയും കവര്‍ന്ന സംഘത്തിലെ ആറുപേര്‍ പോലിസ് പിടിയില്‍. കേസിലെ മുഖ്യ ആസൂത്രകനായ കിളിമാനൂര്‍ സ്വദേശി സൗദിയിലേക്കു കടന്നു. കേസില്‍ ഇനിയും ചിലരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇതില്‍ ഒരാള്‍ പോലിസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ആലപ്പുഴ കായംകുളം പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കത്തില്‍ വിട്ടോബ എന്നു വിളിക്കുന്ന ഫൈസല്‍ (22), കായംകുളം ഭരണിക്കാവ് മാന്നാടിത്തടം മുണ്ടേലത്തു വീട്ടില്‍ സജിത്ത് സോമന്‍ (22), ഇവരുടെ കൂട്ടാളികളായ കായംകുളം പത്തിയൂര്‍ എരുവ ജിജീസ് വില്ലയില്‍ ആഷിക് (21), കിളിമാനൂര്‍ ചൂട്ടയില്‍ കോളനിയില്‍ കുന്നുവിള വീട്ടില്‍ ചേര എന്നു വിളിക്കുന്ന വിനോദ് (42), മൂവാറ്റുപുഴ രാമമംഗലം കിഴുമുറി എല്‍പിഎസിന് സമീപം കലാസാഗര്‍ വീട്ടില്‍ ഹരികൃഷ്ണ സാഗര്‍ (23), മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി ചിറമംഗലം ചട്ടിക്കല്‍ ഹൗസില്‍ സുജിത്ത് (23) എന്നിവരെയാണു പിടികൂടിയത്. റൂറല്‍ എസ്പി ഷെഫീന്‍ അഹ്മദ് നേതൃത്വം നല്‍കിയ ഷാഡോ പോലിസ് സംഘമാണു പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ മുഖ്യ ആസൂത്രകനായ കിളിമാനൂര്‍ സ്വദേശി പ്രമോദ് പ്രസന്നനാണു സൗദിയിലേക്ക് കടന്നത്. മറ്റൊരു പ്രതിയായ ചെങ്ങന്നൂര്‍ മാന്നാര്‍ പുത്തന്‍പുരയില്‍ ഷംസുദ്ദീന്‍ ഇപ്പോള്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരുവല്ല കാവുംഭാഗം തെക്കേടത്ത് തുണ്ടില്‍ ജോബി മാത്യു ഒളിവിലാണ്. കഴിഞ്ഞ ഒന്നിന് കിളിമാനൂരില്‍ പൂങ്കാവനം ജ്വല്ലറി ഉടമ സൈനുലാബിദീന്‍ ജ്വല്ലറി പൂട്ടി പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി കാറിനടുത്തേക്കു പോവുമ്പോള്‍ പള്‍സര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ബാഗ് പിടിച്ചുപറിച്ചു കടന്നുകളയുകയായിരുന്നു. കിളിമാനൂരില്‍ നിരീക്ഷണ കാമറകളുണ്ടെങ്കിലും അതു പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കായംകുളം സ്വദേശികളായ പ്രതികള്‍ കിളിമാനൂര്‍ സ്വദേശികളായ പ്രമോദ് പ്രസന്നനും വിനോദുമായുള്ള സൗഹൃദത്തിലൂടെയാണു കവര്‍ച്ചയ്ക്കു പദ്ധതി തയ്യാറാക്കിയത്. പ്രതികളായ ഫൈസല്‍, സജിത്ത്, ആഷിക് എന്നിവര്‍ പ്രമോദ്, വിനോദ് എന്നിവരുടെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. ഫൈസല്‍, സജിത്ത്, ആഷിക് എന്നിവര്‍ കായംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 20ഓളം കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ ആറു മാസമായി ഇവര്‍ ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തുവരികയായിരുന്നു. കവര്‍ച്ച നടക്കുന്നതിനു മൂന്നാഴ്ച മുമ്പും ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കവര്‍ച്ചയ്ക്കു ശേഷം ബൈക്കില്‍ ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട ഫൈസല്‍, സജിത്ത് സോമന്‍ എന്നിവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളൂരുവിലെ ലേക്ക് റോഡില്‍ താമസിച്ചുവരികയായിരുന്നു. കവര്‍ച്ച ചെയ്ത പണം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചത്. കവര്‍ന്ന സ്വര്‍ണം വില്‍പ്പനയ്ക്കായി ഷംസുദ്ദീന്‍, ജോബി മാത്യു എന്നിവരെയാണ് ഏല്‍പ്പിച്ചിരുന്നത്. വിറ്റുകിട്ടിയ പണം വാങ്ങാന്‍ പ്രതികള്‍ തിരുവല്ലയില്‍ എത്തിയപ്പോള്‍ പോലിസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നു ബാക്കിയുണ്ടായിരുന്ന 19 പവന്‍ സ്വര്‍ണവും 3,60,000 രൂപയും കണ്ടെടുത്തിട്ടുണ്ടന്നും പോലിസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഷംസുദ്ദീനും ജോബി മാത്യുവും ചേര്‍ന്നു കോയമ്പത്തൂരുള്ള ഒരു ജ്വല്ലറിയിലാണു 13 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വിറ്റത്. നാലു ലക്ഷം രൂപ ജോബിയുടെ സുഹൃത്തായ ജിജി വര്‍ഗീസ് എന്നയാളുടെ കങ്ങഴയുള്ള എസ്ബിഐ അക്കൗണ്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.  ഷംസുദ്ദീന്‍, ജോബി എന്നിവര്‍ തിരുവല്ല മാന്നാര്‍ എന്നിവിടങ്ങളിലെ രണ്ടു കൊലക്കേസുകളില്‍ പ്രതികളാണ്. ഫൈസല്‍, ആഷിക് എന്നിവര്‍ കായംകുളം പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ ഉള്‍പ്പെടെ പ്രതികളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക