|    Jan 21 Sat, 2017 4:29 pm
FLASH NEWS

ജ്യേഷ്ഠന്റെ ദുരൂഹ മരണം; നീതി തേടിയുള്ള ശ്രീജിത്തിന്റെ സമരം 243ാം ദിവസത്തിലേക്ക്

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: കൂടപ്പിറപ്പിന്റെ ദുരൂഹ മരണത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അനുജന്റെ ഒറ്റയാള്‍ പോരാട്ടം 243ാം ദിനത്തിലേക്ക്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍പുത്തന്‍വീട്ടില്‍ ശ്രീജിത്താണ് ജ്യേഷ്ഠന്‍ ശ്രീജീവിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്നത്.
ശ്രീജീവ് 2014 മെയ് 21ന് വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പോലിസ് നിഗമനം. ശ്രീജീവ് ആത്മഹത്യചെയ്യില്ലെന്നും കസ്റ്റഡി മരണമാണെന്നും ചൂണ്ടിക്കാട്ടി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇളയ സഹോദരന്‍ ശ്രീജിത്ത് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. 2014 മെയ് 19ന് രാത്രി 11.30ന് പൂവാറില്‍നിന്നു പാറശ്ശാല പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിക്കുകയായിരുന്നു.
സംഭവം ആത്മഹത്യയായി ചിത്രീകരിച്ചു കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച ശ്രീജീവിന്റെ മരണം, പോലിസ് മര്‍ദനമേറ്റാണെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
പാറശ്ശാല സിഐ ആയിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ് എന്നിവര്‍ക്കു ശ്രീജിവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് അതോറിറ്റി കണ്ടെത്തുകയും ചെയ്തു. നഷ്ടപരിഹാരത്തുക കുറ്റക്കാരില്‍നിന്ന് ഈടാക്കി ശ്രീജിവിന്റെ അമ്മ രമണി, സഹോദരന്‍ ശ്രീജിത്ത് എന്നിവര്‍ക്കു നല്‍കണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ശുപാര്‍ശ വന്ന് 11 ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും വാക്കാലുള്ള ഉറപ്പ് മാത്രമാണ് ലഭിച്ചത്. കുറ്റക്കാരെ ശിക്ഷിക്കാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക